കുവൈത്തിലെ അനധികൃത താമസക്കാർക്ക് പൊതുമാപ്പ് പ്രഖ്യാപിച്ചു

single-img
24 January 2018

നിയമലംഘകരായി രാജ്യത്ത് തുടരുന്ന ആയിരക്കണക്കിന് വിദേശതൊഴിലാളികൾക്ക് ആശ്വാസമായി കുവൈത്തിൽ പൊതുമാപ്പ് പ്രഖ്യാപിച്ചു.  ജനുവരി 29 മുതൽ ഫെബ്രുവരി 22 വരെയാണ് പൊതുമാപ്പിന്റെ കാലാവധിയെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം ഉത്തരവിൽ വ്യക്തമാക്കി. നിയമലംഘകരായി കഴിയുന്നവർക്ക് പിഴ കൂടാതെ സ്വന്തം രാജ്യത്തേക്ക് തിരിച്ചു പോകാനുള്ള അവസരമാണിത്.

ഇത് ഉപയോഗപ്പെടുത്തുന്നവർക്ക് വീണ്ടും നിയമാനുസൃതമായി രാജ്യത്ത് ജോലിയ്‌ക്ക് എത്താനുള്ള അവസരവും ഒരുക്കുമെന്ന് മന്ത്രാലയം ഉത്തരവിൽ വ്യക്തമാക്കി. രാജ്യത്ത് തുടരാൻ ആഗ്രഹിക്കുന്നവർക്ക് പിഴയടച്ചാൽ താമസാനുമതി രേഖ സാധുതയുള്ളതാക്കാമെന്നും ആഭ്യന്തരമന്ത്രി ഷെയ്ഖ് ഖാലിദ് അൽ ജാറ അൽ സബാഹ് പുറപ്പെടുവിച്ച ഉത്തരവിൽ പറഞ്ഞു.

അതേസമയം, പൊതുമാപ്പിന്റെ കാലാവധി തീരുന്ന ഫെബ്രുവരി 22ന് ശേഷവും നിയമപരമല്ലാതെ രാജ്യത്ത് തുടരുന്നവർക്ക് കടുത്ത പിഴയും ശിക്ഷയും ഉണ്ടാകുമെന്ന് അധികൃതർ മുന്നറിയിപ്പു നൽകി. ഇത്തരക്കാരെ കരിമ്പട്ടികയിൽപ്പെടുത്തും. ഇവർക്ക് കുവൈത്തിലേക്ക് തിരിച്ചുവരാനും കഴിയില്ല.

കുവൈത്തിൽ ഒരു ലക്ഷത്തോളം അനധികൃത താമസക്കാരുണ്ടെന്നാണ് കണക്ക്. 2011ന് ശേഷം ആദ്യമായാണ് കുവൈത്തിൽ പൊതുമാപ്പ് പ്രഖ്യാപിക്കുന്നത്.