വിവാഹ രജിസ്‌ട്രേഷന്‍ ഇനി വീഡിയോ കോണ്‍ഫറന്‍സ് വഴിയും

single-img
23 January 2018

കൊച്ചി: വിദേശത്തുള്ള ദമ്പതിമാരുടെ വിവാഹരജിസ്‌ട്രേഷന്‍ വീഡിയോ കോണ്‍ഫറന്‍സിങ് വഴി നടത്തിക്കൊടുക്കാവുന്നതാണെന്ന് ഹൈക്കോടതി. അമേരിക്കയിലുള്ള കൊല്ലം സ്വദേശി പ്രദീപിന്റെയും ആലപ്പുഴ സ്വദേശിനി ബെറൈലിയുടെയും വിവാഹം വീഡിയോ കോണ്‍ഫറന്‍സിങ് വഴി നടത്തണമെന്ന ഹര്‍ജി അനുവദിച്ചാണിത്.

ട്രംപിന്റെ പുതിയ കുടിയേറ്റ നയമാണ് ഇവരുടെ വിവാഹത്തിന് തടസം സൃഷ്ടിച്ചത്. 17 വര്‍ഷം മുന്‍പ് ഇരുവരുടെയും വിവാഹം കഴിഞ്ഞതാണ്. ആദ്യം അയര്‍ലന്റിലായിരുന്ന പ്രദീപന്‍ 2006 ല്‍ ആണ് അമേരിക്കയിലേക്ക് പോയത്. ഇവിടെ സ്ഥിരം താമസക്കാരനാണ് ഇദ്ദേഹം.

ഭാര്യയെയും മക്കളെയും അമേരിക്കയിലേക്ക് കൊണ്ടുപോകുന്നതിനുള്ള വിസയ്ക്ക് അപേക്ഷിക്കാന്‍ സ്‌പെഷല്‍ മാര്യേജ് നിയമപ്രകാരം വിവാഹിതരാകേണ്ടതുണ്ട്. എന്നാല്‍ ഇപ്പോള്‍ അമേരിക്കയില്‍ നിന്ന് തിരികെ നാട്ടിലേക്ക് വന്നാല്‍ തിരിച്ച് പോകാന്‍ സാധിക്കില്ലെന്ന ആശങ്ക മൂലം ഇരുവരും കോടതിയെ സമീപിക്കുകയായിരുന്നു.

വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി ഇവരുടെ അറിവോടെയാണ് വിവാഹം എന്ന് രജിസ്ട്രാര്‍ക്ക് ഉറപ്പുവരുത്താമെന്നും രജിസ്റ്ററില്‍ ഇവര്‍ നിര്‍ദ്ദേശിക്കുന്നവര്‍ ഒപ്പുവച്ചാല്‍ മതിയെന്നും കോടതി നിര്‍ദ്ദേശിച്ചു. സാമൂഹിക മാറ്റത്തിനും സാഹചര്യങ്ങള്‍ക്കും ഒപ്പം നിയമം മാറണമെന്ന് പറഞ്ഞ കോടതി നിന്നിടത്ത് തന്നെ നില്‍ക്കരുതെന്നും വ്യക്തമാക്കി.

ശക്തമായ സാമൂഹിക മാറ്റം പുരോഗതിക്ക് തടസമായ നിയമങ്ങളെ തട്ടിമാറ്റുമെന്നും കോടതി നിരീക്ഷിച്ചു. നേരത്തേ ക്രിമിനല്‍ കേസുകളിലെ വിചാരണ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ നടത്താമെന്ന വിധിയാണ് ഇരുവര്‍ക്കും അനുകൂലമായത്. വിവാഹരജിസ്‌ട്രേഷനുള്ള അപേക്ഷ ദമ്പതിമാരുടെ അറിവോടെയാണെന്ന് വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ ഉറപ്പാക്കി രജിസ്‌ട്രേഷന്‍ നടത്തിക്കൊടുക്കാനാണ് കോടതിയുടെ നിര്‍ദേശം.