അമേരിക്കയില്‍ അഞ്ച് അറബ് രാജ്യങ്ങളില്‍ നിന്നുള്ള വിമാന കമ്പനികള്‍ക്ക് നിയന്ത്രണം

single-img
23 January 2018

തീവ്രവാദ ആക്രമണങ്ങള്‍ പ്രതിരോധിക്കാന്‍ എന്ന പേരിലാണ് അഞ്ച് രാജ്യങ്ങളില്‍ നിന്ന് അമേരിക്കയിലേക്ക് പറക്കുന്ന വിമാന കമ്പനികള്‍ക്ക് അമേരിക്ക വീണ്ടും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. യുഎഇ, ഖത്തര്‍, സൗദി അറേബ്യ, ജോര്‍ദാന്‍, ഈജിപ്ത് എന്നിവിടങ്ങളില്‍ നിന്നുള്ള വിമാന കമ്പനികള്‍ക്കാണ് പുതിയ നിയന്ത്രണം.

ഈ വിമാനങ്ങളിലെ കാര്‍ഗോ പ്രത്യേക പരിശോധനയ്ക്ക് വിധേയമാക്കണം എന്നാണ് യുഎസ് ഏവിയേഷന്‍ സെക്യൂരിറ്റി ഉത്തരവിറക്കിയത്. ഏവിയേഷന്‍ മേഖലക്ക് തീവ്രവാദ ഭീഷണി നിലനില്‍ക്കുന്നുണ്ടെന്നും, തീവ്രവാദഗ്രൂപ്പുകള്‍ ഈ വിമാനങ്ങളെ ഉപയോഗിക്കാനും സാധ്യത നിലനില്‍ക്കുന്നുണ്ടെന്നും യുഎസ് ഏവിയേഷന്‍ ഏജന്‍സി വിശദീകരിക്കുന്നു.

ചില രാജ്യങ്ങള്‍ കാര്‍ഗോയുടെ പ്രത്യേക പരിശോധന സ്വയം നടപ്പാക്കി തുടങ്ങിയിട്ടുണ്ടെന്ന് ഏജന്‍സ് വിശദീകരിച്ചു. എമിറേറ്റ്‌സ്, ഇത്തിഹാദ്, ഖത്തര്‍ എയര്‍വേയ്‌സ്, സൗദിയ, റോയല്‍ ജോര്‍ഡാനിയന്‍, ഈജിപ്ത് എയര്‍ എന്നീ വിമാന കമ്പനികള്‍ക്കാണ് ഉത്തരവ് ബാധകമാവുക.

ഡൊണാള്‍ഡ് ട്രംപ് അധികാരമേറ്റതിന് തൊട്ടുപിന്നാലെ അറബ് രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് അമേരിക്കയിലേക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയതും, അറബ് രാജ്യങ്ങളില്‍ നിന്ന് അമേരിക്കയിലേക്ക് പറക്കുന്ന വിമാനങ്ങളില്‍ യാത്രക്കാര്‍ ലാപ്‌ടോപ്പ് പോലുള്ള ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ കൈവശം വെക്കുന്നത് നിരോധിച്ചതും വിവാദമായിരുന്നു. ഈ വിലക്ക് എടുത്തുകളഞ്ഞ് മാസങ്ങള്‍ പിന്നിടും മുന്‍പാണ് പുതിയ നിയന്ത്രണം.