സംസ്ഥാനത്ത് നാളെ വാഹന പണിമുടക്ക്: പരീക്ഷകള്‍ 25 ലേക്കു മാറ്റി

single-img
23 January 2018

തിരുവനന്തപുരം: ഡീസലിനും പെട്രോളിനും അനിയന്ത്രിതമായി വില വര്‍ധിപ്പിക്കുന്നതില്‍ പ്രതിഷേധിച്ചു സംസ്ഥാനത്ത് നാളെ വാഹന പണിമുടക്ക്. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണു പണിമുടക്ക്. ട്രേഡ് യൂണിയനുകളും ഗതാഗത മേഖലയിലെ തൊഴില്‍ ഉടമകളും സംയുക്തമായാണു പണിമുടക്കുന്നത്.

നാളെ നടത്തുന്ന മോട്ടോര്‍ വാഹന പണിമുടക്കിനെ പിന്തുണയ്ക്കണമെന്നു സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അഭ്യര്‍ഥിച്ചു. സിഐടിയു, എഐടിയുസി, ഐഎന്‍ടിയുസി, യുടിയുസി, എച്ച്എംഎസ്, എസ്ടിയു, ജനതാ ട്രേഡ് യൂണിയന്‍, ടിയുസിഐ, കെടിയുസി തുടങ്ങിയ ട്രേഡ് യൂണിയനുകള്‍ക്കൊപ്പം ബസ്, ലോറി, ടാങ്കര്‍, ഡ്രൈവിങ് സ്‌കൂള്‍, വര്‍ക്ഷോപ്, സ്‌പെയര്‍ പാര്‍ട്‌സ് ഡീലേഴ്‌സ് തുടങ്ങിയ വിവിധ മേഖലകളിലെ തൊഴിലുടമ സംഘടനകളും പണിമുടക്കില്‍ പങ്കുചേരും.

ഓട്ടോ, ടാക്‌സി, സ്വകാര്യബസ്, ലോറി, ടാങ്കര്‍ ലോറി സര്‍വീസുകള്‍ക്കൊപ്പം കെഎസ്ആര്‍ടിസി ബസുകളും റോഡിലിറങ്ങില്ല. പാല്‍, പത്രം, ആംബുലന്‍സ്, ആശുപത്രി തുടങ്ങിയവയെ പണിമുടക്കില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പണിമുടക്ക് പൂര്‍ണമാക്കണമെന്ന് മോട്ടോര്‍ വ്യവസായ സംരക്ഷണ സമിതി കണ്‍വീനര്‍ കെ കെ ദിവാകരന്‍ അഭ്യര്‍ഥിച്ചു.

കേരള, കാലിക്കറ്റ് സര്‍വകലാശാലകള്‍ നാളെ നടത്താനിരുന്ന പരീക്ഷകള്‍ വാഹന പണിമുടക്കു കാരണം മാറ്റി. പുതുക്കിയ തീയതി വെബ്‌സൈറ്റില്‍. കണ്ണൂര്‍ സര്‍വകലാശാല നാളത്തെ എംപിഎഡ്, ബിപിഎഡ് ഒഴികെയുള്ള എല്ലാ പരീക്ഷകളും 25 ലേക്കു മാറ്റി. ആരോഗ്യ സര്‍വകലാശാല നാളത്തെ തിയറി പരീക്ഷകള്‍ 25 ലേക്കു മാറ്റി. കുസാറ്റിലും നാളത്തെ പരീക്ഷകള്‍ മാറ്റി. നാളത്തെ പത്താംതരം തുല്യതാ സേ പരീക്ഷ 31ന് ആയിരിക്കും.