സര്‍ക്കാര്‍ ഉത്തരവിന് പുല്ലുവില: മോഹന്‍ ഭഗവത് പാലക്കാട് പതാക ഉയര്‍ത്തി • ഇ വാർത്ത | evartha
Latest News

സര്‍ക്കാര്‍ ഉത്തരവിന് പുല്ലുവില: മോഹന്‍ ഭഗവത് പാലക്കാട് പതാക ഉയര്‍ത്തി

പാലക്കാട്: ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭഗവത് ദേശീയ പതാക ഉയര്‍ത്തി. പാലക്കാട് വ്യാസവിദ്യാ പീഠം സ്‌കൂളിലാണ് ഭഗവത് പതാക ഉയര്‍ത്തിയത്. ദേശീയ പതാക ഉയര്‍ത്തുന്നതില്‍ സര്‍ക്കാര്‍ മാര്‍ഗ നിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കെയാണ് ആര്‍.എസ്.എസ് മേധാവി പതാക ഉയര്‍ത്തിയത്.

രാവിലെ 9.10 നായിരുന്നു പതാക ഉയര്‍ത്തല്‍. ചടങ്ങിന് പൊലീസ് വന്‍സുരക്ഷ ഒരുക്കിയിരുന്നു. വിദ്യഭ്യാസ സ്ഥാപനങ്ങളില്‍ സ്‌കൂള്‍ മേധാവികളാണു പതാക ഉയര്‍ത്തേണ്ടതെന്നു കാണിച്ചു പൊതുഭരണവകുപ്പ് കഴിഞ്ഞദിവസം സര്‍ക്കുലര്‍ ഇറക്കിയിരുന്നു. അതേസമയം, വ്യാസവിദ്യാപീഠം സ്‌കൂള്‍ സിബിഎസ്ഇക്കു കീഴിലായതിനാല്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം ബാധകമല്ലെന്നാണ് ആര്‍എസ്എസ് വാദം.

സര്‍ക്കുലര്‍ ദേശീയ പതാക ഉയര്‍ത്തുന്നതിനുള്ള കോഡിന്റെ ലംഘനമാണെന്നും സംഘടനാനേതാക്കള്‍ ആരോപിച്ചു. ഇന്നലെ രാത്രി 11.30ന് വ്യാസവിദ്യാപീഠത്തിലെത്തിയ മോഹന്‍ ഭഗവത് ഇന്നുമുതല്‍ മൂന്നുദിവസം ഇവിടെ നടക്കുന്ന ആര്‍എസ്എസ് പ്രാന്തീയ (സംസ്ഥാന) കാര്യകര്‍തൃശിബിരത്തില്‍ മുഴുവന്‍ സമയവും പങ്കെടുക്കും.

പതാക ഉയര്‍ത്തല്‍ ചടങ്ങില്‍ സ്‌കൂള്‍ അധികൃതരെ കൂടാതെ ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍, ആര്‍എസ്എസ് സംസ്ഥാന നേതാക്കള്‍, ബിജെപി സംഘടനാ സെക്രട്ടറിമാര്‍, മറ്റു പരിവാര്‍ സംഘടനാ നേതാക്കള്‍ എന്നിവര്‍ ഉള്‍പ്പെടെ നേതാക്കളുടെ നീണ്ട നിരയുണ്ടായിരുന്നു. സര്‍ക്കുലറിന്റെ പശ്ചാത്തലത്തില്‍ പതാക ഉയര്‍ത്തല്‍ വിവാദമായതോടെ പരിപാടി റിപ്പോര്‍ട്ടു ചെയ്യാന്‍ ദേശീയ മാധ്യമങ്ങളുടെ പ്രതിനിധികളും സ്ഥലത്തെത്തിയിരുന്നു.

കഴിഞ്ഞ സ്വാതന്ത്ര്യദിനത്തില്‍ ഭഗവത് മൂത്താന്തറ കര്‍ണ്ണകയമ്മന്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ദേശീയ പതാക ഉയര്‍ത്തിയതും അതിനെതിരെ വിദ്യഭ്യാസവകുപ്പ് സ്വീകരിച്ച നടപടികളും ദേശീയതലത്തില്‍ തന്നെ രാഷ്ട്രീയ വിവാദമായിരുന്നു.