വേദിയില്‍ തുള്ളിക്കൊണ്ടിരിക്കവേ പ്രാണന്‍ പോകണേയെന്ന ആ വാക്ക് അറം പറ്റി

single-img
29 January 2018

തുള്ളല്‍ കലയെ ജനകീയമാക്കുന്നതില്‍ വലിയ സംഭാവനകള്‍ നല്‍കിയ കലാകാരനാണ് കലാമണ്ഡലം ഗീതാനന്ദന്‍. 1961 ല്‍ പാലക്കാട് ജില്ലയിലെ കറുകപുത്തൂരില്‍ മഠത്തില്‍ പുഷ്പകത്ത് തുള്ളല്‍ കലാകാരന്‍ കേശവന്‍ നമ്പീശന്റെ മകനായി ജനനം. ഒന്‍പതാംവയസ്സില്‍ തുള്ളല്‍ അരങ്ങേറി അച്ഛന്റെയും ജ്യേഷ്ഠന്റെയും ഒപ്പം അരങ്ങില്‍ സജീവമായതിനുശേഷമാണ് ഗീതാനന്ദന്‍ കലാമണ്ഡലത്തില്‍ എത്തുന്നത്.

കലാമണ്ഡലത്തിലെ പഠന ശേഷം അവിടെ തന്നെ അദ്ധ്യാപകനായി. അഭിനവ കുഞ്ചന്‍ എന്നറിയപ്പെടുന്ന ഗീതാനന്ദന്‍ തുള്ളല്‍ കലയുടെ പ്രചാരകനും പ്രയോക്താവുമായിരുന്നു. അയ്യായിരത്തിലധികം വേദികള്‍ കൈയടക്കിയ ഗീതാനന്ദന്‍ തുള്ളല്‍ കലയുടെ അവസാന വാക്കായിരുന്നു.

 

 

 

തുള്ളലില്‍ അസാമാന്യ പാടവം തെളിയിച്ച ഗീതാനന്ദന്റെ ഈ രംഗത്തെ മികച്ച സംഭാവനകളിലൊന്നായിരുന്നു തുള്ളല്‍ പദക്കച്ചേരി. തുള്ളലിലെ സംഗീതം വേര്‍തിരിച്ചെടുക്കുകയായിരുന്നു ലക്ഷ്യം. 22 രാഗങ്ങളും 8 താളങ്ങളും സമന്വയിപ്പിച്ച തുള്ളല്‍ പദക്കച്ചേരി ആസ്വാദക ലോകം ഇരുകൈകളും നീട്ടി സ്വീകരിച്ചു.

2008ല്‍ നാട്ടുകാരും ശിഷ്യരും ചേര്‍ന്ന് വീരശൃംഖല നല്‍കി ആദരിച്ചു. കലാമണ്ഡലം അവാര്‍ഡ്, പുഷ്പക ശ്രീ അവാര്‍ഡ്, വിവിധ അക്കാഡമികളുടെ പുരസ്‌കാരങ്ങളും ഗീതാനന്ദനെ തേടിയെത്തി. 2017 മാര്‍ച്ചില്‍ കലാമണ്ഡലത്തില്‍ നിന്നും വിരമിച്ചു. 25 ഓളം സിനിമകളിലും വേഷമിട്ടിട്ടുണ്ട്.

ചലച്ചിത്ര രംഗത്തെ പ്രമുഖരടക്കം 800 ല്‍ അധികം ശിഷ്യഗണങ്ങളുള്ള ഗീതാനന്ദന് ജപ്പാന്‍, ജര്‍മ്മനി, ഫ്രാന്‍സ്, ചൈന, അബുദാബി തുടങ്ങിയ വിദേശ രാജ്യങ്ങളിലും നിരവധി ശിഷ്യഗണങ്ങളുണ്ട്. ഇന്നലെകളെ മറക്കാത്ത ഗീതാനന്ദന് സുഹുത്തുക്കള്‍ എന്നും ബലഹീനതയായിരുന്നു.

അച്ചന്‍ കേശവന്‍ നമ്പീശനു പുറമെ കെ.എസ്. ദിവാകരന്‍ നായര്‍, ഉണ്ണിക്കൃഷ്ണന്‍ എളയത്, എന്‍.കെ. വാസുദേവ പണിക്കര്‍, എന്‍.കെ. ദേവ് തുടങ്ങിയവരാണ് ഗുരുക്കന്മാര്‍. കുഞ്ചന്‍ നമ്പ്യാര്‍ക്കു ശേഷം തുള്ളല്‍ക്കലയെ ജനകീയമാക്കിയ ഈ കലാകാരന്‍ പത്മശ്രീ എന്ന മോഹം ബാക്കി വച്ചാണ് രംഗവേദിയോടു വിടപറയുന്നത്.

40 വര്‍ഷമായി ചെറുതുരുത്തിയിലെ പുതുശേരിയിലായിരുന്നു താമസം. ആന്‍ജിയോ പ്‌ളാസ്റ്റി കഴിഞ്ഞപ്പോള്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചതാണ് അധികം സ്‌ട്രെയിന്‍ വേണ്ടെന്ന്. എന്നാല്‍ കലയോടുള്ള സ്‌നേഹം കൊണ്ട് വീണ്ടും വേദിയിലെത്തുകയായിരുന്നു ഗീതാനന്ദന്‍.

സ്‌നേഹശാസനയുമായെത്തിയ സുഹൃത്തുക്കളോട്, ബന്ധുക്കളോട്, വേദിയില്‍ തുള്ളിക്കൊണ്ടിരിക്കവേ പ്രാണന്‍ പോകണേയെന്ന ആ ആഗ്രഹം പങ്കുവച്ചു. ആ വാക്കുകള്‍ ഇന്നലെ അറം പറ്റി. തുള്ളല്‍ വേദിയില്‍ തന്നെ രംഗബോധമില്ലാത്ത കോമാളിയായി മരണമെത്തി. . . .

അമ്പത്തിയെട്ടാം വയസില്‍ ഗീതാനന്ദന്‍ എന്നെന്നേക്കുമായി വേഷമഴിക്കുമ്പോള്‍ തുള്ളല്‍കലയിലെ ഒരു യുഗത്തിന് തന്നെയാണ് തിരശീല വീഴുന്നത്.