ഹാദിയ കേസില്‍ സംസ്ഥാന സര്‍ക്കാര്‍ അഭിഭാഷകനെ മാറ്റി

single-img
23 January 2018

ഹാദിയ കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കാനിരിക്കെ സംസ്ഥാന സര്‍ക്കാര്‍ അഭിഭാഷകനെ മാറ്റി. വി.ഗിരിക്ക് പകരം ജയദീപ് ഗുപ്തയായിരിക്കും സര്‍ക്കാരിന് വേണ്ടി ഹാജരാകുക. കേസ് നേരത്തെ പരിഗണിച്ചപ്പോള്‍ വി.ഗിരി എടുത്ത നിലപാട് വിവാദമായിരുന്നു.

കേരളത്തിന്റെ നിലപാടു പറയുന്നതിനുപകരം ദേശീയ അന്വേഷണ ഏജന്‍സിയെ പിന്താങ്ങുകയാണ് അഭിഭാഷകന്‍ രണ്ടുതവണ ചെയ്തതെന്ന വിലയിരുത്തലിലാണ് അദ്ദേഹത്തെ ഒഴിവാക്കിയത് എന്നാണ് വിവരം. സംസ്ഥാനത്തു ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തിലുള്ള കേസ് ഏറ്റെടുക്കാന്‍ അനുവദിക്കണമെന്നു നേരത്തേ, എന്‍ഐഎ സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടപ്പോഴും കേരളം അനുകൂലിച്ചിരുന്നു.

കേരളത്തിന്റെ നിലപാട് എന്‍ഐഎയുടെ അഭിഭാഷകന്‍ എടുത്തുപറയുകയും ചെയ്തു. അന്ന് കേസ് പരിഗണിച്ചപ്പോള്‍ കോടതി ആദ്യം ഹാദിയയോടു സംസാരിക്കണമോ അതോ എന്‍ഐഎയുടെ അന്വേഷണത്തിന്റെ ഫലങ്ങള്‍ പരിശോധിക്കണമോയെന്ന ചോദ്യം ബെഞ്ച് ഉന്നയിച്ചു.

എന്‍ഐഎയുടെയും ഹാദിയയുടെ പിതാവിന്റെയും അഭിഭാഷകര്‍ ആദ്യം രേഖകള്‍ പരിശോധിക്കണമെന്നു നിലപാടെടുത്തു. അതിനോടു വി. ഗിരിയും യോജിക്കുകയായിരുന്നു. കോടതിയുടെ ഉദ്യോഗസ്ഥനെന്ന നിലയിലാണ് താന്‍ പറയുന്നതെന്ന മുഖവുരയോടെയാണ് ഗിരി നിലപാടു വ്യക്തമാക്കിയത്. എന്നാല്‍, സംസ്ഥാനം നിയോഗിക്കുമ്പോള്‍ വ്യക്തിപരമായ നിലപാടല്ല സര്‍ക്കാരിന്റെ നിലപാടുതന്നെയാണു പറയേണ്ടതെന്നും രണ്ടു തവണയും അതുണ്ടായില്ലെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.

സംസ്ഥാനത്തിന്റെ അഭിഭാഷകന്‍ കോടതിയിലെടുത്ത നിലപാട് തിരുത്തേണ്ടതുണ്ടെന്നു സിപിഎം പൊളിറ്റ്ബ്യൂറോ അംഗം വൃന്ദ കാരാട്ട് ഇംഗ്ലിഷ് ദിനപത്രത്തിലെ ലേഖനത്തിലൂടെ ഇന്നലെ വ്യക്തമാക്കിയിരുന്നു. അഭിഭാഷകനെ മാറ്റണമെന്നുതന്നെയാണ് ഉദ്ദേശിച്ചതെന്നും സംസ്ഥാന ഭരണനേതൃത്വവുമായി സംസാരിച്ചശേഷമുള്ളതാണ് ആ നിലപാടെന്നും പാര്‍ട്ടിയുടെ ദേശീയ നേതാക്കള്‍ സൂചിപ്പിച്ചു.

എന്‍ഐഎയുടെ അന്വേഷണ റിപ്പോര്‍ട്ടും അന്വേഷണം റദ്ദാക്കണമെന്ന ഷഫിന്‍ ജഹാന്‍ സമര്‍പ്പിച്ച ഹര്‍ജിയുമാണ് ഇന്ന് കോടതിയുടെ പരിഗണനക്ക് വരുക. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.