ഗ്രില്‍ഡ് ചിക്കന്‍ കഴിക്കുന്നവരെ കാത്തിരിക്കുന്നത് ‘കാന്‍സറും പക്ഷാഘാതവും’

single-img
27 January 2018

ചില ഭക്ഷണങ്ങള്‍ ശരീരത്തിന് എത്രകണ്ട് ഹാനികരമാണ് എന്നറിഞ്ഞാലും നമ്മള്‍ അത് കഴിക്കും. രുചിക്ക് നമ്മള്‍ കൊടുക്കുന്ന പ്രാധാന്യമാണ് അതിന്റെ കാരണം. ഇത്തരത്തില്‍ ഒരു വിഭവമാണ് ഗ്രില്‍ഡ് ചിക്കന്‍. ബ്രോയ്‌ലര്‍ ചിക്കന്‍ ശരീരത്തിന് ഹാനികരമാണ് എന്നറിഞ്ഞപ്പോള്‍ ഗ്രില്‍ ചെയ്ത് കഴിച്ചാല്‍ ആ പ്രശ്‌നം ഒഴിവാകും എന്ന് സ്വയം വിധിയെഴുതിയവരാണ് മലയാളികള്‍.

എന്നാല്‍ ഗ്രില്‍ഡ് ചിക്കന്‍ നമുക്ക് എട്ടിന്റെ പണി തരുമെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്. ഗ്രില്‍ഡ് ചിക്കന്‍ വിഭവങ്ങള്‍ വൃക്കയിലുണ്ടാകുന്ന അര്‍ബുദത്തിന് കാരണമാകുമെന്ന് പുതിയ പഠനങ്ങള്‍ കണ്ടെത്തിയിരിക്കുന്നു. ഉയര്‍ന്ന താപനിലയില്‍ തീയില്‍വെച്ച് നേരിട്ട് പാചകം ചെയ്യുന്ന മാംസ വിഭവങ്ങളും ഇത് പാചകം ചെയ്യാനുപയോഗിക്കുന്ന മറ്റ് വസ്തുക്കളും കിഡ്‌നിയെ പ്രതികൂലമായി ബാധിക്കും.

അമേരിക്ക അടക്കമുള്ള രാജ്യങ്ങളില്‍ പ്രായപൂര്‍ത്തിയായവരില്‍ റീനല്‍ സെല്‍ കാര്‍സിനോമ എന്ന അര്‍ബുദരൂപം വളരെ വലിയതോതില്‍ വ്യാപകമാവുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. ഫാസ്റ്റ് ഫുഡ് അടക്കമുള്ളവയുടെ ഉപയോഗമാണ് ഇതിന് പ്രധാന കാരണമെന്ന കണ്ടെത്തലിലാണ് അമേരിക്കയിലെ ടെക്‌സാസ് സര്‍വകലാശാലയിലെ ഗവേഷകര്‍.

അര്‍ബുദ രോഗികളെ പഠനവിധേയമാക്കിയതില്‍ നിന്നാണ് അവരില്‍ ഭൂരിപക്ഷത്തിനും ഭക്ഷണ രീതിയാണ് രോഗകാരണമായതെന്ന് കണ്ടെത്തിയത്. മാംസം നേരിട്ട് തീയില്‍വെച്ച് ചൂടാക്കിയെടുക്കുമ്പോള്‍ രൂപം കൊള്ളുന്ന രാസവസ്തുക്കളാണ് ആരോഗ്യത്തിന് ഹാനികരമാവുന്നത്. കുടുംബത്തില്‍ ക്യാന്‍സര്‍ പാരമ്പര്യമുള്ളവര്‍ക്ക് ഇത്തരം ഭക്ഷണശീലം ഉണ്ടാക്കിയേക്കാവുന്ന വിപത്ത് വളരെ വലുതായിരിക്കും.

ഗ്രില്‍ഡ് ചിക്കന്‍ പോലെയുള്ളവ സ്ഥിരമായി കഴിച്ചാല്‍, ഗില്ലന്‍ബാര്‍ സിന്‍ഡ്രോം(ജിബിഎസ്) എന്ന തരത്തിലുള്ള പക്ഷാഘാതം വരാനുള്ള സാധ്യതയും വളരെ കൂടുതലാണ്. പൂര്‍ണമായും വേവാത്തതരം ഭക്ഷണമാണ് ഇത് എന്നതാണ് പ്രധാന കാരണം. രോഗപ്രതിരോധശേഷി നശിപ്പിച്ച്, പേശികളും മറ്റും തളര്‍ത്തി, കിടപ്പിലായി പോകുന്നതരത്തിലുള്ള ആരോഗ്യപ്രശ്‌നമാണ് ഗില്ലന്‍ബാര്‍ സിന്‍ഡ്രോം ശരീരത്തില്‍ ഉണ്ടാക്കുന്നത്.

പക്ഷാഘാതത്തിനുള്ള സാധ്യത രണ്ടിരട്ടിയാണ് ഗ്രില്‍ഡ് ചിക്കന്‍ മൂലം ഉണ്ടാകുന്നത്. വേണ്ടത്ര വേവാത്തതു മൂലമാണ് ചിക്കനിലുള്ള കാംപിലോബാക്ടര്‍ ജെജുനി എന്ന ബാക്ടീരിയ ശരീരത്തില്‍ എത്തി ഗില്ലന്‍ബാര്‍ സിന്‍ഡ്രോമിന് കാരണമാകുന്നത്. മാത്രമല്ല, ഗ്രില്‍ഡ് ചിക്കന്‍ രോഗ പ്രതിരോധശേഷി നശിപ്പിക്കുകയും ചെയ്യുന്നു.