കോടിയേരിയുടെ മകനെതിരായ തട്ടിപ്പു കേസ്; പാര്‍ട്ടി ഒത്തുതീര്‍പ്പു ചര്‍ച്ച നടത്തിയില്ലെന്ന് യെച്ചൂരി

single-img
24 January 2018

ന്യൂഡല്‍ഹി: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകൻ ബിനോയ് കോടിയേരിക്കെതിരായ തട്ടിപ്പു കേസില്‍ പ്രതികരണവുമായി സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി.ആരോപണം പാര്‍ട്ടി നേതാവിനെതിരെയല്ലെന്നാണ് സിപിഎം കേന്ദ്രനേതൃത്വത്തിന്‍റെ വിലയിരുത്തൽ. ഇതുമായി ബന്ധപ്പെട്ട ഒരു പരാതിയും പിബിക്കു ലഭിച്ചിട്ടില്ലെന്ന് സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.

ഇപ്പോഴുള്ളത് ആരോപണങ്ങള്‍ മാത്രമെന്നും ജനറല്‍ സെക്രട്ടറി വ്യക്തമാക്കി. വിഷയത്തിൽ പാർട്ടിയിൽ ആലോചിച്ചതിനു ശേഷം പ്രതികരിക്കാമെന്നും അദ്ദേഹം പറഞ്ഞു.

13 കോടി രൂപ തട്ടിച്ചുവെന്ന് കാണിച്ച് ദുബായില്‍ ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് രംഗത്തെത്തിയിരിക്കുന്നത്.

ചെക്കുകൾ മടങ്ങുകയും ബിനോയ് ദുബായ് വിടുകയും ചെയ്ത സാഹചര്യത്തിൽ ഇന്റർപോളിന്റെ സഹായം തേടാൻ ദുബായ് പബ്ലിക് പ്രോസിക്യൂട്ടർ‍ നിർദേശം നൽകിയെന്നാണു കമ്പനി വൃത്തങ്ങൾ നൽകുന്ന സൂചന.
ഇന്ത്യ, യുഎഇ, സൗദി അറേബ്യ, നേപ്പാള്‍ എന്നിവിടങ്ങളില്‍ ബിസിനസ് ആവശ്യത്തിനായി 7.7 കോടി രൂപയും ഓഡി കാര്‍ വാങ്ങുന്നതിനായി 53.61 ലക്ഷം രൂപയും തങ്ങളുടെ അക്കൗണ്ടില്‍ നിന്ന് നല്‍കിയെന്നാണ് കമ്പനിയുടെ പരാതിയില്‍ പറയുന്നത്.

കാര്‍ വാങ്ങിയതിന്റെ പണം തിരിച്ചടയ്ക്കുന്നുണ്ടായിരുന്നെങ്കിലും ഇടയ്ക്ക് വെച്ച് അതും നിര്‍ത്തി. പണം തിരികെ നല്‍കണമെന്നും അല്ലാത്ത പക്ഷം നിയമനടപടി സ്വീകരിക്കുമെന്നും കമ്പനി നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഇതനുസരിച്ച് പരാതി ലഭിച്ചതോടെ കോടിയേരി തന്നെ ഒത്തുതീര്‍പ്പ് ചര്‍ച്ചനടത്തുകയും പണം നല്‍കാമെന്ന വാഗ്ദാനം ചെയ്തതായും റിപ്പോര്‍ട്ടുണ്ട്. ഇതേ തുടര്‍ന്ന് 2016 ജൂണ്‍ മാസത്തിന് മുമ്പ് കമ്പനിയുമായുള്ള ഇടപാട് അവസാനിപ്പിക്കുമെന്നും വായ്പയായി വാങ്ങിയ പണം മടക്കി നല്‍കുമെന്നും നേതാവിന്റെ മകന്‍ ഉറപ്പ് നല്‍കിയിരുന്നു.