ചാരപ്രവർത്തനം: മുതിർന്ന വ്യോമസേന ഉദ്യോഗസ്ഥൻ അറസ്റ്റിൽ

single-img
1 February 2018


ന്യൂഡൽഹി: തന്ത്രപ്രധാന വിവരങ്ങൾ ചോർത്തിനൽകി എന്ന സൂചനയെതുടർന്ന് ഇന്ത്യൻ വ്യോമസേനയിലെ മുതിർന്ന ഓഫിസർ അറസ്റ്റിൽ. തലസ്ഥാനത്തെ വ്യോമസേന ആസ്ഥാനത്ത് സേവനം നടത്തുന്ന ഒരു ഗ്രൂപ്പ് ക്യാപ്റ്റൻ ആണ് ബുധനാഴ്ച അറസ്റ്റിലായതെന്ന് സംഭവവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.

വ്യോമസേനയുടെ കസ്റ്റഡിയിൽ ഇയാളെ ചോദ്യം ചെയ്ത് വരികയാണ്. വ്യോമസേനയുടെ കേന്ദ്ര സുരക്ഷ അന്വേഷണ വിഭാഗം നടത്തിയ ചാരവിരുദ്ധ പ്രവർത്തനത്തിലാണ് ഓഫിസർ കുടുങ്ങിയത്. പരിശോധനയിൽ അനധികൃത മൊബൈൽ ഫോൺ കണ്ടെത്തുകയായിരുന്നു. രഹസ്യ സ്വഭാവമുള്ള വിവരങ്ങൾ വാട്സാപ് വഴി ഒരു സ്ത്രീക്ക് കൈമാറിയതായാണ് സംശയിക്കുന്നത്.

മറ്റാരെങ്കിലും സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്ന അന്വേഷണവും നടക്കുന്നുണ്ട്. ഫെയ്സ്ബുക് വഴി പരിചയപ്പെട്ട ഒരു സ്ത്രീയുടെ ഹണിട്രാപ്പിൽ ഓഫിസർ പെട്ടു എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ഇക്കാര്യത്തിൽ സേന ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.