ഖത്തറിലെ പ്രവാസികള്‍ക്കും നിത്യോപയോഗ സാധനങ്ങള്‍ ‘റേഷനായി’ ലഭിക്കും

single-img
2 February 2018

ദോഹ: സ്വദേശികള്‍ക്ക് മാത്രം നല്‍കി വന്നിരുന്ന ഖത്തറിലെ പൊതുവിതരണ സംവിധാനത്തില്‍ പ്രവാസികളെ കൂടി ഉള്‍പ്പെടുത്താന്‍ സെന്‍ട്രല്‍ മുന്‍സിപ്പല്‍ കൗണ്‍സിലിന്റെ നിര്‍ദ്ദേശം. ഈ നിര്‍ദ്ദേശം സര്‍ക്കാര്‍ അംഗീകരിച്ചാല്‍ സ്വദേശികള്‍ക്ക് മാത്രം ലഭിച്ചിരുന്ന നിത്യോപയോഗ സാധനങ്ങള്‍ പ്രവാസികള്‍ക്കും റേഷനായി ലഭിക്കും.

ഇതുകൂടാതെ ഇപ്പോള്‍ ലഭ്യമായ ഭക്ഷണ സാധനങ്ങള്‍ക്കൊപ്പം കൂടുതല്‍ കാര്യങ്ങള്‍ ഉള്‍പ്പെടുത്താനും മുന്‍സിപ്പല്‍ കൗണ്‍സില്‍ നിര്‍ദ്ദേശിച്ചു. പാചക എണ്ണ, ധാന്യപ്പൊടി, പഞ്ചസാര, പാല്‍ എന്നിവയാണു റേഷന്‍ സമ്പ്രദായത്തിലൂടെ ഖത്തറില്‍ സ്വദേശികള്‍ക്ക് ലഭിച്ചിരുന്ന നിത്യോപയോഗ സാധനങ്ങള്‍.

ഇതോടൊപ്പം ഫ്രോസന്‍ ചിക്കന്‍, കുട്ടികള്‍ക്കുള്ള പാല്‍ തുടങ്ങിയവയും ഇതില്‍ ഉള്‍പ്പെടുത്തണമെന്നാണു നിര്‍ദ്ദേശം. നിത്യോപയോഗ സാധനങ്ങള്‍ക്കു വില വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണു പ്രവാസികളെ കൂടി പൊതു വിതരണ സമ്പ്രദായത്തില്‍ ഉള്‍പ്പെടുത്തണമെന്ന നിര്‍ദ്ദേശം മുന്‍സിപ്പല്‍ കൗണ്‍സില്‍ മുന്നോട്ടു വച്ചത്.

പ്രവാസികള്‍ അനുഭവിക്കുന്ന ഭാരം കുറക്കാന്‍ ഇതു സഹായിക്കുമെന്ന് മുന്‍സിപ്പല്‍ കൗണ്‍സില്‍ അംഗം ഖാലിദ് അബ്ദുല്ല അല്‍ ഖാലി അറയിച്ചു. ഖത്തറിലെ പൊതു പാര്‍ക്കുകളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന സുരക്ഷ സംവിധാനങ്ങള്‍ ശക്തമാക്കുന്നതിനം മുന്‍സിപ്പല്‍ കൗണ്‍സില്‍ ശുപാര്‍ശ ചെയ്തു.