മോദി സര്‍ക്കാരിനെതിരായ വിമര്‍ശനം ഗവര്‍ണര്‍ മനപൂര്‍വ്വം വായിച്ചില്ല: നയപ്രഖ്യാപന പ്രസംഗം വിവാദത്തില്‍

single-img
22 January 2018

നയപ്രഖ്യാപന പ്രസംഗത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാരിനെതിരായ വിമര്‍ശനം ഗവര്‍ണര്‍ ഒഴിവാക്കി. ഗവര്‍ണ്ണര്‍ ജസ്റ്റിസ് പി.സദാശിവം നിയമസഭയില്‍ വായിച്ച നയപ്രഖ്യാപന പ്രസംഗത്തിലെ അഞ്ചാം പേജിലാണ് കേന്ദ്രസര്‍ക്കാരിനും സംഘപരിവാറിനും എതിരെയുള്ള രൂക്ഷ വിമര്‍ശനം ഉള്‍പ്പെടുത്തിയിരുന്നത്.

ഇതില്‍ സഹകരണ ഫെഡറലിസത്തെ അട്ടിമറിച്ചുകൊണ്ട്, സംസ്ഥാന സര്‍ക്കാരിനെ മറികടന്ന്, കേന്ദ്രം തദ്ദേശ സ്ഥാപനങ്ങളും ജില്ലാഭരണാധികാരികളുമായി നേരിട്ട് ഇടപെടുന്നുവെന്ന വാചകം ഗവര്‍ണ്ണര്‍വായിച്ചില്ല. അതിന മുന്‍പും പിന്‍പുമുള്ള വാചകങ്ങള്‍ വായിക്കുകയും ചെയ്തു.

പേരെടുത്തുപറയാതെയാണ് സംഘപരിവാര്‍ശക്തികളെ വിമര്‍ശിച്ചിരുന്നത്. ചില വര്‍ഗ്ഗീയസംഘടനകള്‍ ആസൂത്രണം ചെയ്തിരുന്നു എങ്കില്‍പോലും നമ്മുടെ സംസ്ഥാനത്ത് യാതൊരുരീതിയിലുള്ള വര്‍ഗ്ഗീയലഹളയും ഉണ്ടായിട്ടില്ല എന്നാണ് എഴുതി തയ്യാറാക്കിയ പ്രസംഗത്തിലുള്ളത്. ഇത് ഗവര്‍ണ്ണര്‍ വെട്ടിച്ചുരുക്കി, സംസ്ഥാനത്ത് വര്‍ഗ്ഗീയലഹള ഉണ്ടായിട്ടില്ല എന്ന് മാത്രമാക്കി.

പിണറായി സര്‍ക്കാരിന്റെ കേന്ദ്രവിരുധ നിലപാടിനോടും വര്‍ഗ്ഗീയലഹളക്ക് സംഘപരിവാര്‍ ശക്തികള്‍ കളമൊരുക്കി എന്ന ആരോപണത്തോടും ഗവര്‍ണ്ണര്‍ യോജിക്കുന്നില്ലെന്നതിന്റെ തെളിവായി നയപ്രഖ്യാപന പ്രസംഗം. അതേസമയം സംസ്ഥാനത്തിന്റെ മതേതര പാരമ്പര്യത്തെ ചിലര്‍ അപകീര്‍ത്തിപ്പെടുത്തി, നേട്ടങ്ങളെ കുറച്ചുകാണിച്ചു, ക്രമസമാധാനനിലസംബന്ധിച്ച ദുരാരോപണങ്ങള്‍ ഉന്നയിച്ചു എന്നീ പ്രസംഗഭാഗങ്ങള്‍ ഗവര്‍ണ്ണര്‍ സഭയില്‍ വായിക്കുകയും ചെയ്തു.

എന്നാല്‍, ജിഎസ്ടി, നോട്ട് അസാധുവാക്കല്‍ തുടങ്ങിയ കേന്ദ്ര സര്‍ക്കാര്‍ നയങ്ങളെ സംസ്ഥാന സര്‍ക്കാരിന്റെ സമ്പദ്ഘടനയെ ഗുരുതരമായി ബാധിച്ചുവെന്ന ഭാഗം അദ്ദേഹം സഭയില്‍ വായിക്കുകയും ചെയ്തു. നയപ്രഖ്യാപന പ്രസംഗത്തില്‍ നിന്ന് മുമ്പും ഒഴിവാക്കല്‍ നടന്നിട്ടുണ്ടെങ്കിലും കേന്ദ്ര സര്‍ക്കാരിനെതിരേയുള്ള ഗുരുതര വിമര്‍ശനങ്ങള്‍ ഒഴിവാക്കിയതാണ് ചര്‍ച്ചയാകുന്നത്.