കൊച്ചിയിലെ ആ മനുഷ്യസ്‌നേഹിയെ തിരിച്ചറിഞ്ഞു: അഡ്വ. രഞ്ജിനി

single-img
29 January 2018

https://www.facebook.com/PeopleTelevision/videos/1440399946085408/

കൊച്ചി: എറണാകുളം പത്മ ജംഗ്ഷനിലെ കെട്ടിടത്തില്‍നിന്നു വീണ് ആരും തിരിഞ്ഞുനോക്കാതെ കിടന്നിരുന്ന തൃശൂര്‍ സ്വദേശി ഷാജിയെ ആശുപത്രിയിലെത്തിക്കാന്‍ മുന്‍കൈയെടുത്ത ആ മനുഷ്യസ്‌നേഹിയെ തിരിച്ചറിഞ്ഞു. ഹൈക്കോടതി അഭിഭാഷകയായ രഞ്ജിനിയാണ് ഷാജിയെ ആശുപത്രിയിലെത്തിക്കാന്‍ തയ്യാറായത്.

പത്മ ജംഗ്ഷന് സമീപം താമസിക്കുന്ന രഞ്ജിനി ഒരു ചടങ്ങില്‍ പങ്കെടുക്കാനായി വൈകുന്നേരം 6.45 ഓടെ മെട്രോ സ്റ്റേഷനിലേക്കു പോകുന്നതിനിടെയാണ് കെട്ടിടത്തില്‍ നിന്നും വീണു കിടക്കുന്ന ഷാജിയെ കാണുന്നത്. തലയ്ക്കും കാലിനും ഗുരുതരപരിക്കേറ്റ അവസ്ഥയിലായിരുന്നു ഷാജി.

സമീപത്തുണ്ടായിരുന്ന ആരും തന്നെ അദ്ദേഹത്തെ ആശുപത്രിയിലെത്തിക്കാനുള്ള ശ്രമം നടത്തിയില്ലെന്ന് രഞ്ജിനി പറഞ്ഞു. കൂടി നിന്നിരുന്ന ആളുകളോടും വണ്ടിക്കാരോടും ഇദ്ദേഹത്തെ ആശുപത്രിയിലെത്തിക്കാന്‍ അപേക്ഷിച്ചെങ്കിലും ആരും ചെവിക്കൊണ്ടില്ല.

തനിക്ക് പരിചയമുള്ള ഒരു സ്വകാര്യ ആശുപത്രിയില്‍ ബന്ധപ്പെട്ടെങ്കിലും അവിടെ ആ സമയം ആംബുലന്‍സില്ലെന്ന മറുപടിയാണ് ലഭിച്ചത്. തുടര്‍ന്ന് ലഭിച്ച ഒരു കാറില്‍ ഷാജിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനുള്ള സാഹചര്യമുണ്ടാക്കുകയായിരുന്നു.

അപകടത്തില്‍പ്പെട്ട മനുഷ്യന്റെ കുടുംബത്തിലുള്ളവരെക്കുറിച്ചാണ് താന്‍ ആ നിമിഷങ്ങളില്‍ ചിന്തിച്ചതെന്നും രഞ്ജിനി പറഞ്ഞു. ഗുരുതരമായി പരുക്കേറ്റ സജി ഇപ്പോള്‍ കോട്ടയം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ശരീരം പകുതി തളര്‍ന്നിരിക്കുന്നു.

തൃശൂര്‍ പാലയ്ക്കലില്‍ നിന്നും ജോലി തേടി എറണാകുളത്തെത്തിയതാണ് സജി. ബന്ധുക്കളെ വിവരം അറിയിച്ചെങ്കിലും ഇതുവരെ ആരും എത്തിയിട്ടില്ല. അതിനിടെ രഞ്ജിനിയ്ക്ക് അഭിനന്ദനവുമായി നടന്‍ ജയസൂര്യ രംഗത്തെത്തി.

വീഡിയോ കടപ്പാട്: കൈരളി