തമിഴ് സൂപ്പര്‍ സ്റ്റാറിന്റെ പേരില്‍ പണം വാങ്ങി തട്ടിപ്പ്: മലപ്പുറത്ത് ഒരാള്‍ പിടിയില്‍

single-img
2 February 2018

പ്രമുഖ തമിഴ് ചലചിത്ര താരത്തിന്റെ പേരില്‍ സഹായ വാഗ്ദാനം നല്‍കി സാമ്പത്തിക തട്ടിപ്പു നടത്തിയ ആളെ മഞ്ചേരി പോലീസ് അറസ്റ്റു ചെയ്തു. കൊല്ലം കൊട്ടാരക്കര മാമൂട്ടില്‍ ഷൈജുവാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത്.

പാവപ്പെട്ട കുടുംബങ്ങള്‍ക്ക് വീടു നിര്‍മിക്കാന്‍ തമിഴ് നടന്‍ 25 ലക്ഷം രൂപ സഹായമായി നല്‍കുന്നുണ്ടെന്നു വിശ്വസിപ്പിച്ച് നാലു കുടുംബങ്ങളില്‍ നിന്നു 20,000 രൂപ വീതം തട്ടിയെടുക്കുകയായിരുന്നു. സഹായ ധനം ലഭ്യമാക്കാന്‍ ആവശ്യമായ ചിലവുകള്‍ക്കുള്ള പണമെന്ന് ധരിപ്പിച്ചാണ് തട്ടിപ്പ് നടന്നത്.

മലപ്പുറം മഞ്ചേരി പുല്ലഞ്ചേരി സ്വദേശികള്‍ക്കാണ് പണം നഷ്ടപ്പെട്ടത്. ആറു വര്‍ഷമായി മലപ്പുറത്തു താമസിക്കുന്ന ഷൈജു തട്ടിപ്പിനിരയായവരെ മഞ്ചേരിയിലേക്കു വിളിച്ചുവരുത്തി കോടതി പരിസരത്തു നിര്‍ത്തിയ ശേഷം രേഖകള്‍ ശരിയാക്കാനെന്ന പേരിലാണ് പണം വാങ്ങിയത്.

പിന്നീട് മുദ്ര കടലാസുകള്‍ വാങ്ങാനെന്ന വ്യാജേന പണവുമായി മുങ്ങുകയായിരുന്നു. മൊബൈല്‍ ഫോണില്‍ ഇയാളുമായി ബന്ധപ്പെടാന്‍ സാധിക്കാതെ വന്നപ്പോഴാണ് കുടുംബങ്ങള്‍ പോലീസില്‍ പരാതി നല്‍കിയത്. സംസ്ഥാനത്ത് മറ്റു ജില്ലകളിലും ഇയാള്‍ സമാനമായ തട്ടിപ്പു നടത്തിയിട്ടുണ്ടോയെന്ന് അന്വേഷിക്കുകയാണെന്ന് അന്വേഷണ ഉദ്യോസ്ഥന്‍ സിഐ എന്‍.ബി ഷൈജു പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു