കറുത്ത സ്റ്റിക്കറുകള്‍ കണ്ടാല്‍ പേടിക്കേണ്ട: നിങ്ങള്‍ ഗ്ലാസ് കടയില്‍ സൂക്ഷിച്ചിട്ടുള്ള ഗ്ലാസുകളിലൂടെ കണ്ണോടിച്ചാല്‍ മതി വാസ്തവം മനസിലാകും

single-img
31 January 2018


സംസ്ഥാനത്ത് പകലോ രാത്രിയോ എന്ന് വ്യത്യാസമില്ലാതെ ആളൊഴിഞ്ഞ വീടുകളിലും ആള്‍പാര്‍പ്പുള്ളയിടങ്ങളിലും അജ്ഞാതര്‍ വ്യാപകമായി കറുത്ത സ്റ്റിക്കര്‍ പതിച്ച് കടന്നു കളയുന്നു. സെക്യൂരിറ്റി സംവിധാനങ്ങളുള്ള ഫ്ലാറ്റുകളില്‍ പോലും ഇത്തരത്തില്‍ സ്റ്റിക്കറുകള്‍ പതിച്ചിരിക്കുന്നു.

പൊലീസ് പരിശോധന ശക്തമാക്കിയിട്ടും വീണ്ടും മിക്കയിടത്തും സ്റ്റിക്കറുകള്‍ പതിയുന്നു. വീടുകളുടെ ജനാലയിലും ഭിത്തിയിലും ആരും കാണാതെ പതിക്കുന്ന സ്റ്റിക്കര്‍ നാട്ടുകാരുടെ ഉറക്കം കളയുകയാണ്. സമീപകാലത്തൊന്നും പോലീസിന്റെ പരിഗണനയില്‍ വന്നിട്ടില്ലാത്ത അപൂര്‍വ പ്രതിഭാസമാണ് കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്നത്.

കവര്‍ച്ചക്കാര്‍ കറുത്ത സ്റ്റിക്കര്‍ ഒട്ടിച്ച് വീടുകള്‍ അടയാളപ്പെടുത്തുന്നുവെന്ന പ്രചാരണം കഴിഞ്ഞ ഡിസംബറില്‍ കോട്ടയത്ത് തുടങ്ങി ഇപ്പോള്‍ കേരളമാകെ വ്യാപിച്ചത് കാട്ടുതീ പോലെയാണ്. പൊലിസിന്റെ സന്ദേശം എന്ന മട്ടില്‍ വാട്‌സാപ്പ് വഴിയാണ് പ്രധാന പ്രചാരണം.

ഇതിപ്പോള്‍ കുട്ടികളെ തട്ടിയെടുക്കുന്ന സംഘമാണ് ഇതിനു പിന്നിലെന്ന രീതിയിലേക്ക് വരെ കാര്യങ്ങള്‍ കൊണ്ടെത്തിച്ചു. എന്നാല്‍ ജനല്‍പാളികളില്‍ ഉപയോഗിക്കുന്ന ചില്ല്, ലോറികളില്‍ കൊണ്ടുവരുമ്പോള്‍ ഉരഞ്ഞു പൊട്ടാതിരിക്കാന്‍ ചില്ലുകള്‍ക്കിടയില്‍ പതിക്കാറുള്ള റബര്‍ സ്റ്റിക്കറാണ് ഇതെന്നാണ് പൊലീസ് പറയുന്നത്.

സംശയമുണ്ടെങ്കില്‍ നിങ്ങള്‍ ഗ്ലാസ് കടയില്‍ സൂക്ഷിച്ചിട്ടുള്ള ഗ്ലാസുകളിലൂടെ കണ്ണോടിച്ചു നോക്കൂ… മിക്കവയിലുമുണ്ട് ഈ കറുത്ത സ്റ്റിക്കര്‍. ഗ്ലാസ് വില്‍ക്കുമ്പോള്‍ ഈ സ്റ്റിക്കറൊന്നും നീക്കം ചെയ്യുന്ന പതിവില്ലെന്നാണ് കച്ചവടക്കാര്‍ പറയുന്നത്. ജനാലയില്‍ ഇവ ഉറപ്പിക്കുന്ന ജോലിക്കാരും പലപ്പോഴും ഇത് നീക്കാറില്ല.

ഇങ്ങനെ ചില്ലുകളില്‍ അവശേഷിക്കുന്ന സ്റ്റിക്കറുകളാണ് ഇപ്പോള്‍ ഊഹാപോഹങ്ങള്‍ക്ക് വഴിവെച്ചതെന്നാണ് കച്ചവടക്കാര്‍ പറയുന്നത്. വീട് എത്ര പഴകിയാലും ജനാലപ്പടികളില്‍ എത്ര പെയിന്റ് അടിച്ചാലും ഗ്ലാസുകളില്‍ ഒന്നും ചെയ്യേണ്ടതില്ലാത്തതിനാലും സ്റ്റിക്കര്‍ അവിടെ തന്നെ തുടരുകയാണ് പതിവ്.

ഗ്ലാസ് കഷണങ്ങള്‍ തമ്മില്‍ കൂട്ടിമുട്ടി കേടാകാതിരിക്കാന്‍ ചില ഗ്ലാസ് ഉല്‍പാദക കമ്പനികളും ഗ്ലാസ് കച്ചവടക്കാരുമാണ് സ്റ്റിക്കറുകള്‍ പതിക്കുന്നത്. അതല്ലാതെ മോഷണ സംഘങ്ങളോ കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നവരോ ഒട്ടിക്കുന്നതല്ല ഈ സ്റ്റിക്കര്‍.