ലേലത്തുക കണക്കാക്കിയല്ല കളിക്കാരെ വിലയിരുത്തേണ്ടതെന്ന് സൗരവ് ഗാംഗുലി

single-img
2 February 2018

ഐ.പി.എല്‍ ലേലത്തുക കണക്കാക്കിയല്ല കളിക്കാരെ വിലയിരുത്തേണ്ടതെന്ന് മുന്‍ ഇന്ത്യന്‍ ക്യാപ്ടന്‍ സൗരവ് ഗാംഗുലി. ഡിമാന്‍ഡ്, സപ്ലൈ ഫോര്‍മാറ്റില്‍ നടത്തുന്ന ടൂര്‍ണമെന്റാണ് ഐ.പി.എല്‍ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്രിക്കറ്റ് ഇയര്‍ ബുക്കിന്റെ 20ാം വാര്‍ഷികാഘോഷ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

54 സെഞ്ചുറികള്‍ നേടിയ ദക്ഷിണാഫ്രിക്കയുടെ ഹാഷിം അംല ലേലത്തില്‍ വിറ്റുപോയില്ല. എന്നാല്‍ രജ്ജി ട്രോഫി മത്സരങ്ങള്‍ മാത്രം കളിച്ച് പരിചയമുള്ള ഡല്‍ഹിയുടെ ഇഷാന്‍ കിഷനെ മുംബയ് ഇന്ത്യന്‍സ് സ്വന്തമാക്കിയത് 6.2 കോടി രൂപയ്ക്കാണ്. അതുകൊണ്ടുതന്നെ കളിക്കാരുടെ മൂല്യം വിലയിരുത്തുന്ന ഒന്നല്ല ഐ.പി.എല്‍ ഗാംഗുലി പറഞ്ഞു.

ഐ.പി.എല്‍ എന്നത് തികച്ചും വ്യത്യസ്തമായ ഒന്നാണ്. അതിനെ ആ രീതിയില്‍ തന്നെ നോക്കി കാണണം. ഡിമാന്‍ഡ് സപ്ലൈ ഫോര്‍മാറ്റാണ് ഐ.പി.എല്ലിന്റേത്. ഈ വര്‍ഷം നടന്ന ലേലത്തില്‍ ഏറ്റവും കൂടുതല്‍ തുകയായ 11.5 കോടി ചെലവഴിച്ചത് ജയദേവ് ഉനദ്ഘട്ടിന് വേണ്ടിയാണ്.

ഇന്ത്യയ്ക്ക വേണ്ടി രണ്ട് ഏകദിനത്തില്‍ മാത്രമാണ് അദ്ദേഹം കളിച്ചത്. ഒരു ടെസ്റ്റ് മാച്ചില്‍ പോലും അദ്ദേഹം കളിച്ചിട്ടില്ലെന്നും ഗാംഗുലി വ്യക്തമാക്കി. ഐ.പി.എല്‍ മത്സരങ്ങളില്‍ താരങ്ങളെ തിരഞ്ഞെടുത്തത് കന്നുകാലി ചന്തകളിലെ ലേലം വിളി പോലെയാണെന്ന് ന്യൂസിലാന്‍ഡ് ക്രിക്കറ്റ് പ്ലയേര്‍സ് അസോസിയേഷന്‍ നേരത്തെ വിമര്‍ശിച്ചിരുന്നു.