ദളിതരെ തെരുവു നായ്ക്കളോടുപമിച്ച് കേന്ദ്രമന്ത്രി

single-img
22 January 2018

ബംഗളൂരു: ദളിതരെ തെരുവു നായ്ക്കളോടുപമിച്ച് കേന്ദ്ര നൈപുണ്യ വികസന മന്ത്രി അനന്ത്കുമാര്‍ ഹെഗ്‌ഡെ. ശനിയാഴ്ച കര്‍ണാടകയിലെ ബെല്ലാരിയില്‍ ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കാനെത്തിയ മന്ത്രിയെ ദളിത് വിഭാഗത്തില്‍പെട്ടവര്‍ ഉപരോധിച്ചിരുന്നു.

ഇതിനു പിന്നാലേയാണ് മന്ത്രിയുടെ പരാമര്‍ശം. പ്രധാനമന്ത്രിയുടെ സ്വപ്‌നം സാക്ഷാത്കരിക്കുന്നതിനായി മുന്നോട്ടു പോകുമെന്നും അതിനിടെ കുരയ്ക്കുന്ന തെരുവ് പട്ടികളെ ഗൗനിക്കേണ്ടതില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

ഭരണഘടനാ ശില്‍പ്പി ഡോ. ബി.ആര്‍. അംബേദ്കറിനെ അപമാനിച്ചെന്ന് ആരോപിച്ചായിരുന്നു അദ്ദേഹത്തെ വഴിയില്‍ തടഞ്ഞത്. ബുദ്ധി ജീവികളെ ഉദ്ദേശിച്ചായിരുന്നു തന്റെ വാക്കുകള്‍. എന്നാല്‍, അത് ദളിത് വിരുദ്ധമായി വളച്ചൊടിക്കുകയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

മതേതരത്വം എന്ന വാക്ക് ഭരണഘടനയില്‍ നിന്ന് നീക്കണമെന്ന ആവശ്യത്തിലൂടെ മന്ത്രി മുമ്പും വിവാദങ്ങളില്‍ ഇടം നേടിയിരുന്നു. ഇതേ തുടര്‍ന്ന് ഹെഗ്‌ഡെയുടെ രാജി പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു.