സ്‌കൂളില്‍ വെടിയുതിര്‍ത്ത പന്ത്രണ്ടുവയസുകാരി പോലീസ് കസ്റ്റഡിയില്‍

single-img
2 February 2018

യുഎസിലെ ലോസ് ആഞ്ചലസിലെ സ്‌കൂളില്‍ വെടിയുതിര്‍ത്ത പന്ത്രണ്ടുവയസുകാരി പോലീസ് കസ്റ്റഡിയിലായി. കുട്ടിയില്‍നിന്നും പോലീസ് ആയുധവും പിടിച്ചെടുത്തു. വെടിവയ്പില്‍ കൗമാരക്കാരായ രണ്ടു വിദ്യാര്‍ഥികള്‍ക്ക് ഗുരുതര പരിക്കേറ്റു.

വെസ്റ്റ്‌ലേക് ജില്ലയിലെ സാല്‍വദോര്‍ കാസ്‌ട്രോ മിഡില്‍ സ്‌കൂളിലായിരുന്നു സംഭവം. പതിനഞ്ചുവയസുള്ള ആണ്‍കുട്ടിക്കും പെണ്‍കുട്ടിക്കുമാണ് ഗുരുതര പരിക്കേറ്റത്. ആണ്‍കുട്ടിയുടെ തലയിലും പെണ്‍കുട്ടിയുടെ കണങ്കൈയിലുമാണ് വെടിയേറ്റത്.

ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പതിനൊന്നിനും 33 വയസിനും ഇടയില്‍ പ്രായമുള്ള മൂന്നു പേര്‍ക്കു നിസാരപരിക്കേറ്റു. വെടിവയ്പിനുണ്ടായ കാരണം എന്തെന്ന് പോലീസ് വെളിപ്പെടുത്തിയിട്ടില്ല. സഹപാഠികളോടുള്ള പ്രതികാരമാണ് കാരണമെന്ന് മറ്റ് വിദ്യാര്‍ത്ഥികള്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

വിദ്യാര്‍ത്ഥിനിക്ക് തോക്ക് കിട്ടിയത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പോലീസ് അന്വേഷിച്ചു വരുന്നുണ്ട്. അമേരിക്കയില്‍ സ്‌കൂളിലുണ്ടാവുന്ന വെടിവെയ്പ്പ് സംഭവങ്ങളില്‍ കടുത്ത ജാഗ്രത പുലര്‍ത്താന്‍ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.