ഒരു കിലോ മുല്ലപ്പൂവിന് വില 6000 രൂപ

single-img
22 January 2018

മുല്ലപ്പൂവില റോക്കറ്റിനെക്കാള്‍ വേഗത്തില്‍ കുതിക്കുകയാണ്. രണ്ടുദിവസം കൊണ്ട് കിലോയ്ക്ക് 1800 രൂപ കൂടി മുല്ലപ്പൂവിന്റെ വില സര്‍വ്വകാലറേക്കോഡിലേക്ക് എത്തിയിരിക്കുകയാണ്. തോവാളയിലെ പൂമാര്‍ക്കറ്റില്‍ ഒരു കിലോ മുല്ലപ്പൂവിന് വില 6000 കടന്നു.

കഴിഞ്ഞയാഴ്ച 4000 രൂപയിലേക്കു കുത്തിച്ചുയര്‍ന്ന വില പിന്നീടു 3000 രൂപയായിരുന്നു. അതാണ് ഇന്നലെ അതിന്റെ ഇരട്ടിവിലയിലെത്തിയത്. കടുത്ത മഞ്ഞുവീഴ്ച മൂലം പൂക്കളുടെ വരവു ഗണ്യമായി കുറഞ്ഞതും വിവാഹമുഹൂര്‍ത്തങ്ങള്‍ കൂടുതലായതുമാണു വിലവര്‍ധനയ്ക്കു കാരണമെന്നു കച്ചവടക്കാര്‍ പറയുന്നു.

പിച്ചിപ്പൂ വിലയും ഉയര്‍ന്നു. കഴിഞ്ഞ ദിവസം 1250 രൂപയ്ക്കു വിറ്റിരുന്ന ഒരു കിലോ പിച്ചിക്ക് ഇന്നലെ 1600 രൂപയായിരുന്നു വില.
കേരളത്തിന്റെ അതിര്‍ത്തിയില്‍ മുല്ലപ്പൂ കൃഷി വ്യാപകമാണ്. എന്നാല്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ മൊത്തവില്‍പന മാര്‍ക്കറ്റുകളില്ലാത്തതിനാല്‍ കോയമ്പത്തൂര്‍, തോവാള എന്നിവിടങ്ങളിലെത്തിയാണ് മൂല്ലപ്പൂ കേരളത്തിലേക്കെത്തുന്നത്.

മഞ്ഞുകാലം കേരളത്തിലെ മൂല്ലപ്പൂ കൃഷിയെ സാരമായി ബാധിച്ചിട്ടില്ലെങ്കിലും, പൊങ്കല്‍ കഴിഞ്ഞതോടെ തമിഴ്‌നാട്ടില്‍ ഇപ്പോള്‍ കല്യാണ സീസണാണ്. ക്ഷാമം മൂലം കേരളത്തിലെ പൂക്കളെയാണ് അവര്‍ ആശ്രയിക്കുന്നത്. കേരളത്തിലെ പൂവിപണിയില്‍ രണ്ടുദിവസമായി മുല്ലപ്പൂ എത്തുന്നില്ല.

തൃശ്ശൂര്‍ മാര്‍ക്കറ്റില്‍ വെള്ളിയാഴ്ച മുല്ലപ്പൂ കിലോയ്ക്ക് 3500 രൂപയായിരുന്നു. കോയമ്പത്തൂരില്‍ വലിയ വില നല്‍കിയാണ് കേരളത്തിലെ വ്യാപാരികള്‍ മുല്ലപ്പൂ എടുക്കുന്നത്. നാള്‍ക്കുനാള്‍ പൂവിന് വില വര്‍ധിക്കുന്നതിനാല്‍ മുഴം കണക്കാക്കിയുള്ള വില്‍പനയും വ്യാപാരികള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്.