‘ദിലീപ് വീണ്ടും നടിയെ അപമാനിക്കാന്‍ ശ്രമിക്കുന്നു’

single-img
22 January 2018

കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിയെ വീണ്ടും അപമാനിക്കാനുള്ള ശ്രമമാണ് നടന്‍ ദിലീപ് നടത്തുന്നതെന്ന കര്‍ശന നിലപാടുമായി അന്വേഷണ സംഘം കോടതിയില്‍. മുഖ്യപ്രതി പള്‍സര്‍ സുനി പകര്‍ത്തിയ ദൃശ്യങ്ങള്‍ നല്‍കണമെന്നാവശ്യപ്പെട്ട് ദിലീപ് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പോലീസ് നല്‍കിയ എതിര്‍ സത്യവാങ്മൂലത്തിലാണ് ഈ പരാമര്‍ശമുള്ളത്.

കേസിലെ പ്രധാന തെളിവായ ദൃശ്യങ്ങളില്‍ നിന്നും ചില സംഭാഷണ ശകലങ്ങള്‍ അടര്‍ത്തിമാറ്റി സാമാന്യ ബുദ്ധിക്ക് നിരക്കാത്ത കാര്യങ്ങളാണ് ദിലീപ് പറയുന്നതെന്നും പോലീസ് വ്യക്തമാക്കി. കേസിലെ 254 രേഖകള്‍ ചട്ടപ്രകാരം കിട്ടാനുണ്ടെന്നാണ് ദിലീപ് കോടതിയെ അറിയിച്ചത്.

മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തില്‍ ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ അഭിഭാഷകര്‍ക്ക് നേരത്തേ അനുമതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ദിലീപ് ഹര്‍ജി നല്‍കിയത്. ഹര്‍ജിയുടെ പകര്‍പ്പുകള്‍ മാധ്യമങ്ങള്‍ക്ക് നല്‍കി നടിയെ മോശക്കാരിയാക്കാന്‍ ദിലീപിന്റെ ഭാഗത്തു നിന്നും ശ്രമമുണ്ടായെന്നും പോലീസ് പറയുന്നു.

അതേസമയം ആദ്യ കുറ്റപത്രത്തില്‍നിന്ന് വ്യത്യസ്തമായാണ് അനുബന്ധ കുറ്റപത്രത്തില്‍ കാര്യങ്ങള്‍ പറയുന്നതെന്ന് ദിലീപ് ഹര്‍ജിയില്‍ പരാതിപ്പെട്ടിരുന്നു. ഈ കുറ്റപത്രം നിരസിക്കണം. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ നിര്‍ത്തിയിട്ട വാഹനത്തില്‍വെച്ച് ചിത്രീകരിച്ചതായാണ് മനസ്സിലാകുന്നത്.

ഇതു പ്രോസിക്യൂഷന്‍ പറയുന്നതിന് വിപരീതമാണെന്നും ദിലീപ് ഹര്‍ജിയില്‍ പറയുന്നു. നടിയെ ആക്രമിച്ച ദൃശ്യങ്ങളുള്ള വീഡിയോയിലെ ശബ്ദവും ദൃശ്യങ്ങളും പ്രോസിക്യൂഷന്‍ പറഞ്ഞതിനു വിപരീതമാണ്. ഒന്നാം പ്രതിയായ പള്‍സര്‍ സുനിയും പോലീസും തമ്മില്‍ ഒത്തുകളി നടന്നിട്ടുണ്ട്.

പോലീസിന് ഇഷ്ടമുള്ള വീഡിയോകളും ശബ്ദങ്ങളും മാത്രമടങ്ങിയ മെമ്മറി കാര്‍ഡാണ് കോടതിയില്‍ കുറ്റപത്രത്തിനൊപ്പം സമര്‍പ്പിച്ചിരിക്കുന്നതെന്നും ഹര്‍ജിയില്‍ പറയുന്നു. ഈ മെമ്മറി കാര്‍ഡിലെ സ്ത്രീശബ്ദത്തെപ്പറ്റിയും ദിലീപ് പരാതിപ്പെടുന്നു. മെമ്മറി കാര്‍ഡില്‍ തിരിമറി നടത്തി അതിലുള്ള സ്ത്രീശബ്ദം ഒഴിവാക്കാന്‍ ശ്രമങ്ങള്‍ നടന്നിട്ടുണ്ട്.

ചില സമയങ്ങളില്‍ ഈ സ്ത്രീശബ്ദം കേള്‍ക്കാന്‍ കഴിയുന്നുണ്ട്. ചില നിര്‍ദേശങ്ങളാണ് സ്ത്രീ നല്‍കുന്നത്. കഴിഞ്ഞ മാര്‍ച്ചിലാണ് പോലീസ് ഒന്നാംപ്രതിയുടെ ശബ്ദ സാമ്പിളുകള്‍ എടുത്തത്. വീഡിയോയില്‍ ഉള്ള പ്രതിയുടെ ശബ്ദവുമായി ഒത്തുനോക്കാന്‍ വേണ്ടിയായിരുന്നു ഇത്.

ഒത്തുനോക്കിയതിന്റെ ഫലം ഇതുവരെ ലഭ്യമായിട്ടില്ലെന്നും ദിലീപിന്റെ പരാതിയില്‍ പറയുന്നു. തനിക്കെതിരേ ഹാജരാക്കിയ സുപ്രധാന രേഖകള്‍ നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ആദ്യ കുറ്റപത്രത്തിന്റെ പകര്‍പ്പോ രേഖകളോ നല്‍കിയിട്ടില്ല. ഫൊറന്‍സിക് റിപ്പോര്‍ട്ട് പോലും മറച്ചുവെച്ചതായും ദിലീപ് ആരോപിക്കുന്നു.