ദേശീയപതാക ഉയർത്തേണ്ടത് സ്ഥാപനമേധാവികളെന്ന് സർക്കാരിന്റെ പുതിയ സർക്കുലർ: നേരിടുമെന്ന് ബിജെപി

single-img
23 January 2018

മോഹന്‍ ഭഗവത് ദേശീയ പതാകറിപബ്ലിക് ദിനത്തില്‍ സ്‌കൂളുകളില്‍ സ്ഥാപനമേധാവികള്‍ മാത്രമേ ദേശീയപതാക ഉയര്‍ത്താൻ അധികാരമുള്ളൂ എന്ന് നിർദ്ദേശിക്കുന്ന സര്‍ക്കുലര്‍ സർക്കാർ പുറത്തിറക്കി. ജില്ലാ, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് തലങ്ങളില്‍ ആരായിരിക്കണം ദേശീയ പതാക ഉയര്‍ത്തേണ്ടതെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നുണ്ട്.

കഴിഞ്ഞ വര്‍ഷം സ്വാതന്ത്ര്യദിനത്തില്‍ പാലക്കാട് മുത്താംന്തറ കര്‍ണകിയമ്മന്‍ ഹയര്‍ സെക്കഡറി സ്‌കൂളില്‍ ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭഗവത് ദേശീയ പതാക ഉയര്‍ത്തിയത് വിവാദമായിരുന്നു. ഈ വർഷവും മോഹൻ ഭഗവത് തന്നെ പതാക ഉയര്‍ത്തുമെന്ന പ്രഖ്യാപനത്തിനിടെയാണ് സര്‍ക്കുലര്‍ പുറത്തുവന്നിരിക്കുന്നത്.

സര്‍ക്കാര്‍,എയ്ഡഡ് സ്‌കൂളുകളില്‍ സ്‌കൂള്‍ മേധാവികള്‍ മാത്രമേ പതാക ഉയര്‍ത്താന്‍ പാടുള്ളു. പതാക ഉയര്‍ത്തുന്ന സമയത്ത് നിര്‍ബന്ധമായും ദേശീയഗാനാലാപനം ഉണ്ടായിരിക്കണമെന്നും സര്‍ക്കുലറിലുണ്ട്.

കഴിഞ്ഞ വര്‍ഷം മോഹന്‍ ഭഗവത് ദേശീയ പതാക ഉയര്‍ത്തിയ ചടങ്ങില്‍ ദേശീയ ഗാനത്തിനു പകരം ദേശീയഗീതമായ വന്ദേമാതരമാണ് ആലപിച്ചത്. ഇത് ദേശീയ ഫ്‌ളാഗ് കോഡിന്റെ ലംഘനമാണെന്നും പൊതുഭരണ വകുപ്പ് കണ്ടെത്തിയിരുന്നു. ഈ സംഭവത്തില്‍ സ്‌കൂള്‍ അധികൃതര്‍ക്ക് എതിരെ നിയമനടപടിക്കും ശിപാര്‍ശ ചെയ്തിരുന്നു. സ്കൂളിലെ പ്രധാനാധ്യാപകനും മാനേജര്‍ക്കുമെതിരെ നടപടിയെടുക്കാന്‍ ഡിപിഐക്ക് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിരുന്നു. ക്രിമിനല്‍ കേസ് നിലനില്‍ക്കുമോയെന്നു പരിശോധിക്കാന്‍ പൊലീസിനോടും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. സംഭവത്തില്‍ നടപടി വൈകുന്നതില്‍ ആരോപണവുമായി കോണ്‍ഗ്രസടക്കമുള്ള പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു.

അതേസമയം, സര്‍ക്കാര്‍ ഉത്തരവ് ചട്ടവിരുദ്ധമാണെന്നും അത്തരത്തില്‍ ഉത്തരവിറക്കാന്‍ ഒരു ഉദ്യോഗസ്ഥനും അധികാരമില്ലെന്നും ബി.ജെ.പി നേതാവ് എം.ടി രമേശ് പറഞ്ഞു. മോഹന്‍ ഭഗവത് ഇത്തവണയും കേരളത്തില്‍ എത്തുമെന്നും ദേശീയ പതാക ഉയര്‍ത്തുമെന്നും എം.ടി രമേശ് വെലുവിളിച്ചതായി മംഗളം റിപ്പോർട്ട് ചെയ്യുന്നു.

പാലക്കാട്–ഷൊര്‍ണൂര്‍ റൂട്ടിലുള്ള കല്ലേക്കാട് വ്യാസവിദ്യാപീഠത്തില്‍ 26 മുതല്‍ നടക്കുന്ന ആര്‍എസ്എസ് മണ്ഡല്‍ ഉപരികാര്യകര്‍തൃ പ്രവര്‍ത്തകരുടെ ശിബിരത്തില്‍ പങ്കെടുക്കാനെത്തുമ്പോൾ മോഹന്‍ ഭഗവത് രാവിലെ ഒന്‍പതിനു ഒരു സ്വകാര്യ സ്കൂളിലെ റിപ്പബ്ലിക്ദിനാഘോഷ പരിപാടിയില്‍ ദേശീയ പതാക ഉയര്‍ത്തുമെന്നാണു ആർ എസ് എസിന്റെ പ്രഖ്യാപനം.

സ്വാതന്ത്ര്യദിനത്തിലും റിപ്പബ്ലിക് ദിനത്തിലും എവിടെയാണോ ആര്‍.എസ്.എസ്. അധ്യക്ഷനുള്ളത് ആ സ്ഥലങ്ങളില്‍ അദ്ദേഹം ദേശീയപതാക ഉയര്‍ത്തുക പതിവാണെന്നും ഇത്തവണയും ആ രീതി പിന്തുടരുക മാത്രമാണ് ചെയ്യുന്നതെന്നുമാണു ആർ എസ് എസിന്റെ നിലപാട്.

പിണറായി വിജയന്‍ സര്‍ക്കാരിന്റെ സര്‍ക്കുലര്‍ കൊണ്ട് ഭയക്കുന്നവരല്ല തങ്ങള്‍. സര്‍ക്കാര്‍ വേണമെങ്കില്‍ നിയമനടപടിയെടുക്കട്ടെ. ഇവിടെ കോടതിയും ഭരണഘടനയുമുണ്ട്. തങ്ങള്‍ നേരിട്ടുകൊള്ളാമെന്നും എം.ടി രമേശ് പറഞ്ഞു.