തട്ടിപ്പിനെ കുറിച്ച് വിശദമായി അന്വേഷിക്കണമെന്ന് ചെന്നിത്തല: തെറ്റു ചെയ്തിട്ടില്ലെന്നു ബിനോയ് പറഞ്ഞതിനാല്‍ അന്വേഷിക്കില്ലെന്ന് മുഖ്യമന്ത്രി

single-img
25 January 2018

തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് ബാലകൃഷ്ണനെതിരായ പണം തട്ടിപ്പ് കേസിനെ കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് താന്‍ കത്തു നല്‍കുമെന്നും ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

13 കോടിയുടെ തട്ടിപ്പാണ് നടന്നിരിക്കുന്നത്. ഇതോടൊപ്പം വിജയന്‍ പിള്ള എം.എല്‍.എയുടെ മകനെതിരെ ചെക്ക് കേസില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഈ രണ്ടു കേസുകളും ഏറെ ഗൗരവമുള്ളതാണ്. ഇത്രയും ഗുരുതരമായ കേസുകള്‍ അന്വേഷിക്കില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാട് ഖേദകരമാണ്.

കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രിയുടേത്. കേരളത്തില്‍ കേട്ടുകേള്‍വി ഇല്ലാത്ത സംഭവമാണിതെന്നും ചെന്നിത്തല പറഞ്ഞു. പണമിടപാട് സംബന്ധിച്ചതിന്റെ സത്യാവസ്ഥ അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്. അതിനാല്‍ ഇതേക്കുറിച്ച് സി.ബി.ഐയോ സാമ്പത്തിക തട്ടിപ്പ് അന്വേഷിക്കുന്ന വിഭാഗമോ വിശദമായ പരിശോധന നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

എന്നാല്‍ ബിനോയ് കോടിയേരിക്കെതിരായ ആരോപണം അന്വേഷിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ആരോപണം ദുരുദ്ദേശപരമാണ്. ബിനോയ് 15 വര്‍ഷമായി വിദേശത്താണ്. തെറ്റ് ചെയ്തിട്ടില്ലെന്ന് ബിനോയ് വിശദീകരിച്ചിട്ടുണ്ട്. വിഷയത്തില്‍ പരാതികള്‍ ലഭിച്ചിട്ടില്ല.

പ്രതിപക്ഷം ഉന്നയിക്കുന്ന പോലെയൊരു അന്വേഷണം നടത്തില്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. സര്‍ക്കാരിന് മുന്നില്‍ ഇതുമായി ബന്ധപ്പെട്ട് ഒരു പ്രശ്‌നവുമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. വാര്‍ത്തയുടെ നിജസ്ഥിതി സര്‍ക്കാരിന് അറിയില്ലെന്നും പിണറായി പറഞ്ഞു.