വന്‍ കൊള്ളസംഘം കേരളത്തില്‍: എ.ടി.എമ്മില്‍ നിന്നും പണം ചോര്‍ത്താം: ജാഗ്രത വേണമെന്ന് പൊലീസ്

single-img
30 January 2018

എ.ടി.എം തട്ടിപ്പിനായി ഹരിയാനയിലെ തിരുട്ടുഗ്രാമങ്ങളില്‍ നിന്നുള്ള വന്‍ സംഘം കേരളത്തിലെത്തിയതായി പൊലീസ്. തട്ടിപ്പിന് സാങ്കേതിക വിദഗ്ധരുടെ പരിശീലനം നേടിയ 24 അംഗ സംഘം വിവിധ ജില്ലകള്‍ കേന്ദ്രീകരിച്ച് തട്ടിപ്പിനായി കളമൊരുക്കുന്നുവെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം.

കഴിഞ്ഞ ദിവസം കോഴിക്കോട് ടൗണ്‍ പൊലീസ് പിടികൂടിയ മൂന്നുപേരെ ചോദ്യം ചെയ്തപ്പോഴാണ് വന്‍മോഷണ സംഘം കേരളത്തില്‍ തമ്പടിച്ച വിവരം പുറത്തായത്. എ.ടി.എം തട്ടിപ്പുകള്‍ക്ക് കുപ്രസിദ്ധമായ ഹരിയാനയിലെ പിണക്കാവ്, മുണ്ടത്തെ ഗ്രാമങ്ങളില്‍ നിന്നായി നിരവധിപേര്‍ കേരളത്തില്‍ എത്തിയിട്ടുണ്ടെന്നാണ് പിടിയിലായവരുടെ മൊഴി.

എ.ടി,എമ്മുകളുടെയും ബാങ്കുകളുടെയും സര്‍വറുകളുടെ ചെറിയ പിഴവുകള്‍ കണ്ടെത്തിയാണ് തട്ടിപ്പ്. ഇതിന് പരിശീലനം നല്‍കുന്നതിനായി പ്രത്യേക സംഘം തന്നെ ഹരിയാനയില്‍ ഉണ്ടെന്നും പ്രതികള്‍ മൊഴി നല്‍കിയിട്ടുണ്ട്. സംഘത്തില്‍പെട്ട അഞ്ചുപേര്‍ ഇതുവരെ പിടിയിലായി.

ബാക്കിയുള്ളവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. ഇതേ സംഘം തന്നെ കര്‍ണാടകയിലും തമിഴ്‌നാട്ടിലും തട്ടിപ്പ് നടത്തിയിട്ടുണ്ട്. എ ടി.എം മെഷീനില്‍ സ്‌കിമ്മറുകളും കാമറകളും സ്ഥാപിച്ചായിരുന്നു ഇവിടങ്ങളിലെ തട്ടിപ്പ്. എന്നാല്‍ കേരളത്തിലെ എടിഎമ്മുകളില്‍ ആന്റി സ്‌കിമ്മറുകള്‍ ഉള്ളതിനാലാണ് ബാങ്കിങ് കേന്ദ്രങ്ങളെ പോലും ഞെട്ടിച്ച തട്ടിപ്പ് രീതിയിലേക്ക് സംഘം കടന്നത്.

അതിനിടെ ഫെയ്‌സ്ബുക്ക്, വാട്‌സ്ആപ്പ് തുടങ്ങിയ നവമാദ്ധ്യമങ്ങളിലൂടെ ബന്ധം സ്ഥാപിച്ച് വ്യക്തിഗത വിവരങ്ങള്‍ മനസിലാക്കി നടത്തുന്ന സൈബര്‍ തട്ടിപ്പുകള്‍ക്കെതിരേയും പൊലീസ് ജാഗ്രതാനിര്‍ദ്ദേശം നല്‍കി. വിദേശത്ത് താമസിക്കുന്ന തങ്ങള്‍ അനന്തരാവകാശികളില്ലാത്തവരാണെന്നും, അനധികൃതമായി പണം സൂക്ഷിക്കുന്നവരാണെന്നും സ്‌നേഹസൂചകമായി സമ്മാനങ്ങളും ഗിഫ്റ്റ് വൗച്ചറുകളും അയയ്ക്കുകയാണെന്നുമൊക്കെ ധരിപ്പിച്ചാണ് തട്ടിപ്പുകള്‍.

ഇത്തരം സന്ദേശങ്ങള്‍ അയച്ചശേഷം സമ്മാനങ്ങള്‍ ഡല്‍ഹിയില്‍ എത്തിയിട്ടുണ്ടെന്ന് അറിയിക്കും. പിന്നീട് റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥര്‍, എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ എന്ന വ്യാജേന ഫോണ്‍ ചെയ്ത് സമ്മാനം കിട്ടാന്‍ വന്‍തുക പിഴയടയ്ക്കണമെന്ന് ആവശ്യപ്പെടും.

പണം നിക്ഷേപിക്കേണ്ട അക്കൗണ്ട് വിവരങ്ങളും നല്‍കും. അനധികൃതമായി രാജ്യത്ത് തങ്ങുന്ന നൈജീരിയക്കാര്‍ ഉത്തരേന്ത്യന്‍ കുറ്റവാളികളുമായി ചേര്‍ന്ന് വ്യാജവിലാസത്തില്‍ ബാങ്ക് അക്കൗണ്ട് തുറന്നാണ് പണം തട്ടിയെടുക്കുന്നതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.

വിജനമായ സ്ഥലങ്ങളിലെ എ.ടി.എമ്മുകള്‍ക്കടുത്ത് കാര്‍ഡിലെ വിവരങ്ങള്‍ ചോര്‍ത്താന്‍ സ്‌കിമ്മറുകള്‍ വയ്ക്കാനുള്ള സാദ്ധ്യതയേറെയാണെന്നും മുന്നറിയിപ്പുണ്ട്. കാര്‍ഡ് വിവരങ്ങള്‍ ചോര്‍ത്തി വ്യാജകാര്‍ഡുണ്ടാക്കി പണം തട്ടുകയാണ് രീതി. ബാങ്ക് ഉദ്യോഗസ്ഥനെന്ന വ്യാജേന ഉപഭോക്താക്കളെ വിളിച്ച് പിന്‍ നമ്പരും ‘വണ്‍ടൈം പാസ്വേര്‍ഡും’ കൈക്കലാക്കിയുള്ള തട്ടിപ്പും വര്‍ദ്ധിക്കുകയാണ്. ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് പൊലീസ് അറിയിച്ചു.