നാളെ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ എ.കെ ശശീന്ദ്രന് പുതിയ കുരുക്ക്

single-img
31 January 2018

കൊച്ചി: ഫോണ്‍ കെണി കേസില്‍ കുറ്റവിമുക്തനായ മുന്‍ മന്ത്രി എ.കെ ശശീന്ദ്രനെതിരെ വീണ്ടും ഹര്‍ജി. ശശീന്ദ്രന്റെ കേസ് ഒത്തു തീര്‍പ്പാക്കരുതെന്ന് ആവശ്യപ്പെട്ട് ആദ്യം ഹര്‍ജി നല്‍കിയ തയ്ക്കാട് സ്വദേശിനി മഹാലക്ഷ്മിയെന്ന സാമൂഹ്യ പ്രവര്‍ത്തക തന്നെയാണ് ഹൈക്കോടതിയില്‍ വീണ്ടും ഹര്‍ജി നല്‍കിയിരിക്കുന്നത്.

ശശീന്ദ്രനെ കുറ്റവിമുക്തനാക്കിയ കീഴ്‌ക്കോടതി ഉത്തരവ് റദ്ദാക്കി കേസ് വീണ്ടും അന്വേഷിക്കണമെന്നാണ് മഹാലക്ഷ്മിയുടെ പ്രധാന ആവശ്യം. തനിക്ക് പ്രായപൂര്‍ത്തിയായ മകളുണ്ടെന്നും മൊത്തം സ്ത്രീകളുടെയും സുരക്ഷയുടെ വിഷയമാണെന്നും അതിനാല്‍ തന്നെ ശശീന്ദ്രനെ കുറ്റവിമുക്തനാക്കിയത് ശരിയല്ലെന്നും ഹര്‍ജിയില്‍ പറയുന്നു.

ഭയം മൂലമാണ് കേസിലെ പരാതിക്കാരിയായ മാദ്ധ്യമ പ്രവര്‍ത്തക ആരോപണത്തില്‍ നിന്ന് പിന്മാറിയതെന്നും ഹര്‍ജിയില്‍ പറയുന്നു. ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. ഹര്‍ജി കോടതി നാളെ പരിഗണിക്കും. കേസ് അവസാനിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് നേരത്തെ മഹാലക്ഷ്മി തിരുവനന്തപുരം ചീഫ് ജുഡിഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ ഹര്‍ജി നല്‍കിയെങ്കിലും കോടതി അത് തള്ളുകയായിരുന്നു.

ഫോണ്‍കെണി കേസില്‍ തിരുവനന്തപുരം സി.ജെ.എം കോടതിയാണ് ശശീന്ദ്രനെ കുറ്റവിമുക്തനാക്കിയത്. കുറ്റവിമുക്തനായതിനെ തുടര്‍ന്ന് ശശീന്ദ്രന്‍ നാളെ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാനിരിക്കയാണ് മറ്റൊരു ഹര്‍ജി ഹൈക്കോടതിയിലെത്തിരിക്കുന്നത്.