താരസംഘടനയായ ‘അമ്മയെ’ ഇനി ആര് നയിക്കും..?

single-img
1 February 2018


ചലച്ചിത്ര താരസംഘടനയായ അമ്മയുടെ പ്രസിഡന്റ് സ്ഥാനത്ത് നിന്നും ഒഴിയുകയാണെന്ന് ഇന്നസെന്റ് അറിയിച്ചതിനെ തുടര്‍ന്നാണ് പുതിയ പ്രതിസന്ധി. യുവതലമുറ നേതൃനിരയിലേക്ക് വരുമോ എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. മമ്മൂട്ടിയും ഗണേഷ്‌കുമാറും നേതൃനിരയിലേക്ക് വരാനുള്ള ശ്രമങ്ങള്‍ നടത്തുന്നുവെന്നാണ് പരക്കെയുള്ള സംസാരം.

യുവനടിയുടെ പീഡനപരാതിയെ തുടര്‍ന്ന് ദിലീപിനെ സംഘടനയില്‍ നിന്നും പുറത്താക്കുന്നതുമായി ബന്ധപ്പെട്ടാണ് അമ്മയില്‍ ഭിന്നത രൂക്ഷമായത്. പൃഥ്വിരാജിന്റെ കടുത്ത നിലപാടിനെ തുടര്‍ന്നാണ് ദിലീപിനെ പുറത്താക്കാന്‍ മമ്മൂട്ടി നിര്‍ബന്ധിതനായെന്ന തരത്തില്‍ ഗണേഷ്‌കുമാര്‍ നേരത്തെ വിമര്‍ശനമുന്നയിച്ചിരുന്നു.

നിലവില്‍ അമ്മയുടെ വൈസ് പ്രസിഡന്റാണ് മമ്മൂട്ടി. ദിലീപിനെ താരസംഘനയില്‍ നിന്നും പുറത്താക്കിയ നടപടി തെറ്റായിരുന്നുവെന്നാണ് ചിലരുടെ വിലയിരുത്തല്‍. പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കണമെന്ന മമ്മൂട്ടിയുടെ നിലപാട് നിയമപ്രകാരം സാധ്യമല്ലെന്നായിരുന്നു ഗണേഷ്‌കുമാറിന്റെ വാദം.

ദിലീപിന്റെ സ്ഥാനത്ത് താനായിരുന്നെങ്കില്‍ അമ്മയടക്കമുള്ള സംഘടനകള്‍ ചേരില്ലെന്നും ഗണേഷ്‌കുമാര്‍ വ്യക്തമാക്കി. തുടര്‍ന്ന് ദിലീപിന് പരസ്യപിന്തുണ ഗണേഷ്‌കുമാര്‍ അറിയിച്ചു. എന്നാല്‍ ഇന്നസെന്റിന്റെ അഭാവത്തില്‍ അമ്മയിലെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന ഇടവേള ബാബു സംഘടനയുടെ നേതൃത്വം ഏറ്റെടുക്കുന്നതില്‍ പിന്തുണയുമായി ഒരു വിഭാഗം രംഗത്തെത്തിയുണ്ട്.

എന്തായാലും താരസംഘടനയുടെ പുതിയ സാരഥിയെ അറിയാന്‍ ജൂലൈ വരെ കാത്തിരിക്കേണ്ടി വരും. ജൂലൈയില്‍ നടക്കുന്ന ജനറല്‍ ബോഡി യോഗത്തിലായിരിക്കും പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നത്.