ആദായനികുതി നിരക്കുകളില്‍ ഇളവുകളില്ലാതെ ബജറ്റ്: കേരളത്തില്‍ റെയില്‍ പാത ഇരട്ടിപ്പിക്കലിനു കൂടുതല്‍ വിഹിതം

single-img
1 February 2018


ന്യൂഡല്‍ഹി: ആദായനികുതി നിരക്കുകളില്‍ ഭേദഗതി വരുത്താതെ കേന്ദ്രസര്‍ക്കാര്‍. ഇപ്പോള്‍ പരിധി നിശ്ചയിച്ചിട്ടുള്ള രണ്ടരലക്ഷത്തില്‍നിന്നു മൂന്നു ലക്ഷമെങ്കിലും നികുതി നിരക്ക് വര്‍ധിപ്പിക്കുമെന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നെങ്കിലും, കഴിഞ്ഞ വര്‍ഷങ്ങളില്‍ നികുതി നിരക്ക് പരിഷ്‌കരിച്ചിട്ടുള്ളതിനാല്‍ പുതിയ ഭേദഗതികളുണ്ടാകില്ലെന്ന് ജയ്റ്റ്‌ലി വ്യക്തമാക്കി.

ആദായ നികുതി നിരക്കുകളില്‍ മാറ്റമില്ല. 2.5 ലക്ഷം രൂപ വരെ നികുതിയില്ല, 2.5 മുതല്‍ 5 ലക്ഷം രൂപ വരെ 5 %, 5 മുതല്‍ 10 ലക്ഷം രൂപ വരെ 20 %, 10 ലക്ഷം രൂപയ്ക്കു മേല്‍ 30 % എന്നിങ്ങനെയായിരുന്നു നിലവിലെ ആദായനികുതി നിരക്ക്. അതേസമയം, മുതിര്‍ന്ന പൗരന്മാര്‍ക്ക് ബാങ്ക് നിക്ഷേപങ്ങളിലെ പലിശ വരുമാനത്തില്‍ 50,000 രൂപ വരെ നികുതി ഒഴിവാക്കിയിട്ടുണ്ട്.

കൂടാതെ, ആദായനികുതിയില്‍ ചികില്‍സാ ചെലവില്‍ ഉള്‍പ്പെടെ ചില ഇളവുകളും നല്‍കി. ചികില്‍സാ ചെലവിലും യാത്രാബത്തയിലും ഏകദേശം 40,000 രൂപ വരെ ഇളവും അനുവദിച്ചിട്ടുണ്ട്. ആദായനികുതി അടയ്ക്കുന്നവരുടെ എണ്ണം ഉയര്‍ന്നെങ്കിലും ഇതുവഴിയുള്ള വരുമാനത്തില്‍ താരതമ്യേന കാര്യമായ വര്‍ധനയില്ലെന്ന് ധനമന്ത്രി പറഞ്ഞു.

അതേസമയം 1,48,500 കോടി രൂപയാണ് റെയില്‍വേയ്ക്കായി ഇത്തവണ നീക്കിവച്ചിരിക്കുന്ന ബജറ്റ് വിഹിതം. സുരക്ഷയ്‌ക്കൊപ്പം ആധുനീകരണത്തിനുകൂടി പ്രാമുഖ്യം നല്‍കുന്ന ബജറ്റാണ് ഇത്തവണത്തേത്. റെയില്‍വേയില്‍ അടിസ്ഥാന സൗകര്യ വികസനത്തിന് ഊന്നല്‍ നല്‍കുന്ന സമീപനം തുടരുമെന്നാണു ബജറ്റ് വ്യക്തമാക്കുന്നത്.

യാത്രക്കാരുടെ സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി 12 ലക്ഷം സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാനുള്ള പദ്ധതിയും പ്രതീക്ഷ നല്‍കുന്നതാണ്. 3000 കോടി രൂപ ചെലവില്‍ 11,000 ട്രെയിനുകളിലാണു സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുന്നത്. ഒപ്പം, സ്റ്റേഷനുകളിലും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കും. എല്ലാ ട്രെയിനുകളിലും വൈ–ഫൈ സംവിധാനം ഏര്‍പ്പെടുത്തും.

4000 കിലോമീറ്റര്‍ റയില്‍വേ ലൈന്‍ പുതുതായി വൈദ്യുതീകരിക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 18,000 കിലോമീറ്റര്‍ റയില്‍പാത ഇരട്ടിപ്പിക്കും. വൈദ്യുതീകരണത്തിനു കൂടുതല്‍ പ്രാധാന്യം നല്‍കാനും ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന പാത ഇരട്ടിപ്പിക്കല്‍ പദ്ധതികള്‍ക്കു കൂടുതല്‍ തുക വകയിരുത്താനുമുള്ള തീരുമാനം റെയില്‍വേയുടെ അടിസ്ഥാന സൗകര്യ വികസനത്തിനു വേഗം കൂട്ടും. കേരളത്തില്‍ കോട്ടയം, ആലപ്പുഴ റൂട്ടുകളിലുള്ള പാത ഇരട്ടിപ്പിക്കലിനു കാര്യമായ വിഹിതം ലഭിക്കും.

വിമാന സര്‍വീസുകളുടെ എണ്ണം അഞ്ചിരട്ടിയായി വര്‍ധിപ്പിക്കുമെന്നും ബജറ്റില്‍ ജയ്റ്റ്‌ലി വ്യക്തമാക്കി. രാജ്യത്തെ വിമാനത്താവളങ്ങളുടെ എണ്ണം വര്‍ധിപ്പിക്കും. വിമാനയാത്രക്കാരുടെ എണ്ണം 100 കോടിയാക്കി ഉയര്‍ത്തുമെന്നും ജയ്റ്റ്!ലി പ്രഖ്യാപിച്ചു.