പ്രണയസാഫല്യം: നടി ഭാവന വിവാഹിതയായി

single-img
22 January 2018

നടി ഭാവനയുടെ കഴുത്തിൽ കന്നഡ സിനിമാ നിർമാതാവ് നവീൻ താലി ചാർത്തി. തൃശൂര്‍ തിരുവമ്പാടി ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കള്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.

ബന്ധുക്കൾക്കും സിനിമാമേഖലയിലെ സുഹൃത്തുക്കൾക്കുമായി വൈകിട്ട് സ്നേഹവിരുന്നുമുണ്ട്. ബെംഗളൂരുവിൽ നവീനിന്റെ വീട്ടുകാർക്കും സുഹൃത്തുക്കൾക്കുമായി പിന്നീടു വിവാഹസൽക്കാരം നടത്തും.

ആറ് വർഷമായി നവീനും ഭാവനയും അടുത്ത സുഹൃത്തുക്കളാണ്. 2012ല്‍ റോമിയോ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് ഭാവനയും നവീനും പരിചയപ്പെടുന്നത്. സൌഹൃദം പിന്നീട് പ്രണയമാവുകയായിരുന്നു.

കഴിഞ്ഞ വർഷം മാർച്ച് ഒമ്പതിനായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം. നവീന്റെ അമ്മ മരിച്ച് ഒരു വർഷം തികയാൻ കാത്തിരുന്നതിനാലാണ് വിവാഹം അൽപ്പം നീട്ടിവെച്ചത്.

ഞായറാഴ്ച്ച നടന്ന മൈലാഞ്ചിയിടല്‍ ചടങ്ങിന് രമ്യാ നമ്പീശന്റെ നേതൃത്വത്തിലുള്ള താരങ്ങള്‍ വന്നിരുന്നു. നടിമാരായ രമ്യാ നമ്പീശന്‍, ഷഫ്ന, മൃദുല, ശ്രിത ശിവദാസ്, ഗായിക സയനോര എന്നിവരാണ് മെഹന്ദി ചടങ്ങിനെത്തിയത്.