ഏപ്രില്‍ മുതല്‍ പ്രവാസി ചിട്ടി നിലവില്‍ വരും: ചിട്ടിയില്‍ ചേരുന്നവര്‍ക്ക് പെന്‍ഷന്‍

single-img
2 February 2018

തിരുവനന്തപുരം: വിഭവ സമാഹരണത്തിനായി ഏപ്രില്‍ മുതല്‍ കെ.എസ്.എഫ്.ഇയുടെ ഭാഗമായി പ്രവാസി ചിട്ടി നിലവില്‍ വരുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. ഇതിനുള്ള ഓണ്‍ലൈന്‍ സംവിധാനം തയ്യാറായിക്കഴിഞ്ഞു. ചിട്ടിയില്‍ ചേരുന്നുവര്‍ക്ക് അപകട ഇന്‍ഷൂറന്‍സും നിബന്ധനകള്‍ക്ക് വിധേയമായി പെന്‍ഷനും അനുവദിക്കുമെന്ന് ധനമന്ത്രി ചൂണ്ടിക്കാട്ടി.

ബജറ്റ് അവതരണത്തിനിടെയാണ് ധനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. വിദേശ മലയാളികള്‍ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപമാര്‍ഗം സ്വീകരിക്കുന്നുണ്ട്. അത് ചിട്ടിയിലൂടെ പ്രോത്സാഹിപ്പിക്കാന്‍ ശ്രമിക്കും. നിക്ഷേപം ചിട്ടിയായി തിരഞ്ഞെടുത്താല്‍ വിഭവ സമാഹരണത്തിന് സര്‍ക്കാരിന് ഒരു ബുദ്ധിമുട്ടുമുണ്ടാകില്ലെന്നും ധനമന്ത്രി പറഞ്ഞു.

ബജറ്റില്‍ പാവങ്ങളുടെ ആനുകൂല്യങ്ങള്‍ക്കും സഹായങ്ങള്‍ക്കുമാണ് പ്രഥമ പരിഗണന നല്‍കുന്നതെന്നും ഐസക് പറഞ്ഞു. ഇതിനായി മുന്‍പുതന്നെ പ്രഖ്യാപിക്കപ്പെട്ട സമ്പൂര്‍ണ സാമൂഹ്യസുരക്ഷാ പദ്ധതി 2018-19 വര്‍ഷം നടപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

എല്ലാവര്‍ക്കും നല്ല ഭക്ഷണം ഉറപ്പുവരുത്തുന്നതിനായി ഭക്ഷ്യസുരക്ഷാ നിയമം ഫലപ്രദമായി നടപ്പാക്കും. റേഷന്‍ മുന്‍ഗണനാ ലിസ്റ്റില്‍ അര്‍ഹരായവരെ ഉള്‍പ്പെടുത്തുന്നതിനും അനര്‍ഹരെ ഒഴിവാക്കുന്നതിനുമുള്ള പ്രവര്‍ത്തനം ഉടന്‍ പൂര്‍ത്തിയാക്കും. ഭക്ഷ്യ സബ്‌സിഡി 954 കോടി വകയിരുത്തും. തിരഞ്ഞെടുത്ത റേഷന്‍ കടകളെ മാര്‍ജിന്‍ ഫ്രീ പലചരക്ക് കടകളാക്കി മാറ്റും. വിശപ്പ് രഹിതം പദ്ധതി കേരളത്തില്‍ വ്യാപിപ്പിക്കുന്നതിനായി 20 കോടിയുടെ പദ്ധതി നടപ്പാക്കും. ഇ

നൂറു ശതമാനം പാര്‍പ്പിടം എന്ന സ്വപ്നം യാഥാര്‍ഥ്യമാക്കുന്നതിനായി ലൈഫ് പാര്‍പ്പിട പദ്ധതിക്കായി 2500കോടി വകയിരുത്തും. 4 ലക്ഷം രൂപയുടെ വീട് ഭവനരഹിതര്‍ക്ക് വീട് നിര്‍മിച്ചു നല്‍കും. പിഎംഎവൈ പദ്ധതിയില്‍ ഉള്‍പ്പെടുന്ന വീടുകള്‍ക്ക് 2 ലക്ഷം രൂപയും മറ്റുള്ളവയ്ക്ക് ഒരു ലക്ഷവും സര്‍ക്കാര്‍ ധനസഹായം നല്‍കും. ബാക്കി തുക തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ കണ്ടെത്തണം. ഭൂരഹിതര്‍ക്ക് ഫ്‌ളാറ്റ് അടിസ്ഥാനത്തിലുള്ള താമസ സൗകര്യം ഏര്‍പ്പെടുത്തും.

കിഫ്ബിയുടെ സഹായത്തോടെ മെഡിക്കല്‍ കോളേജിലും ജില്ലാ താലൂക്ക് ആസുപത്രികളിലും ചികിത്സാ സൗകര്യം മെച്ചപ്പെടുത്താന്‍ സാധിച്ചിട്ടുണ്ട്. കേരളത്തിന്റെ ആരോഗ്യചികിത്സാ രംഗത്തിന്റെ മാറിക്കൊണ്ടിരിക്കുകയാണ്. എല്ലാ മെഡിക്കല്‍ കോളേജിലും ഓങ്കോളജി വിഭാഗം ആരംഭിക്കും.

