സംസ്ഥാനത്ത് പെട്രോളിന്റെ വില 77 രൂപ: ഇന്ധന വില വര്‍ധനയില്‍ മോദി സര്‍ക്കാരിന്റെ കള്ളക്കളി

single-img
2 February 2018


തിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോളിന്റെ വില ഇന്നും വര്‍ധിച്ചു. പെട്രോളിന് അഞ്ച് പൈസ വര്‍ധിച്ച് 77.02 രൂപയായി. അതേസമയം ഡീസലിന്റെ വിലയില്‍ മാറ്റമില്ല. ഡീസലിന് 69.58 രൂപയാണ്. വ്യാഴാഴ്ച കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്‌ലി അവതരിപ്പിച്ച ബജറ്റിലും പെട്രോളിന്റെയും ഡീസലിന്റെയും വിലയോ നികുതിയോ കുറച്ചിരുന്നില്ല.

ജെയ്റ്റ്‌ലി പെട്രോള്‍ ഡീസല്‍ വില്‍പ്പന നികുതിയില്‍ എട്ടുരൂപയോളം കുറവു വരുത്തിയെങ്കിലും ഇന്ധനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ പുതിയതായി റോഡ് സെസ് ഏര്‍പ്പെടുത്തി ജനങ്ങള്‍ക്ക് ലഭിക്കുമെന്ന് കരുതിയ ഗുണഫലം ഇല്ലാതാക്കുകയായിരുന്നു.

പെട്രോള്‍, ഡീസല്‍ ഇന്ധനങ്ങള്‍ക്ക് അടിസ്ഥാന എക്‌സൈസ് നികുതിയില്‍ രണ്ടുരൂപ കുറച്ചതിന് പുറമെ ഇവയ്ക്ക് മേല്‍ ഏര്‍പ്പെടുത്തിയിരുന്ന അഡീഷണല്‍ എക്‌സൈസ് നികുതി എടുത്തുകളയുകയുമായിരുന്നു പൊതുബജറ്റ്. ആറുരൂപയായിരുന്നു ഇത്തരത്തില്‍ ഈടാക്കിയിരുന്നത്.

റോഡ് സെസ്സായി ലിറ്ററിന് എട്ടുരൂപയാണ് ബജറ്റില്‍ ഏര്‍പ്പെടുത്തിയത്. ഫലത്തില്‍ ഒരു നികുതി കുറച്ച് മറ്റൊരു നികുതി ഏര്‍പ്പെടുത്തുകയാണ് ധനമന്ത്രി ചെയ്തിരിക്കുന്നത്. പെട്രോള്‍ വില കുറയ്ക്കുമെന്ന വാഗ്ദാനവുമായി അധികാരത്തിലെത്തിയ മോദി സര്‍ക്കാര്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയാകുമ്പോഴേക്കും റെക്കോര്‍ഡ് വിലയിലേക്കാണ് പെട്രോളിയം ഉത്പ്പന്നങ്ങള്‍ എത്തിയത്.

പെട്രോള്‍, ഡീസല്‍ വിലകള്‍ അനുദിനം, ദുസ്സഹമാം വിധം കുതിക്കുമ്പോള്‍ അതിനു ന്യായീകരണമായി പറയുന്നത് ക്രൂഡ് ഓയിലിന്റെ വില കയറ്റമാണ്. ഇന്ത്യയിലെ എണ്ണ വിതരണ കമ്പനികളുടെ ക്രൂഡ് ഇറക്കുമതി ചെലവ് ഉയര്‍ന്നതാണ് വില ഉയര്‍ത്തേണ്ട സാഹചര്യം ഉണ്ടാക്കിയതെന്ന ന്യായം പ്രത്യക്ഷത്തില്‍ ശരിയെന്ന് ആര്‍ക്കും തോന്നും.

കേന്ദ്ര സര്‍ക്കാരിനെ നയിക്കുന്ന പാര്‍ട്ടിയുടെ നേതാക്കള്‍ സകല ശക്തിയുമെടുത്തു ഈ ന്യായീകരണത്തെ അടിവരയിട്ട് ഉറപ്പിക്കുന്നു. എന്നാല്‍ പ്രതികൂല സാഹചര്യമാണെന്ന് പറയുമ്പോഴും എണ്ണക്കമ്പനികളുടെ ലാഭം ഇരട്ടിക്കുകയുമാണ്. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ പ്രഖ്യാപിച്ച മൂന്നാം പാദ പ്രവര്‍ത്തനഫലത്തില്‍ ഏഴായിരത്തി എണ്ണൂറ്റി എണ്‍പത്തിമൂന്ന് കോടി രൂപയാണ് ലാഭം.

