നിലക്കടല കഴിച്ച ഉടന്‍ വെള്ളം കുടിക്കരുതെന്ന് പറയുന്നത് എന്തുകൊണ്ട് ?

single-img
30 January 2018

നിലക്കടല കൊറിക്കാന്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്. സിനിമാതീയേറ്ററിലും ഉത്സവപ്പറമ്പുകളിലും വൈകുന്നേരത്തെ സൊറ പറച്ചിലിനിടയിലും അലസ നടത്തത്തിലും മിക്കവരുടെയും കയ്യില്‍ ഒരു പൊതി കടല കാണും. പല പഠനങ്ങളും തെളിയിക്കുന്നത് ഹൃദയത്തിന്റെ ആരോഗ്യത്തിന് ഉത്തമമായ നട്‌സ് ആണ് നിലക്കടലയെന്നാണ്.

ഭക്ഷണത്തോടൊപ്പം നിലക്കടല കഴിക്കുന്നത് ഹൃദ്രോഗവും പക്ഷാഘാതവും തടയുമെന്ന് യുഎസിലെ പെന്‍സില്‍വാനിയ സ്റ്റേറ്റ് സര്‍വകലാശാല ഗവേഷകര്‍ നടത്തിയ പഠനത്തില്‍ തെളിഞ്ഞിട്ടുമുണ്ട്. എന്നാല്‍ നിലക്കടല തിന്നാലുടന്‍ വെള്ളം കുടിക്കരുത് എന്നാണ് പറയാറ്. തെളിയിക്കപ്പെട്ടിട്ടില്ലെങ്കിലും ഇങ്ങനെ പറയാന്‍ കാരണങ്ങള്‍ നിരവധിയാണ്.

നിലക്കടല പൊതുവെ ഡ്രൈ ആയതിനാല്‍ ദാഹം കൂടും എന്നതാണ് ഒരു കാരണം. കൂടാതെ അവയില്‍ എണ്ണ അടങ്ങിയിട്ടുമുണ്ട്. എണ്ണ അടങ്ങിയ ഭക്ഷണം കഴിച്ചതിനു ശേഷം വെള്ളം കുടിച്ചാല്‍ അത് അന്നനാളത്തില്‍ കൊഴുപ്പ് അടിഞ്ഞു കൂടാനും ചുമ, അസ്വസ്ഥത മുതലായവ ഉണ്ടാകാനും കാരണമാകും.

മറ്റൊന്ന് നിലക്കടല ശരീരത്തിന് ചൂടാണ് എന്നതാണ്. വെള്ളം കുടിക്കുമ്പോള്‍ അത് ശരീരത്തിന്റെ താപനിലയുടെ ബാലന്‍സ് ഇല്ലാതാക്കും, ഇത് ചൂടിനെ കെടുത്തും. പെട്ടെന്നുള്ള ഈ ചൂടും തണുപ്പും ചുമയ്ക്കും ജലദോഷത്തിനും ശ്വാസ സംബന്ധമായ പ്രശ്‌നങ്ങള്‍ക്കും കാരണമാകും.

നിലക്കടല തിന്ന ശേഷം വെള്ളം കുടിക്കുന്നത് വായൂ കോപത്തിന് കാരണമാകും പ്രത്യേകിച്ച് കുട്ടികളില്‍. ചില കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും നിലക്കടല അലര്‍ജിയുണ്ടാക്കും. ഇവര്‍ക്ക് തൊണ്ടയില്‍ കരകരപ്പും ഉണ്ടാകും. വെള്ളം കുടിച്ചാല്‍ ഈ അസ്വസ്ഥത കൂടുകയേ ഉള്ളൂ. എന്തായാലും നിലക്കടല കഴിച്ച് കുറഞ്ഞത് ഒരു പത്തോ പതിനഞ്ചോ മിനിറ്റ് കഴിഞ്ഞ ശേഷമേ വെള്ളം കുടിക്കാവൂ.