സംസ്ഥാന ബജറ്റ്: പ്രവാസികള്‍ക്കായി അനുവദിച്ചത് റെക്കോഡ് തുക

single-img
2 February 2018

പ്രവാസി മേഖലയ്ക്ക് ഉത്തേജനം നല്‍കി സംസ്ഥന ബജറ്റ്. എക്കാലത്തെയും റെക്കോര്‍ഡ് തുകയാണ് പ്രവാസി ക്ഷേമത്തിനായി നടപ്പു സാമ്പത്തിക വര്‍ഷത്തെ ബജറ്റില്‍ ധനമന്ത്രി തോമസ് ഐസക് വകയിരുത്തിയത്. പ്രവാസി ക്ഷേമത്തിനായി 80 കോടി രൂപയാണ് പ്രഖ്യാപിച്ചത്.

വിദേശത്തുനിന്നും തിരിച്ചുവരുന്ന പ്രവാസികളെ സഹായിക്കാനായി 16 കോടി രൂപയും നീക്കിവച്ചു. നോര്‍ക്കാ റൂട്ട്‌സിന്റെ നേതൃത്വത്തില്‍ ജോബ് പോര്‍ട്ടല്‍ സ്ഥാപിക്കാനായി 17 കോടി രൂപ നല്‍കുമെന്ന് ധനമന്ത്രി തോമസ് ഐസക് പ്രഖ്യാപിച്ചു. കെഎസ്എഫ്ഇയുടെ പ്രത്യേക എന്‍ആര്‍ഐ ചിട്ടി മാര്‍ച്ച്–ഏപ്രില്‍ കാലയളവില്‍ ആരംഭിക്കും.

ചിട്ടിക്ക് പലിശയ്ക്കു പകരം ലാഭവിഹിതമാകും ലഭ്യമാക്കുക. ചിട്ടിയില്‍ അംഗങ്ങളാകുന്നവര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷയും പെന്‍ഷനും നല്‍കാനും പദ്ധതിയുണ്ട്. ചിട്ടിയിലൂടെ നാടിന്റെ വികസനത്തില്‍ എന്‍ആര്‍ഐകളുടെ പങ്കാളിത്തത്തിനാണു ലക്ഷ്യമിടുന്നത്.

ലോക മലയാളികളെ കേരളവുമായി ബന്ധിപ്പിക്കുന്ന ലോക കേരള സഭയ്ക്ക് കൂടുതല്‍ തുക അനുവദിക്കും. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ് ലൈന്‍ സംവിധാനവും നടപ്പാക്കും. പ്രവാസികളുടെ ഓണ്‍ലൈന്‍ ഡേറ്റാ ബേസ് തയാറാക്കാന്‍ പദ്ധതിയുള്ളതായി ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ സൂചിപ്പിച്ചു.

പ്രവാസികളുടെ ഓണ്‍ലൈന്‍ ഡേറ്റാ ബേസ് തയാറാക്കുമെന്ന് കഴിഞ്ഞ ബജറ്റിലും പ്രഖ്യാപനമുണ്ടായിരുന്നു. നടപ്പാക്കാത്ത ആ പ്രഖ്യാപനത്തിന്റെ ആവര്‍ത്തനമാണ് ഈ ബജറ്റിലും ഉണ്ടായിരിക്കുന്നത്.