മുനീറിന്റെ കുസൃതി കണ്ട ചെന്നിത്തല അത് കവറിലാക്കി കൊടുത്തയച്ചു: തുറന്നു നോക്കിയ ഐസക് പൊട്ടിചിരിച്ചു

single-img
23 January 2018

കഴിഞ്ഞ ദിവസം നിയമസഭയില്‍ ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗം നടത്തുമ്പോഴായിരുന്നു സംഭവം. ചില അംഗങ്ങള്‍ ഗവര്‍ണര്‍ പറയുന്നത് ശ്രദ്ധാപൂര്‍വ്വം വീക്ഷിക്കുമ്പോള്‍ മറ്റ് ചിലര്‍ മറ്റൊന്തൊക്കെയോ ചിന്തിച്ചു കൂട്ടുകയായിരുന്നു. എന്നാല്‍ താടി നരച്ച് പുതിയ ലുക്കില്‍ തനിക്ക് അഭിമുഖമായിരുന്ന ഐസകിനെ കണ്ടപ്പോള്‍ മുനീറിന് കൗതുകമായി.

ഉടന്‍ തന്നെ മുന്നിലിരുന്ന ഒരു പേപ്പറെടുത്ത് വര തുടങ്ങി. ഇതു തൊട്ടടുത്തിരുന്ന രമേശ് ചെന്നിത്തല കണ്ടു. വരച്ച കടലാസ് വാങ്ങി അതില്‍ ‘മുനീര്‍ വരച്ചതാണ്’ എന്നെഴുതി രമേശ് ചെന്നിത്തല കവറിലാക്കി നേരെ തോമസ് ഐസക്കിനു കൊടുത്തയച്ചു.

കവര്‍ വാങ്ങി തുറന്നു നോക്കിയ ഐസക് ചിരിച്ചു. എന്നിട്ടു മുനീറിനെ നോക്കി അസലായി എന്ന മട്ടില്‍ കൈകാട്ടി, നന്ദിയുമറിയിച്ചു. മുനീര്‍ ഹാപ്പി. നയപ്രഖ്യാപന പ്രസംഗത്തില്‍ സര്‍ക്കാരിനെതിരെ പ്രതിപക്ഷം പ്ലക്കാര്‍ഡും ബാനറും ഉയര്‍ത്തി പ്രതിഷേധിക്കുന്നതിനിടെയാണ് ഈ സംഭവം നടന്നത് എന്നതാണ് കൗതുകം.

പുറമെയുള്ള ഏറ്റുമുട്ടുലുകള്‍ക്കിടയിലും സ്‌നേഹത്തിന്റെ ഇത്തരം അന്തര്‍ധാരകള്‍ നിയമസഭയില്‍ സജീവമാണെന്ന് മാധ്യമ പ്രവര്‍ത്തകര്‍ പറയുന്നു.