കോഴിക്കോട് പുഴയിലേക്ക് ചാടിയ പെണ്‍കുട്ടിയെ രക്ഷപ്പെടുത്തിയത് സിനിമ സ്‌റ്റൈലില്‍

single-img
1 February 2018

കോഴിക്കോട് കോരപ്പുഴ പാലത്തില്‍ നിന്ന് പുഴയിലേക്ക് ചാടി ജീവനൊടുക്കാന്‍ ശ്രമിച്ച പെണ്‍കുട്ടിയെ രക്ഷപ്പെടുത്തിയത് സിനിമയെ വെല്ലുന്ന സംഭവ വികാസങ്ങളിലൂടെ. നാട്ടുകാരായ രണ്ടു പേര്‍ രക്ഷകരായെത്തിയത് പോലിസ് ഇടപെടലിലൂടെയാണ്.

പുത്തന്‍പുരയില്‍ സിദ്ദീഖ്, ചൂരപ്പിലാട്ടില്‍ എ. രമേശ് ബാബു എന്നിവരാണ് പെണ്‍കുട്ടിയെ രക്ഷിച്ചത്. പെണ്‍കുട്ടിയെ രക്ഷിക്കാന്‍ പയ്യോളി പൊലീസ് സ്റ്റേഷനിലെ സിപിഒ മാരായ സി.പി. രാജന്‍, കെ. ബി ബിജു, കെ. ശശി എന്നിവരുടെ ഇടപെടലിന് ഫലമുണ്ടായത് മത്സ്യത്തൊഴിലാളിയായ സിദ്ദീഖിന്റെയും മരപ്പണിക്കാരനായ രമേശിന്റെയും ധീരത കൊണ്ടു മാത്രമാണ്.

പയ്യോളി സ്റ്റേഷനില്‍ നിന്ന് പീഡനക്കേസ് പ്രതിയെ കോഴിക്കോട് സെഷന്‍സ് കോടതിയിലേക്ക് കൊണ്ടു പോകവെയാണ് പെണ്‍കുട്ടി പാലത്തില്‍ നിന്ന് ചാടാന്‍ തയ്യാറെടുക്കുന്നത് പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടത്. ഉടനെ ജീപ്പ് നിര്‍ത്തി സിപിഒ മാരായ രാജനും ബിജുവും പുഴക്കരയിലേക്ക് കുതിക്കുകയായിരുന്നു.

വിവരമറിഞ്ഞ് സിദ്ദീഖും രമേശനും ഫൈബര്‍ വള്ളത്തില്‍ പുഴയിലേക്ക് കുതിച്ചു. വേലിയേറ്റമായതിനാല്‍ ഒഴുക്കുള്ള പുഴയുടെ 150 മീറ്റര്‍ അകലെ വച്ച് പൊങ്ങിത്താഴുന്ന പെണ്‍കുട്ടിയെ സാഹസികമായി രക്ഷപ്പെടുത്തുകയുമായിരുന്നു. പെണ്‍കുട്ടിക്ക് പോലീസ് ജീപ്പില്‍ വച്ച് പ്രാഥമിക ശുശ്രൂഷ നല്‍കുകയും ഉടനെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയും ചെയ്തു.