ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഉപയോഗിച്ചു: കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ക്ക് ‘പണി പോയി’

single-img
22 January 2018


ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച കെ.എസ്.ആര്‍.ടി.സി ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. കോട്ടയത്തുനിന്നു കോഴിക്കോട്ടേക്കു പോകുകയായിരുന്നു ചാലക്കുടി ഡിപ്പോയുടെ കെ.എസ്.ആര്‍.ടി.സി ഫാസ്റ്റ് പാസഞ്ചര്‍ ബസിലെ ഡ്രൈവര്‍ തൃശൂര്‍ നടത്തറ സ്വദേശി സെലിന്റെ ലൈസന്‍സാണ് മോട്ടോര്‍ വാഹന വകുപ്പ് മലപ്പുറം എന്‍ഫോഴ്‌സ്‌മെന്റ് പിടികൂടി സസ്‌പെന്‍ഡ് ചെയ്തത്.

ദേശീയപാത കക്കാട്ടുവച്ചാണ് സംഭവം. ജങ്ഷനിലൂടെ മൊബൈല്‍ഫോണ്‍ ഉപയോഗിച്ച് ഓടിച്ചുവരവേ ഇതേ ബസില്‍ യാത്ര ചെയ്യുകയായിരുന്ന മോട്ടോര്‍ വാഹനവകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് അധികൃതര്‍ മൊബൈല്‍ഫോണ്‍ പിടിച്ചെടുക്കുകയും ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുന്നതിനുവേണ്ടി റിപ്പോര്‍ട്ട് തയാറാക്കി നല്‍കുകയുമായിരുന്നു.

ഇന്നലെ മാത്രം ദേശീയപാതയില്‍ വിവിധ കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ചു മോട്ടോര്‍ വാഹനവകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം നടത്തിയ പരിശോധനയില്‍ മൊബൈല്‍ഫോണ്‍ ഉപയോഗിച്ച് ഡ്രൈവ് ചെയ്ത ഒന്‍പതു പേര്‍, ലൈസന്‍സില്ലാതെ വാഹനമോടിച്ച എട്ടു പേര്‍, സമയനിയന്ത്രണം പാലിക്കാത്ത ആറു ടിപ്പര്‍ ലോറികള്‍, സൈലന്‍സര്‍ മാറ്റിവച്ച മൂന്നു ബുള്ളറ്റ് മോട്ടോര്‍സൈക്കിള്‍ തുടങ്ങി നാല്‍പതോളം വാഹനങ്ങള്‍ക്കെതിരേ നടപടിയെടുക്കുകയും പിഴയിനത്തില്‍ 32,000 രൂപ ഈടാക്കുകയും ചെയ്തു.

ഈ മാസം 38 പേരുടെ ലൈസന്‍സാണ് സസ്‌പെന്‍ഡ് ചെയ്തത്. തുടര്‍ദിവസങ്ങളിലും പരിശോധന കര്‍ശനമാക്കുമെന്ന് അധികൃതര്‍ പറഞ്ഞു