ഭൂമിയുടെ ന്യായവിലയില്‍ 10 ശതമാനം വര്‍ദ്ധന: ഭൂനികുതി കൂട്ടി

single-img
2 February 2018

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് വര്‍ഷത്തിനു ശേഷം ഭൂമിയുടെ ന്യായവില ഉയര്‍ത്തി. പത്ത് ശതമാനം വര്‍ദ്ധനയാണ് വരുത്തിയിരിക്കുന്നത്. ഇതോടൊപ്പം സേവനങ്ങള്‍ക്കുള്ള ഫീസല്‍ അഞ്ച് ശതമാനത്തിന്റേയും വര്‍ദ്ധന വരുത്തിയിട്ടുണ്ട്. കടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള മാര്‍ഗം എന്ന നിലയിലാണ് ന്യായവില വര്‍ദ്ധിപ്പിച്ചത്.

ഭൂവില കുറച്ചു കാണിച്ച് രജിസ്റ്റര്‍ ചെയ്ത കേസുകള്‍ തീര്‍പ്പുകല്‍പ്പിക്കുന്നതിന് പ്രത്യേക പദ്ധതി ആവിഷ്‌കരിക്കും. കുറവു മുദ്രവില 5000 വരെയുള്ളവയ്ക്ക് പൂര്‍ണ ഇളവു നല്‍കും. ഭൂവില കുറച്ചു കാണിച്ച് രജിസ്റ്റര്‍ ചെയ്തതിന് 2010ന് മുന്‍പുവരെ 10 ലക്ഷത്തിലേറെ കേസുകളുണ്ട്.

ബാക്കിയുള്ളവയ്ക്ക് മുദ്രവിലയുടെ 30 ശതമാനം അടച്ചാല്‍ തുടര്‍ നടപടികള്‍ ഒഴിവാക്കും. 300 കോടി രൂപയാണ് ഇതില്‍നിന്ന് അധികവരുമാനം പ്രതീക്ഷിക്കുന്നത്. ഫ്‌ളാറ്റ് ഒഴികെയുള്ള കെട്ടിടങ്ങള്‍ക്ക് ആദായനികുതി നിയമപ്രകാരം വിലനിശ്ചയിക്കാന്‍ മാര്‍ഗനിര്‍ദേശം പുറപ്പെടുവിക്കും.

ഭൂമിയുടെ നിലവിലുള്ള ന്യായവില 10 ശതമാനം വര്‍ധിപ്പിക്കുന്നത്, ന്യായവിലയും വിപണിവിലയും തമ്മില്‍ നിലവിലുള്ള അന്തരം കുറയ്ക്കുന്നതിനാണെന്ന് ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞു. 2010ലാണ് സംസ്ഥാനത്ത് ഭൂമിക്കു ന്യായവില നിശ്ചയിച്ചത്. 2014ല്‍ ന്യായവില 50% വര്‍ദ്ധിപ്പിച്ചിരുന്നു. ന്യായവില കൂട്ടുന്നതോടെ 100 കോടിയിലേറെ രൂപയുടെ അധികവരുമാനം സര്‍ക്കാരിന് ലഭിക്കും.

ഇലക്ട്രിക് പ്രകൃതി വാതകം ഉപയോഗിച്ച് ഓടുന്ന ഓട്ടോറിക്ഷകളുടെ വാര്‍ഷിക നികുതി 500 രൂപയില്‍നിന്ന് 450 രൂപയാക്കി കുറച്ചു. നികുതിയടയ്ക്കാതെ സംസ്ഥാനത്തിനുള്ളില്‍ പ്രവേശിക്കുന്ന വാഹനങ്ങള്‍ക്ക് ഇരട്ട നികുതി ഈടാക്കാവുന്ന വിധത്തില്‍ മോട്ടോര്‍ വാഹന നിയമത്തില്‍ ഭേദഗതി വരുത്തും.