ബ്ലൂവെയില്‍ ഗെയിമിനു പിന്നാലെ മരണക്കളിയായി ‘ടൈഡ് പോഡ് ചലഞ്ച്’; ഗെയിം കളിച്ച 17 കാരന്റെ അന്നനാളവും ആമാശയവും തകര്‍ന്നു

single-img
1 February 2018

ബ്ലൂവെയില്‍ ഗെയിമിനു പിന്നാലെ അപകടകരമായ രീതിയില്‍ ‘ടൈഡ് പോഡ് ചലഞ്ച്’ ഗെയിം പടരുന്നു. ചൂടാക്കിയ സോപ്പ് പൊടി വായിലിട്ട് തുപ്പുകയും ഉള്ളിലേക്ക് ഇറക്കുകയും ചെയ്യുന്നതാണ് ഈ ഗെയിം. വസ്ത്രങ്ങള്‍ കഴുകുന്നതിന് ഉപയോഗിക്കുന്ന സോപ്പുപൊടി കഴിക്കുകയും ഇതിന്റെ വിഡിയോ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റു ചെയ്യുകയുമാണ് ടൈഡ് പോഡ് ചലഞ്ച് ആവശ്യപ്പെടുന്നത്.

വിഡിയോ പോസ്റ്റു ചെയ്യുന്നതിനൊപ്പം മറ്റുള്ളവരെ ഇത് ചെയ്യാനായി വെല്ലുവിളിക്കുകയും വേണം. 13-19 പ്രായത്തിനിടയിലെ കുട്ടികളില്‍ ഇത്തരം ഗെയിമുകള്‍ സ്വാധീനം ചെലുത്തുന്നുണ്ട് എന്നാണു അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് പോയിസണ്‍ കണ്‍ട്രോള്‍ സെന്ററിന്റെ കണക്കുകള്‍ പറയുന്നത്. കോമ അവസ്ഥ മുതല്‍ മരണം വരെ സംഭവിക്കാവുന്ന ഗെയിം ആണ് ഇതെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കുന്നു.

അതിനിടെ അമേരിക്കയിലെ ഒരു 17 കാരന്‍ ഇത്തരത്തില്‍ മൂന്നു സോപ്പു പൊടികള്‍ വിഴുങ്ങി. കടുത്ത ശ്വാസ തടസവും ഛര്‍ദ്ദിയും പിടിപെട്ട ആളെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചു. കടുത്ത കെമിക്കലുകള്‍ ഉള്ളില്‍ ചെന്നതു കൊണ്ടു ആമാശയവും അന്നനാളവും കരിഞ്ഞു തുടങ്ങിയ അവസ്ഥയിലായിരുന്നു അയാള്‍. രക്തത്തില്‍ ഓക്‌സിജന്റെ അളവു കുറഞ്ഞിരുന്നു. പെട്ടന്നു തന്നെ ആശുപത്രിയിലെത്തിച്ചതു കൊണ്ടാണ് ജീവന്‍ രക്ഷിക്കാനായത്.