ഇതെങ്ങനെ സംഭവിക്കുന്നു എന്നു നോക്കാം. ക്രൂഡോയിലിന് വില കൂടൂന്നുണ്ടെങ്കിലും ഡോളറിന്റെ വില കുറയുകയാണെന്ന വസ്തുത മറച്ചുവയ്ക്കുകയാണ് സര്‍ക്കാര്‍. ഡോളറിലാണ് ക്രൂഡ് ഓയില്‍ വാങ്ങുന്നതിന്റെ ഇടപാടുകള്‍ തീര്‍ക്കുന്നത്. ഇപ്പോഴാകട്ടെ ഡോളറിന്റെ വില കുത്തനെ ഇടിഞ്ഞ് ഏകദേശം 63 രൂപയിലെത്തി നില്‍ക്കുകയാണ്.

അതായതു അന്താരഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഉയരുന്ന സാഹചര്യത്തിലും രൂപ ഡോളര്‍ വിനിമയ മൂല്യത്തില്‍ വന്ന കുറവു മൂലം ഇറക്കുമതി ചെലവ് അതിഭീമമായി ഉയര്‍ന്നിട്ടില്ല എന്ന് സാരം. 2013 ലാണ് ക്രൂഡ് ഇറക്കുമതിക്ക് ഏറ്റവും കൂടുതല്‍ ചെലവ് വേണ്ടി വന്നത്.

ആ വര്‍ഷം ജൂണില്‍ ഡോളര്‍ മൂല്യം സര്‍വകാല റെക്കോര്‍ഡ് രേഖപ്പെടുത്തി, 69 രൂപ. ക്രൂഡോയിലിനാകട്ടെ ബാരലിന് 100 ഡോളറിനും 120 ഡോളറിനും ഇടയ്ക്കായിരുന്നു. ക്രൂഡ് വിലയും ഡോളര്‍വിലയും ഉയര്‍ന്നുനിന്ന 2013ല്‍ ഡീസല്‍ വില ലീറ്ററിന് ശരാശരി 52 രൂപയായിരുന്നു.

ഇപ്പോള്‍ ക്രൂഡ് വില 70 ഡോളറും ഡോളര്‍ മൂല്യം 63 രൂപയുമായിരിക്കെ ഡീസല്‍ വില ലിറ്ററിന് 69 രൂപ 42 പൈസ. മറ്റൊരു വസ്തുത, മുന്‍കൂട്ടി നിശ്ചയിച്ച കരാറിലെ വിലയിലാണ് ക്രൂഡിന്റെ ഇറക്കുമതി. അല്ലാതെ അന്നന്നത്തെ അവധി വ്യാപാര വിലയുടെ അടിസ്ഥാനത്തിലല്ല.

ഈ വില തത്സമയ വിപണി വിലയേക്കാള്‍ കുറവായിരിരിക്കും. അതുകൊണ്ട് ഡോളറിന്റെ കുറഞ്ഞ വിലയും നേരത്തെ നിശ്ചയിച്ച കരാറിലെ വിലയും പരിഗണിക്കുമ്പോള്‍ എണ്ണ കമ്പനികള്‍ നല്‍കേണ്ടിവരുന്ന വില ബാരലിന് മിക്കവാറും 60 ഡോളറിനടുത്തായിരിക്കും. ഈ വസ്തുത പൊതുജനത്തില്‍ നിന്ന് മറച്ചുവയ്ക്കുകയാണ് സര്‍ക്കാര്‍.

വിലനിര്‍ണ്ണയാവകാശം എണ്ണ കമ്പനികള്‍ക്ക് വിട്ടുകൊടുത്തതോടെ കേന്ദ്രത്തിനു ഒന്നും ചെയ്യാന്‍ കഴിയില്ല എന്നാണ് ബി ജെ.പി നേതാക്കള്‍ എവിടെയും വാദിച്ചുറപ്പിക്കാന്‍ ശ്രമിക്കുന്നത്. പൊതുമേഖലാ എണ്ണ കമ്പനികളുടെ ഉടമകള്‍ കേന്ദ്ര സര്‍ക്കാരും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മറ്റു കമ്പനികളുമാണ്.

ഇവയുടെ മൊത്തം ഓഹരികളില്‍ മഹാഭൂരിപക്ഷം സര്‍ക്കാരിന്റേതാണ്. ഈ കമ്പനികളുടെ ചെയര്‍മാന്‍, മാനേജിങ് ഡയറക്ടര്‍, എന്നിവരെ തിരഞ്ഞെടുക്കുന്നതും സര്‍ക്കാരാണ്. ബോര്‍ഡിലെ ഭൂരിപക്ഷം അംഗങ്ങളും സര്‍ക്കാര്‍ പ്രതിനിധികളാണ്. എന്നാല്‍ കേന്ദ്ര മന്ത്രിമാര്‍ ആവര്‍ത്തിച്ചു പറയുന്നത് കമ്പനികളുടെ തീരുമാനത്തില്‍ തങ്ങള്‍ക്ക് ഒരു റോളും ഇല്ലെന്നാണ്. ശുദ്ധ അസംബന്ധമാണ് ഇതെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്.