മലബാര്‍ കാന്‍സര്‍ സെന്ററിനെ ആര്‍ സിസി നിലവാരത്തിലേക്ക് ഉയര്‍ത്തും. കൊച്ചിയില്‍ ഈ നിലവാരത്തിലുള്ള പുതിയ കാന്‍സര്‍ സെന്റര്‍ ആരംഭിക്കും. ഇതോടെ 80 ശതമാനം കാന്‍സര്‍ രോഗികള്‍ക്കും പൊതു മേഖലയില്‍ ചികിത്സ നല്‍കാന്‍ സാധിക്കും.

ജീവിത ശൈലീ രോഗങ്ങളെ ചെറുക്കുന്നതിന് ജനകീയാരോഗ്യ പദ്ധതി ആവിഷ്‌കരിക്കും. ഭാഗ്യക്കുറിയുടെ ലാഭം പൂര്‍ണമായും ആരോഗ്യ പദ്ധതിക്കായി വിനിയോഗിക്കും. ഇന്ത്യയില്‍ ആദ്യമായി സാര്‍വ്വത്രിക ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തുന്ന സംസ്ഥാനമായി കേരളം മാറുമെന്നും മന്ത്രി പറഞ്ഞു.

ഇന്ത്യയില്‍ ദേശീയ ആരോഗ്യ സുരക്ഷാ പദ്ധതി പ്രഖ്യാപിച്ചതിന് പിന്നാലെ കേരളവും സാര്‍വത്രിക ആരോഗ്യ സുരക്ഷാ പദ്ധതി പ്രഖ്യാപിച്ചു. ഈ പദ്ധതി നടപ്പാക്കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി കേരളം മാറുമെന്ന് ധനമന്ത്രി ഡോ.തോമസ് ഐസക് ബഡ്ജറ്റ് അവതരിപ്പിച്ചുകൊണ്ട് പറഞ്ഞു.

ആര്‍.എസ്.ബി.ഐ പദ്ധതിയുള്ളവരുടെ കേന്ദ്ര ഇന്‍ഷുറന്‍സ് പ്രീമിയം വേണ്ടി വന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ അടയ്ക്കും. മറ്റുള്ളവര്‍ക്ക് സ്വന്തം നിലയ്ക്ക് പ്രീമിയം അടച്ച് പദ്ധതിയില്‍ ചേരാമെന്നും മന്ത്രി പറഞ്ഞു. പദ്ധതി നടപ്പാക്കുന്നതിനുള്ള വിഭവസമാഹരണം ലോട്ടറി വഴിയായിരിക്കും കണ്ടെത്തുകയെന്നും മന്ത്രി വ്യക്തമാക്കി.

പ്രഖ്യാപനങ്ങള്‍

*സമഗ്ര കാന്‍സര്‍ ചികിത്സാ പദ്ധതി നടപ്പാക്കും
*പ്രവാസികള്‍ക്ക് മസാല ബോണ്ട് നടപ്പാക്കും
*സമ്പൂര്‍ണ പാര്‍പ്പിട പദ്ധതിക്ക് 2500 കോടി
*തിരഞ്ഞെടുക്കപ്പെടുന്ന റേഷന്‍കടകളെ മാര്‍ജിന്‍ ഫ്രീ മാര്‍ക്കറ്റുകളാക്കും
*വിശപ്പ് രഹിത പദ്ധതിക്ക് 20 കോടി
*വിപണി ഇടപെടലിന് 260 കോടി
*ഭക്ഷ്യസുരക്ഷയ്ക്ക് 900 കോടി, ഭക്ഷ്യസുരക്ഷാ നിയമം നടപ്പിലാക്കാന്‍ 31 കോടി
*കോഴിത്തീറ്റ ഫാക്ടറിക്ക് 20 കോടി
*കിഫ്ബിയില്‍ ചേരുന്നവര്‍ക്ക് നിബന്ധനകളോടെ പെന്‍ഷനും അപകട ഇന്‍ഷ്വറന്‍സും
*സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍നുകള്‍ മുടങ്ങില്ല
*പദ്ധതിച്ചെലവ് 22 ശതമാനം കൂടി, പദ്ധതിയേതരചെലവ് 24 ശതമാനം കൂടി
*സാന്പത്തിക അച്ചടക്കം അനിവാര്യം, റവന്യൂ കമ്മി 3% ആയി നിലനിറുത്തും
*നികുതി വരുമാനം കുറഞ്ഞു, 14 ശമതാനം മാത്രം, നികുതി വരുമാനം 86,000 കോടി
*4.21 ലക്ഷം പേര്‍ക്ക് നാല് ലക്ഷം രൂപയുടെ വീട്
*തീരദേശത്തിനായി ഡി.പി.ആര്‍ തയ്യാറാക്കാന്‍ 10 കോടി രൂപ
*ജി.എസ്.ടി നിരാശപ്പെടുത്തി, നേട്ടം കിട്ടിയത് വന്‍കിട കമ്പനികള്‍ക്ക്
*തീരദേശ സ്‌കൂളുകള്‍ നവീകരിക്കും
*തീരദേശ മേഖലയില്‍ സൗജന്യ വൈഫൈ
*തുറമുഖ വികസനത്തിന് 584 കോടി
*നോട്ട് നിരോധനം ഓഖി ചുഴലിക്കാറ്റുപോലെ സമ്പദ്വ്യവസ്ഥയെ തകര്‍ത്തു
*കിഫ്ബി വഴി 900 കോടി സമാഹരിക്കും
*തീരദേശത്തെ 50 മീറ്റര്‍ പരിധിയിലുള്ള കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കാന്‍ 150 കോടി
*മത്സ്യമേഖലയ്ക്ക് 600 കോടി
*തീരദേശത്തിന് 2000 കോടിയുടെ പാക്കേജ്
*ലിംഗസമത്വം ഉറപ്പാക്കും