ലോകത്തിലെ ഏറ്റവും വലിയ ഏഴാമത്തെ സമ്പദ് വ്യവസ്ഥയാണ് ഇന്ത്യയെന്ന് ബജറ്റ് അവതരണത്തില്‍ ജയ്റ്റ്‌ലി

single-img
1 February 2018

നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരം ഏറ്റെടുത്തതിനു ശേഷം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ പ്രകടനം ഉജ്വലമായിരുന്നെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. ലോകത്തിലെ ഏറ്റവും വലിയ ഏഴാമത്തെ സമ്പദ് വ്യവസ്ഥയാണ് ഇന്ത്യയെന്നും കേന്ദ്ര ബജറ്റ് അവതരണത്തിന് തുടക്കം കുറിച്ചുകൊണ്ട് ജയ്റ്റ്‌ലി പറഞ്ഞു.

എട്ടു ശതമാനം വളര്‍ച്ചാനിരക്കിലേക്കുള്ള കുതിപ്പിലാണ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ. 2018-19 സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ 7.2–7.5 വളര്‍ച്ചാ നിരക്കാണ് രാജ്യം പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം രാജ്യം ആകാംക്ഷയോടെ കാത്തിരിക്കുന്ന കേന്ദ്ര ബജറ്റ് അവതരണത്തിന് രാവിലെ 11 മണിയോടെയാണ് തുടക്കമായത്.

അടുത്ത വര്‍ഷം നടക്കേണ്ട പൊതു തിരഞ്ഞെടുപ്പിനു മുന്‍പു മോദി സര്‍ക്കാരിന്റെ അവസാന പൂര്‍ണ ബജറ്റാണ് ധനമന്ത്രി അവതരിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ വികസനോന്മുഖവും ജനപ്രിയവുമാകും ബജറ്റെന്നാണു പൊതുവിലയിരുത്തല്‍. അടുത്ത വര്‍ഷം ബജറ്റ് അവതരിപ്പിച്ചാലും അത് ഇടക്കാല ധനകാര്യ രേഖ (വോട്ട് ഓണ്‍ അക്കൗണ്ട്) മാത്രമായിരിക്കും.

നേരത്തെ, കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്!ലി അവതരിപ്പിക്കുന്ന ബജറ്റിന് പാര്‍ലമെന്റ് ഹാളില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭയുടെ പ്രത്യേക യോഗം അംഗീകാരം നല്‍കി. രാഷ്ട്രപതി റാംനാഥ് കോവിന്ദിനെ സന്ദര്‍ശിച്ച ശേഷമാണ് ജയ്റ്റ്‌ലി ബജറ്റ് അവതരണത്തിനായി പാര്‍ലമെന്റിലെത്തിയത്.