കെഎസ്ആര്‍ടിസി പെന്‍ഷന്‍ കുടിശ്ശിക മാര്‍ച്ചില്‍ തീര്‍ക്കുമെന്ന് ധനമന്ത്രി: ‘പെന്‍ഷന്‍ ബാധ്യത ഏറ്റെടുക്കില്ല’

single-img
2 February 2018


കെഎസ്ആര്‍ടിസി പെന്‍ഷന്‍ ബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കില്ലെന്ന് ബജറ്റ് പ്രസംഗത്തില്‍ ധനകാര്യമന്ത്രി തോമസ് ഐസക്ക്. എന്നാല്‍ പെന്‍ഷന്‍ കുടിശിക മാര്‍ച്ചില്‍ തീര്‍ക്കും. 2018 കെ.എസ്.ആര്‍.ടി.സിയുടെ പുനരുദ്ധാരണ വര്‍ഷമായിരിക്കുമെന്നും ഐസക് പറഞ്ഞു.

കെ.എസ്.ആര്‍.ടി.സിക്കായി ഈ വര്‍ഷം 1000 കോടി രൂപ അനുവദിക്കും. ഇതിനോടകം 1507 കോടി രൂപ കെ.എസ്.ആര്‍.ടി.സിക്ക് നല്‍കിക്കഴിഞ്ഞു. പെന്‍ഷന്‍ കൊടുത്താല്‍ മാത്രം കെ.എസ്.ആര്‍.ടി.യുടെ പ്രതിസന്ധി തീരില്ല. ഉടന്‍ തന്നെ 3500 കോടി ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍ നിന്ന് കെ.എസ്.ആര്‍.ടി.സിക്ക് ലഭിക്കും.

പെന്‍ഷനായി എടുക്കുന്ന വായ്പ ആറ് മാസത്തിനുള്ളില്‍ സര്‍ക്കാര്‍ തിരിച്ചടയ്ക്കും. സ്വയംപര്യാപ്തമാകുന്നതിന് വേണ്ടി കെ.എസ്.ആര്‍.ടി.സിയെ മൂന്ന് ലാഭകേന്ദ്രങ്ങളാക്കും. വരവും ചെലവും തമ്മിലുള്ള അന്തരം ഇല്ലാതായി കമ്പനി ലാഭത്തിലാവുന്നത് വരെ ഈ സംവിധാനം തുടരുമെന്നും മന്ത്രി വ്യക്തമാക്കി.

കഴിഞ്ഞ ബഡ്ജറ്റില്‍ അനുവദിച്ച 1000 ബസുകള്‍ ഉടന്‍ നിരത്തിലിറങ്ങും. കിഫ്ബി വഴി പണം നല്‍കി വരുന്ന വര്‍ഷം 2000 ബസുകള്‍ കൂടി വാങ്ങും.ആലപ്പുഴ ബസ് സ്റ്റാന്‍ഡ് മൊബിലിറ്റി ഹബ്ബ് മാതൃകയില്‍ പരിഷ്‌ക്കരിക്കും. ശമ്പളവും പെന്‍ഷനും സ്വയം ഏറ്റെടുക്കാന്‍ കെ.എസ്.ആര്‍.ടി.സിയെ പര്യാപ്തമാക്കുമെന്നും മന്ത്രി പറഞ്ഞു.