ജീവിച്ചിരിക്കെ അവയവം ദാനം ചെയ്യുന്നവരുടെ തുടര്‍ ചികില്‍സ സര്‍ക്കാര്‍ ഏറ്റെടുക്കും

single-img
28 January 2018


തിരുവനന്തപുരം: ജീവിച്ചിരിക്കെ അവയവം ദാനം ചെയ്യുന്നവരുടെ തുടർചികിത്സ സർക്കാർ ഏറ്റെടുക്കുന്നു. ഇനി മുതൽ ജീവിച്ചിരിക്കുന്നവരുടെ അവയവദാനം സർക്കാരിന്‍റെ നിയന്ത്രണത്തിലായിരിക്കും. അവയവദാനത്തിന് സര്‍ക്കാര്‍ പരസ്യം നല്‍കാനും അന്തിമ തീരുമാനം. ഇക്കാര്യങ്ങള്‍ ഹൈക്കോടതിയെ അറിയിക്കാനും ഉന്നതതലയോഗത്തില്‍ തീരുമാനമായി. ജീവിച്ചിരിക്കുന്നവരില്‍ നിന്നുള്ള അവയവദാനത്തിന്റെ മറവില്‍ ഇടനിലക്കാര്‍ ലക്ഷങ്ങള്‍ തട്ടുന്നതൊഴിവാക്കാനായാണ് സര്‍ക്കാര്‍ തന്നെ ഇടനിലക്കാരാകാന്‍ തീരുമാനിച്ചത്.

രണ്ടായിരത്തോളം ആളുകളാണ് സംസ്ഥാനത്ത് അവയവങ്ങൾ കാത്തിരിക്കുന്നത്.അവയവദാനത്തിന് തയാറാകുന്നവർ ഓണ്‍ലൈനായി രജിസ്റ്റർ ചെയ്യണമെന്ന വ്യവസ്ഥയുൾപ്പെടെയുള്ള മാർഗരേഖയ്ക്ക് അവയവദാന അഡ്വൈസറി കമ്മിറ്റി അംഗീകാരം നൽകി സർക്കാരിനു സമർപ്പിച്ചു.

ലാഭേച്ഛയില്ലാതെ അവയവദാനം ചെയ്യാന്‍ തയാറാകുന്നവരെ കണ്ടെത്തും. ദാതാവോ സ്വീകര്‍ത്താവോ പരസ്പരം അറിയാതെ തന്നെ അവയവ ദാനം നടത്തും. ഇങ്ങനെ ശസ്ത്രക്രിയക്ക് വിധേയരാകുന്നവരുടേയും ദാതാക്കളുടേയും രജിസ്ട്രി സര്‍ക്കാര്‍ തയാറാക്കും. സര്‍ക്കാരിന്റെ അവയവദാന പദ്ധതിയായ മൃതസഞ്ജീവനി തന്നെ ഈ പദ്ധതിയുടേയും നോഡല്‍ ഓഫിസായി പ്രവര്‍ത്തിക്കും.