ഭൂമിയുണ്ടായിട്ടും വീടില്ലാത്ത എല്ലാവര്‍ക്കും ഈ വര്‍ഷം വീട് നല്‍കുമെന്ന് തോമസ് ഐസക്ക്

single-img
2 February 2018

ഭൂമിയുണ്ടായിട്ടും വീടില്ലാത്ത എല്ലാവര്‍ക്കും ഈ വര്‍ഷം വീട് നല്‍കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. നൂറു ശതമാനം പാര്‍പ്പിടം എന്ന സ്വപ്നം യാഥാര്‍ഥ്യമാക്കുന്നതിനായി ലൈഫ് പാര്‍പ്പിട പദ്ധതിക്കായി 2500കോടി വകയിരുത്തും. 4 ലക്ഷം രൂപയുടെ വീട് ഭവനരഹിതര്‍ക്ക് വീട് നിര്‍മിച്ചു നല്‍കും.

പിഎംഎവൈ പദ്ധതിയില്‍ ഉള്‍പ്പെടുന്ന വീടുകള്‍ക്ക് 2 ലക്ഷം രൂപയും മറ്റുള്ളവയ്ക്ക് ഒരു ലക്ഷവും സര്‍ക്കാര്‍ ധനസഹായം നല്‍കും. ബാക്കി തുക തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ കണ്ടെത്തണം. ഭൂരഹിതര്‍ക്ക് ഫ്‌ളാറ്റ് അടിസ്ഥാനത്തിലുള്ള താമസ സൗകര്യം ഏര്‍പ്പെടുത്തും.

സമ്പൂര്‍ണസാമൂഹ്യസുരക്ഷാ പദ്ധതി ഫലപ്രദമായി നടപ്പാക്കുമെന്നും തോമസ് ഐസക്ക് പറഞ്ഞു. ഭക്ഷ്യസബ്‌സിഡിക്ക് 954 കോടിയും ഭക്ഷ്യസുരക്ഷാപദ്ധതിക്ക് 34 കോടിയും അനുവദിക്കും. കമ്പോള ഇടപെടലിന് 250 കോടി, സപ്ലൈകോ കട നവീകരണത്തിന് 8 കോടി. വിശപ്പുരഹിതകേരളം പദ്ധതി വ്യാപിപ്പിക്കാന്‍ 20 കോടിയും വകയിരുത്തി. മുന്‍ഗണനാപട്ടികയില്‍ നിന്ന് ആറുലക്ഷം അനര്‍ഹരെ ഒഴിവാക്കും.

ഇറച്ചിക്കോഴി വളര്‍ത്തല്‍ വ്യാപകമാക്കാന്‍ ജനകീയ ഇടപെടല്‍ നടത്തും. കുടുംബശ്രീ ആഭിമുഖ്യത്തില്‍ എല്ലാ പഞ്ചായത്തിലും കോഴി കൃഷി ആരംഭിക്കും. പൗള്‍ട്രി ഡവലപ്‌മെന്റ് കോര്‍പറേഷന് 18 കോടി നല്‍കും.

ജിഎസ്ടി നടപ്പാക്കിയതില്‍ അപ്പാടെ വീഴ്ചകളാണ്. കേന്ദ്രം പിരിച്ചെടുത്ത നികുതിയുടെ വിഹിതം കൈമാറുന്നത് വൈകുന്നുവെന്നും ബജറ്റ് പ്രസംഗത്തില്‍ മന്ത്രി ആരോപിച്ചു. ജിഎസ്ടിയുടെ നേട്ടം ജനങ്ങള്‍ക്കല്ല കോര്‍പറേറ്റുകള്‍ക്കാണ് കിട്ടിയത്. ഐജിഎസ്ടി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാത്തതുമൂലം വന്‍നഷ്ടമാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

സാമ്പത്തിക നേട്ടങ്ങളില്‍ കേരളം ഒന്നാംനമ്പര്‍ എന്നും ധനമന്ത്രി അകാശപ്പെട്ടു. നേട്ടം നിലനിര്‍ത്തുന്നത് വര്‍ഗീയശക്തികളുടെ കുപ്രചരണം അതിജീവിച്ചാണെന്നും ബജറ്റ് പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു.

ഓഖി ദുരന്തം പരാമര്‍ശിച്ചാണ് മന്ത്രി ബജറ്റ് പ്രസംഗം തുടങ്ങിയത്. സാമ്പത്തിക അനിശ്ചിതത്വം നിലനില്‍ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. തീരദേശത്തിന് 2000 കോടിയുടെ പാക്കേജ്, വിവരവിനിമയത്തിന് 100 കോടി, വികസനപദ്ധതിയുടെ ഡിപിആര്‍ തയാറാക്കാന്‍ 10 കോടി അനുവദിച്ചു. മല്‍സ്യമേഖലയുടെ ആകെ അടങ്കല്‍ 600 കോടി.

മല്‍സ്യബന്ധനതുറമുഖവികസനത്തിന് 584 കോടി വായ്പയെടുക്കും. തീരദേശ ആശുപത്രികള്‍ വികസിപ്പിക്കും, കുടുംബാരോഗ്യപദ്ധതി നടപ്പാക്കും. എല്ലാ തീരദേശസ്‌കൂളുകളും നവീകരണപട്ടികയില്‍ ഉള്‍പ്പെടുത്തും. തീരദേശത്ത് കിഫ്ബിയില്‍ നിന്ന് 900 കോടിരൂപയുടെ നിക്ഷേപം കൊണ്ടുവരും. ബജറ്റ് സ്ത്രീസൗഹൃദമാകുമെന്നും ഐസക്ക് സൂചിപ്പിച്ചു.
സ്ത്രീകളുടെ അധ്വാനത്തിന് അനുസരിച്ചുള്ള അന്തസ്സ് അവര്‍ക്ക് കിട്ടുന്നില്ലെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക് പറഞ്ഞു. അവര്‍ക്ക് അപമാനകരമാകുന്ന അവസ്ഥയാണ് സംസ്ഥാനത്തുള്ളത്. സിനിമാ മേഖലയില്‍ അടക്കമുള്ള എല്ലാ സ്ത്രീ മുന്നേറ്റങ്ങള്‍ക്കും പിന്തുണ അറിയിക്കുന്നുവെന്നും സ്!ത്രീ സമൂഹത്തിന് പൂര്‍ണ്ണ പിന്തുണ സര്‍ക്കാര്‍ വാഗ്ദാനം ചെയ്യുന്നുവെന്നും ധനമന്ത്രി പറഞ്ഞു.