പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് ഡ്യൂട്ടി കുറയ്ക്കാനൊരുങ്ങി കേന്ദ്രം; നടപടി പ്രതിഷേധങ്ങള്‍ ഭയന്ന്

single-img
23 January 2018

ബി.ജെ.പി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം തുടങ്ങിയ എണ്ണ വിലയുടെ കടിഞ്ഞാണില്ലാത്ത കുതിപ്പ് പിടിച്ചു കെട്ടണമെന്ന് പെട്രോളിയം മന്ത്രാലയം. ഇതു സംബന്ധിച്ച് മന്ത്രാലയം ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്ക് ശിപാര്‍ശ നല്‍കി. എണ്ണവില പിടിച്ചുനിര്‍ത്താന്‍ എക്‌സൈസ് ഡ്യുട്ടി വെട്ടിക്കുറയ്ക്കണമെന്നാണ് മന്ത്രാലയത്തിന്റെ ആവശ്യം.

ഇക്കാര്യത്തില്‍ പൊതു ബജറ്റില്‍തന്നെ പ്രഖ്യാപനമുണ്ടാവണമെന്നാണ് പെട്രോളിയം മന്ത്രാലത്തിന്റെ ആവശ്യം. പെട്രോള്‍, ഡീസല്‍, വിമാന ഇന്ധനം എന്നിവയെ ജി.എസ്.ടിക്ക് കീഴില്‍ കൊണ്ടുവരണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടതായാണ് അറിയുന്നത്. മോദി സര്‍ക്കാര്‍ വന്നതിന് ശേഷമുള്ള എറ്റവും ഉയര്‍ന്ന നിലയിലാണ് പെട്രോള്‍ വില. 2014ല്‍ ബിജെപി സര്‍ക്കാര്‍ അധികാരമേറ്റെടുക്കുമ്പോള്‍ ഡീസലിന്റെ വില ലീറ്ററിന് 63.20 ആയിരുന്നു.

അന്നത്തെ ഏറ്റവുമുയര്‍ന്ന നിരക്ക്. ഡിസംബര്‍ പകുതി മുതല്‍ ലീറ്ററിന് 3.31 രൂപയാണു പെട്രോളിനു മാത്രം വര്‍ധിച്ചത്. ഡീസലിനാകട്ടെ, 4.86 രൂപയും. മുംബൈയില്‍ 80നു മുകളിലാണു പെട്രോള്‍ വില. രാജ്യത്ത് ഇന്ധനത്തിനായി ഏറ്റവും അധികം ചെലവഴിക്കേണ്ട നഗരങ്ങളിലൊന്നാണു മുംബൈ.

ഡീസല്‍ വില 67.30 രൂപയും. ഇവിടുത്തെ സെയില്‍സ് ടാക്‌സും വാറ്റും മറ്റു നഗരങ്ങളെ അപേക്ഷിച്ച് അധികമാണ്. വില അനിയന്ത്രിതമായി ഉയരുന്നതിനിടെ നികുതി കുറയ്ക്കുന്നതിന് ആവശ്യമായ നിര്‍ദേശങ്ങളുടെ പട്ടിക ധനമന്ത്രാലയത്തിന് അയച്ചിട്ടുണ്ടെന്നു പെട്രോളിയം സെക്രട്ടറി കെ.ഡി.ത്രിപാഠി അറിയിച്ചിരുന്നു.

എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ പങ്കുവയ്ക്കാന്‍ അദ്ദേഹം തയാറായില്ല. പെട്രോളിനു ലീറ്ററിന് 19.48 രൂപയാണ് എക്‌സൈസ് നികുതി; ഡീസലിന് 15.33 രൂപയും. ഡല്‍ഹിയില്‍ പെട്രോളിനു വാറ്റ് 15.39 രൂപയും ഡീസലിന് 9.32 രൂപയുമാണ്. 2014 നവംബര്‍ മുതല്‍ 2016 ജനുവരി വരെ ഒന്‍പതു തവണയാണ് എന്‍ഡിഎ സര്‍ക്കാര്‍ എക്‌സൈസ് ഡ്യൂട്ടി വര്‍ധിപ്പിച്ചത്.

കഴിഞ്ഞ ഒക്ടോബറില്‍ ലീറ്ററിന് രണ്ടു രൂപ എക്‌സൈസ് നികുതി കുറച്ചിരുന്നു. അന്ന് പെട്രോള്‍ വില 70 രൂപയോട് അടുത്തപ്പോഴാണ് നികുതി കുറച്ചത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 5.2 ലക്ഷം കോടി രൂപയാണ് നികുതിയിനത്തില്‍ മാത്രം കേന്ദ്രത്തിന് ലഭിച്ചത്.