13 കോടി വെട്ടിച്ചെന്ന ആരോപണം നിഷേധിച്ച് ബിനോയി കോടിയേരി

single-img
24 January 2018

തിരുവനന്തപുരം: ഗള്‍ഫിലെ ടൂറിസം കമ്പനിയില്‍ നിന്നും 13 കോടി വെട്ടിച്ചുവെന്ന ആരോപണം നിഷേധിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മൂത്തമകൻ ബിനോയ് കോടിയേരി. 2014 ല്‍ ബിസിനസ് ഇടപാടുമായി ബന്ധപ്പെട്ട ഇടപാടുകളാണ് ഇപ്പോള്‍ ആരോപണമായി വരുന്നത് എന്ന് ബിനോയ് പറഞ്ഞു. തന്നെക്കുറിച്ച് പരാതിയില്ലെന്ന് ബിനോയ് പറയുന്നു. ഈ സന്ദര്‍ഭത്തില്‍ ഇത് വിവാദമാക്കുന്നതില്‍ ദുരൂഹതയുണ്ടെന്നും ബിനോയ് പറഞ്ഞു.

അതേസമയം കോടിയേരി ബാലകൃഷ്‌ണന്റെ മകനെതിരായ ദുബായിലെ കന്പനിയുടെ പരാതി കിട്ടിയിട്ടില്ലെന്ന് ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി മാദ്ധ്യമങ്ങളോട് പറഞ്ഞു. ഇപ്പോഴുള്ളത് ആരോപണങ്ങൾ മാത്രമെന്നും യെച്ചൂരി വ്യക്തമാക്കി. ഈ വിഷയത്തിൽ പാർട്ടിയിൽ ആലോചിച്ചതിന് ശേഷം പ്രതികരിക്കാമെന്നും അദ്ദേഹം പറഞ്ഞു.

ഇതിനിടെ പ്രശ്നപരിഹാരത്തിന് സിപിഎമ്മിന്റെ ഇടപെടൽ കമ്പനി ആവശ്യപ്പെട്ടിട്ടുണ്ട്. കോടിയേരിയുടെ മകൻ നൽകിയ ചെക്കുകൾ മടങ്ങുകയും ആൾ ദുബായ് വിടുകയും ചെയ്ത സാഹചര്യത്തിൽ ഇന്റർപോളിന്റെ സഹായം തേടാൻ ദുബായ് പബ്ലിക് പ്രോസിക്യൂട്ടർ‍ നിർദേശം നൽകിയെന്നാണു കമ്പനി വൃത്തങ്ങൾ സൂചന നൽകുന്നുണ്ട്. മകന്റെ നടപടിയെക്കുറിച്ച് കോടിയേരിയുമായി ചില ദൂതന്മാർ ചർച്ച നടത്തിയിരുന്നു.

പണം തിരിച്ചു നൽകുമെന്ന് അദ്ദേഹം ഉറപ്പു നൽകിയെങ്കിലും പിന്നീട് ഒന്നും സംഭവിച്ചില്ല. ഒരു ഔഡി കാർ വാങ്ങുന്നതിന് 3,13,200 ദിർഹം (53.61 ലക്ഷം രൂപ) ഈടു വായ്പയും ഇന്ത്യ, യുഎഇ, സൗദി അറേബ്യ, നേപ്പാൾ എന്നിവിടങ്ങളിലെ ബിസിനസ് ആവശ്യങ്ങൾക്ക് 45 ലക്ഷം ദിർഹവും (7.7 കോടി രൂപ) നേതാവിന്റെ മകന് തങ്ങളുടെ അക്കൗണ്ടിൽനിന്നു ലഭ്യമാക്കിയെന്നാണ് ദുബായ് കമ്പനിയുടെ നിലപാട്.

ബിസിനസ് ആവശ്യത്തിനു വാങ്ങിയ പണം 2016 ജൂൺ ഒന്നിനു മുൻപ് തിരിച്ചുനൽ‍കുമെന്ന് ഉറപ്പു നൽകിയിരുന്നു. കാർ വായ്പയുടെ തിരിച്ചടവ് ഇടയ്ക്കുവച്ചു നിർത്തി. അപ്പോൾ അടയ്ക്കാൻ ബാക്കിയുണ്ടായിരുന്നത് പലിശയ്ക്കു പുറമെ 2,09,704 ദിർഹമാണ് (36.06 ലക്ഷം രൂപ). ബാങ്ക് പലിശയും കോടതിച്ചെലവും ചേർത്താണ് മൊത്തം 13 കോടി രൂപയുടെ കണക്ക്.

തങ്ങൾ നൽകിയതിനു പുറമേ അഞ്ചു ക്രിമിനൽ കേസുകൾകൂടി ദുബായിൽ നേതാവിന്റെ മകനെതിരെയുണ്ടെന്നും സദുദ്ദേശ്യത്തോടെയല്ല തങ്ങളിൽനിന്നു പണം വാങ്ങിയതെന്ന് ഇതിൽനിന്നു വ്യക്തമാണെന്നും കമ്പനി ആരോപിക്കുന്നു. ഇയാൾ ഒരു വർഷത്തിലേറെയായി ദുബായിൽനിന്നു വിട്ടുനിൽക്കുകയാണെന്നും അവർ പരാതിയിൽ പറയുന്നു.

കമ്പനിയുടമകൾ സിപിഎം നേതൃത്വത്തെ പ്രശ്നത്തിൽ ഇടപെടുത്താൻ ശ്രമിക്കുന്നുണ്ട്. ഒന്നുകിൽ മകൻ കോടതിയിൽ ഹാജരാകണം, അല്ലെങ്കിൽ പണം തിരികെ നൽകണം. അത് ഉടനെ ഉണ്ടായില്ലെങ്കിൽ ഇന്റർപോൾ നോട്ടിസിനുള്ള നടപടികളുമായി മുന്നോട്ടുപോകും. ഇതു പാർട്ടിയെ ബോധ്യപ്പെടുത്താനാണ് ശ്രമം.