സാമ്പത്തിക സര്‍വേ: സംസ്ഥാനത്തിന് ബാധ്യതയായി ശമ്പളവും പെന്‍ഷനും

single-img
1 February 2018


തിരുവനന്തപുരം: സംസ്ഥാന ഖജനാവിന് ബാധ്യതയായി ശമ്പളവും പെന്‍ഷനും മാറുന്നതായി സര്‍ക്കാര്‍ സാമ്പത്തിക സര്‍വേ. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ 17,109 കോടി രൂപയാണ് ഈ ഇനത്തില്‍ അധികമായി കണ്ടെത്തേണ്ടിവന്നത്. ശമ്പള ഇനത്തില്‍ 10,698 കോടി രൂപയും പെന്‍ഷന്‍ ഇനത്തില്‍ 6,411 കോടി രൂപയും. അതേസമയം, മൊത്തം ആഭ്യന്തര വളര്‍ച്ചാനിരക്കില്‍ സംസ്ഥാനത്തിന് നേട്ടമാണെന്നും സര്‍വേ കണ്ടത്തെി.

ദേശീയ വളര്‍ച്ചനിരക്കിനെക്കാള്‍ മുകളിലാണ് സംസ്ഥാനം. 2015-16 വര്‍ഷം 113.81 ലക്ഷം കോടി രൂപയായിരുന്ന മൊത്ത ആഭ്യന്തര ഉത്പാദനം 2016-17 ല്‍ 121.90 ലക്ഷം കോടിയിലത്തെി. ദേശീയ ശരാശരി 7.1 ശതമാനമായിരിക്കുമ്പോള്‍ 7.4 ശതമാനമാണ് സംസ്ഥാന ശരാശരി.
നികുതിവരുമാനം താഴുന്നതിന് നോട്ട്നിരോധനം വഴിവെച്ചതായും സര്‍വേ ചൂണ്ടികാട്ടുന്നു. 8.16 ശതമാനമാണ് നികുതി വളര്‍ച്ചനിരക്ക്. 14.24 ശതമാനമാണ് പ്രതീക്ഷിച്ചിരുന്നത്.
റബര്‍ ഉല്‍പാദനം വര്‍ധിച്ചെങ്കിലും വിലയിടിവ് സാമ്പത്തിക രംഗത്തെ പിന്നോട്ടടിച്ചു.