ഇനി ബിജെപിയോടൊപ്പമില്ലെന്ന് ശിവസേന: 2019-ൽ ഒറ്റയ്ക്ക് മത്സരിക്കും

single-img
23 January 2018

ശിവസേന ബിജെപിബിജെപി നേതൃത്വം നൽകുന്ന എൻ ഡി ഏ സഖ്യം വിടാൻ തീരുമാനിച്ച് ശിവസേന. 2019 ല്‍ നടക്കുന്ന ലോകസഭാ തെരെഞ്ഞെടുപ്പിലും മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിലും ഒറ്റയ്ക്ക് മത്സരിക്കാനുള്ള പാര്‍ട്ടി പ്രമേയം ഇന്ന് ചേര്‍ന്ന ശിവസേന ദേശീയ കൗണ്‍സില്‍ യോഗം അംഗീകരിച്ചു. ശിവസേന നേതാവ് സഞ്ജയ് റാവത്ത് ആണ് ദേശീയ നിർവാഹ സമിതിയിൽ ശിവസേന ബിജെപി സഖ്യം വിട്ട്  ഒറ്റയ്ക്കു മൽസരിക്കണമെന്ന പ്രമേയം കൊണ്ടുവന്നത്.

നിർവ്വാഹകസമിതിയിലെ മറ്റംഗങ്ങൾ ഐകകണ്ഠ്യേന പ്രമേയം പാസാക്കി. മഹാരാഷ്ട്രയിൽനിന്നുള്ള 48 ലോക്സഭാ സീറ്റുകളിൽ 25 എണ്ണവും 288 അംഗ നിയമസഭയിൽ 150 സീറ്റുകളും നേടിയെടുക്കണമെന്ന് തീരുമാനമായി.

ശിവസേന എല്ലായ്‌പ്പോഴും സഖ്യം തുടരുന്നതിനു വേണ്ടി വിട്ടുവീഴ്ച ചെയ്തിരുന്നുവെന്ന് സഞ്ജയ് റാവത്ത് പ്രമേയത്തില്‍ പറയുന്നു. എന്നാല്‍ ശിവസേനയെ ആക്രമിക്കുന്നതിനുള്ള ഒരു അവസരവും ബി.ജെ.പി വിട്ടുകളഞ്ഞിരുന്നില്ല. ഇപ്പോള്‍ ശിവസേന അന്തസ്സോടെയാണ് നടക്കുന്നത്. 2019ലെ ലോക്‌സഭ, വിധാന്‍ സഭ തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടി ഒറ്റയ്ക്ക് പോരാടുമെന്നും പ്രമേയത്തില്‍ പറയുന്നു.

കഴിഞ്ഞ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ ശിവസേന ബിജെപി സീറ്റ് വിഭജന ചര്‍ച്ചകള്‍ പരാജയപ്പെട്ടതോടെ ഇരുപാര്‍ട്ടികളും ഒറ്റയ്ക്കൊറ്റയ്ക്കാണ് മത്സരിച്ചത്. എന്നാൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബിജെപിയുടെ ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയായി. സര്‍ക്കാരിനെ പിന്തുണക്കുന്നുണ്ടെങ്കിലും അന്ന് മുതല്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളെ വിമര്‍ശിക്കാനും പരിഹസിക്കാനും കിട്ടുന്ന ഒരുവസരവും ശിവസേന പാഴാക്കിയിരുന്നില്ല.

നാളുകളായി സഖ്യം വിടണമെന്ന അഭിപ്രായത്തിലായിരുന്നു സേനാ നേതാക്കളെല്ലാം. മഹാരാഷ്ട്രാ സർക്കാരിൽനിന്ന് ഒരു വർഷത്തിനുള്ളിൽ വിട്ടുപോകുമെന്ന ഭീഷണിയും ആദിത്യ താക്കറെ കഴിഞ്ഞ വർഷം നൽകിയിരുന്നു. അതിനുപിന്നാലെ കഴിഞ്ഞ ഡിസംബറിൽ ശിവസേന ബിജെപി സഖ്യം പിളർപ്പിന്റെ അടുത്താണെന്നു റാവത്ത് തന്നെ വ്യക്തമാക്കിയിരുന്നു.

ഉദ്ധവ് താക്കറെയുടെ ഇളയ മകനും യുവസേന അധ്യക്ഷനുമായ ആദിത്യ താക്കറെയെ ശിവസേന ദേശീയ എക്‌സിക്യൂട്ടീവില്‍ ഉള്‍പ്പെടുത്താനും യോഗത്തില്‍ തീരുമാനമായി.