ദുബായില്‍ നിന്ന്‌ സിപിഎം നേതാവിന്റെ മകൻ 13 കോടി തട്ടി: പാർട്ടി മറുപടി പറയണമെന്ന് പ്രതിപക്ഷം

single-img
24 January 2018

തിരുവനന്തപുരം: ദുബായിലെ കമ്പനിയില്‍ നിന്ന് കോടികള്‍ തട്ടിയെടുത്തതായി കേരളത്തിലെ സിപിഎം നേതാവിന്റെ മകനെതിരേ പരാതി.
ദുബായിയിലെ ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനി അധികൃതരാണ് സിപിഎം പോളിറ്റ് ബ്യൂറോയ്ക്ക് പരാതി നല്‍കിയത്. പരാതി ലഭിച്ചതായി ഉന്നത സിപിഎം നേതാക്കള്‍ അറിയിച്ചു.

ഇന്ത്യ, യുഎഇ, സൗദി അറേബ്യ, നേപ്പാള്‍ എന്നിവിടങ്ങളില്‍ ബിസിനസ് ആവശ്യത്തിനായി 7.7 കോടി രൂപയും ഓഡി കാര്‍ വാങ്ങുന്നതിനായി 53.61 ലക്ഷം രൂപയും തങ്ങളുടെ അക്കൗണ്ടില്‍ നിന്ന് നല്‍കിയെന്നാണ് കമ്പനിയുടെ പരാതിയില്‍ പറയുന്നത്.

കാര്‍ വാങ്ങിയതിന്റെ പണം തിരിച്ചടയ്ക്കുന്നുണ്ടായിരുന്നെങ്കിലും ഇടയ്ക്ക് വെച്ച് അതും നിര്‍ത്തി. പണം തിരികെ നല്‍കണമെന്നും അല്ലാത്ത പക്ഷം നിയമനടപടി സ്വീകരിക്കുമെന്നും കമ്പനി നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഇതനുസരിച്ച് പരാതി ലഭിച്ചതോടെ പ്രസ്തുത നേതാവ് തന്നെ ഒത്തുതീര്‍പ്പ് ചര്‍ച്ചനടത്തുകയും പണം നല്‍കാമെന്ന വാഗ്ദാനം ചെയ്തതായും റിപ്പോര്‍ട്ടുണ്ട്. ഇതേ തുടര്‍ന്ന് 2016 ജൂണ്‍ മാസത്തിന് മുമ്പ് കമ്പനിയുമായുള്ള ഇടപാട് അവസാനിപ്പിക്കുമെന്നും വായ്പയായി വാങ്ങിയ പണം മടക്കി നല്‍കുമെന്നും നേതാവിന്റെ മകന്‍ ഉറപ്പ് നല്‍കിയിരുന്നു.

പാര്‍ട്ടി പൊളിറ്റ് ബ്യൂറോയെ ഇടപെടുത്തി പണം തിരിച്ചുകിട്ടാനുള്ള ശ്രമമാണ് കമ്പനി നടത്തുന്നത്. ഒത്തുതീര്‍പ്പിലെത്തിയില്ലെങ്കില്‍ പണം തട്ടി രാജ്യം വിട്ടതിന് നിയമനടപടിയുമായി ഇന്റര്‍പോളിനെ സമീപിക്കുമെന്ന് കമ്പനി പാര്‍ട്ടിയെ അറിയിച്ചിട്ടുണ്ട്.

അതേസമയം സിപിഎം നേതാവിന്‍റെ മകനെതിരായ തട്ടിപ്പുകേസ് സംബന്ധിച്ച വിഷയത്തിൽ പാർട്ടി മറുപടി പറയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഗുരുതരമായ ആരോപണമാണ് ഉയർന്നിരിക്കുന്നതെന്നും മുഖ്യമന്ത്രിയോ സിപിഎം നേതാക്കളോ ഇത് സംബന്ധിച്ച് ജനങ്ങളോട് വിശദീകരിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.