ബിനോയ് കോടിയേരിക്കെതിരെ ദുബായില്‍ കേസില്ല; ദുബായ് പൊലീസിന്റെ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് പുറത്ത്

single-img
25 January 2018

തിരുവനന്തപുരം: പണം തട്ടിപ്പ് കേസില്‍പ്പെട്ട സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്ക് ദുബായ് പൊലീസിന്റെ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്. ബിനോയിക്കെതിരെ നിലവില്‍ കേസുകള്‍ ഒന്നും തന്നെ ഇല്ലെന്നും പൊലീസ് സര്‍ട്ടിഫിക്കറ്റില്‍ വ്യക്തമാക്കി.

ദുബായ് പൊലീസിന്റെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വകുപ്പാണ് സര്‍ട്ടിഫിക്കറ്റ് നല്‍കിയിരിക്കുന്നത്. ആരോപണങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍ ബിനോയ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിനായി അപേക്ഷിക്കുകയായിരുന്നു. ഇന്നത്തെ (ജനുവരി 25) തീയതിയിലാണ് സര്‍ട്ടിഫിക്കറ്റ് പുറപ്പെടുവിച്ചിരിക്കുന്നത്.

ഇതോടെ കഴിഞ്ഞ ദിവസം ബിനോയിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് തെളിഞ്ഞിരിക്കുകയാണ്. തനിക്കെതിരെ കേസുകള്‍ ഇല്ലെന്ന് വ്യക്തമാക്കുന്ന കോടതി റിപ്പോര്‍ട്ടും ഉടന്‍ തന്നെ ലഭിക്കുമെന്ന് ബിനോയ് പറഞ്ഞു.

തനിക്കെതിരെ ദുബായില്‍ കേസോ യാത്രാ വിലക്കോ ഇല്ലെന്ന് ബിനോയ് ആവര്‍ത്തിച്ചു. ഉടന്‍ തന്നെ താന്‍ ദുബായിലേക്ക് തിരിച്ച് പോകുമെന്നും ബിനോയ് വ്യക്തമാക്കി. ആരോപണങ്ങള്‍ക്ക് പിന്നില്‍ ആരെങ്കിലും മനപ്പൂര്‍വം പ്രവര്‍ത്തിച്ചോ എന്നതിനെ കുറിച്ച് ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്ന് ബിനോയ് പറഞ്ഞു.

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരി പണം തട്ടിയെന്ന് കാണിച്ച് ദുബായ് ആസ്ഥാനമായുള്ള ജാസ് ടൂറിസം എന്ന കമ്പനിയുടെ ഉടമ ഹസ്സന്‍ ഇസ്മയീല്‍ അബ്ദുള്ള അല്‍മറൂഖിയാണ് സിപിഎം ജന.സെക്രട്ടറി സീതാറാം യെച്ചൂരിയെ നേരിട്ട് സമീപിച്ചത്.

തന്റെ പാട്ണറായ രാഹുല്‍ കൃഷ്ണനുമായുള്ള പരിചയം ഉപയോഗിച്ച് കമ്പനിക്ക് നിക്ഷേപമുള്ള ബാങ്കുകളില്‍ നിന്ന് ബിനോയ് കോടിയേരി വായ്പ തരപ്പെടുത്തിയെന്ന് പരാതിയില്‍ പറയുന്നു. ആദ്യം ഒരു ഓഡി കാര്‍ വാങ്ങാന്‍ 54 ലക്ഷം രൂപ വായ്പയെടുത്തു.

പിന്നീട് ഇന്ത്യയിലെയും യു.എ.ഇ, സൗദി അറേബ്യ, നേപ്പാള്‍ എന്നിവിടങ്ങളിലെയും ബിസിനസിനായി 7 കോടി 75 ലക്ഷം രൂപ കൂടി വായ്പയായി സ്വന്തമാക്കി. തന്റെ കമ്പനിയുടെ ഈട് ഉപയോഗിച്ചായിരുന്നു വായ്പയെന്നും പകരം ചെക്കുകള്‍ നല്‍കിയതായി പരാതിയില്‍ പറയുന്നു.

എന്നാല്‍ ഈ ബാങ്ക് വായ്പ തിരിച്ചടക്കാതെ ബിനോയ് ഇന്ത്യയിലേക്ക് കടന്നെന്നും മറ്റ് അഞ്ച് ക്രമിനല്‍ കേസുകള്‍ കൂടി ബിനോയ്‌ക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടാണ് തന്റെ അറിവെന്നും പരാതിയില്‍ പറയുന്നു. കഴിഞ്ഞ രണ്ടുവര്‍ഷമായി രാഹുല്‍ കൃഷ്ണന്‍ നിരന്തരം ബിനോയിയുമായി സംസാരിച്ചു.

13 കോടി തിരിച്ചടക്കാമെന്ന് ഉറപ്പുനല്‍കിയിട്ട് ഇതുവരെ പാലിച്ചില്ല. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ കണ്ട് ഈ വിഷയം രാഹുല്‍ കൃഷ്ണന്‍ സംസാരിച്ചു. എന്നാല്‍ വിഷയം പരിഹരിക്കാമെന്ന ഉറപ്പ് നല്‍കിയെങ്കിലും തുടര്‍ നടപടിയുണ്ടായില്ല.

ഇതേതുടര്‍ന്ന് ദുബായ് കോടതിയെ സമീപിച്ചെന്നും ഇന്റര്‍പോള്‍ വാറണ്ട് പുറപ്പെടുവിക്കാനുള്ള നടപടിയെടുക്കാന്‍ കോടതി ആവശ്യപ്പെട്ടെന്നും പരാതിയില്‍ വ്യക്തമാക്കുന്നു. വിഷയം രമ്യമായി പരിഹരിക്കണം എന്ന് ആവശ്യപ്പെട്ടാണ് യു.എ.ഇ സ്വദേശി സിപിഎം നേതൃത്വത്തെ സമീപിച്ചത്.

അതേസമയം പരാതി പിബിയുടെ മുന്നില്‍ എത്തിയിട്ടില്ലെന്നായിരുന്നു സീതാറാം യെച്ചൂരിയുടെ പരസ്യപ്രതികരണം. ചവറ വിജയന്‍പിള്ളയുടെ മകന്‍ ശ്രീജിത് വിജയന്‍ പിള്ളക്കെതിരെയും ഇതേ കമ്പനി ദുബായ് കോടതിയെ സമീപിച്ചിരുന്നു. 11 കോടി രൂപ തട്ടിയെടുത്ത് മുങ്ങി എന്നായിരുന്നു പരാതി.

ശ്രീജിത്തിനെതിരെ ഇന്റര്‍പോള്‍ വാറണ്ട് പുറപ്പെടുവിക്കാനുള്ള ഉത്തരവ് ദുബായ് കോടതി നല്‍കിയെന്നാണ് രേഖകള്‍ വ്യക്തമാക്കുന്നത്. ഇതിനിടെ ദേശീയ നേതൃത്വത്തിന് കിട്ടിയ പരാതി ചോര്‍ന്നത് പാര്‍ട്ടിയില്‍ പുതിയ വിവാദങ്ങള്‍ക്കും ഇടയാക്കി. കോണ്‍ഗ്രസ് ബന്ധത്തെ കുറിച്ചുള്ള തര്‍ക്കം നേതാക്കള്‍ക്കിടയിലെ ഭിന്നതയായി മാറുമ്പോഴാണ് ഈ വിഷയം സിപിഎമ്മിന് മറ്റൊരു പ്രതിസന്ധിയുണ്ടാക്കുന്നത്.