ആവശ്യത്തിന് ഉറക്കം ലഭിച്ചില്ലെങ്കില്‍ സംഭവിക്കുന്നത്?

single-img
21 January 2018

A man sleeping

നമുക്കിപ്പോള്‍ എല്ലാത്തിനും സമയം ഉണ്ട്. പക്ഷേ ഉറങ്ങാന്‍ മാത്രം സമയമില്ല. എന്താ ശരിയല്ലേ? ഉറക്കത്തിന് ഒരു പ്രാധാന്യവും കല്‍പ്പിക്കാത്തവരും നമുക്കിടയിലുണ്ട്. എന്നാല്‍ മതിയായ ഉറക്കം ലഭിച്ചില്ലെങ്കില്‍ ആരോഗ്യം അവതാളത്തിലാകുമെന്ന് പലരും അറിയുന്നില്ല.

ആരോഗ്യമുള്ള ഒരാള്‍ ദിവസം എട്ടു മണിക്കൂര്‍ നേരം ഉറങ്ങണം എന്നാണു വൈദ്യശാസ്ത്രം പറയുന്നത്. നമ്മുടെ ഉറക്കവും ശാരീരികമാനസിക പ്രവര്‍ത്തനങ്ങളും തമ്മില്‍ അഭേദ്യബന്ധമാണുള്ളത്. അതിനാല്‍ത്തന്നെ ഉറക്കം വേണ്ടത്ര ലഭിക്കാതെ വരുന്നത് കടുത്തശാരീരിക പ്രശ്‌നങ്ങള്‍ മാത്രമല്ല മാനസികമായും ഒരാളെ പിടികൂടുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.

സ്ഥിരമായി എട്ടു മണിക്കൂറില്‍ താഴെ ഉറക്കം ലഭിക്കുന്നവരില്‍ വിഷാദരോഗം, ഉല്‍കണ്ഠ എന്നിവ കൂടുതലായിരിക്കുമെന്നു പഠനങ്ങള്‍ പറയുന്നു. നെഗറ്റീവായുള്ള ചിന്തകളില്‍ നിന്നും മനസ്സിനെ മാറ്റിയെടുക്കാന്‍ ഉറക്കം കുറവുള്ളവര്‍ക്ക് പലപ്പോഴും സാധിക്കാതെ വരും. ഇതാണ് വിഷാദരോഗത്തിലേക്ക് നയിക്കാനുള്ള ഒരു കാരണം.

പ്രശ്‌നങ്ങളും ടെന്‍ഷനും എല്ലാവര്‍ക്കും ഉണ്ടാകുമെങ്കിലും ഉറക്കക്കുറവുള്ളവര്‍ക്ക് അവരുടെ മനസ്സിനെ പെട്ടന്ന് ഇങ്ങനെയുള്ള സാഹചര്യങ്ങളില്‍ നിന്നും മാറ്റാന്‍ സാധിക്കാതെ വരുന്നുണ്ട്. ഇങ്ങനെയുള്ള സാഹചര്യങ്ങളില്‍ ഇത്തരം ആളുകള്‍ക്ക് അവരുടെ മനസ്സിനെ പോസിറ്റീവ് ആയ ഒന്നിലേക്കും മാറ്റാന്‍ കഴിയാതെ വരികയും അവരുടെ ചിന്തകളില്‍ നെഗറ്റീവായ കാര്യങ്ങള്‍ മാത്രം നിറയുകയും ചെയ്യും,–ബര്‍മിങ്ങാം സര്‍വകലാശാലയിലെ പ്രൊഫസര്‍ മെരിടിറ്റ് കോള്‍സ് പറയുന്നു.ഈ നെഗറ്റീവ് ചിന്തകളാണ് പലതരത്തിലെ മാനസികപ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നത്.

ഉറക്കക്കുറവ് നമ്മുടെ രോഗപ്രതിരോധ സംവിധാനത്തെ ദുര്‍ബലപ്പെടുത്തും. ഉപദ്രവകാരികളായ ബാക്ടീരിയകളും വൈറസുകളും എളുപ്പത്തില്‍ പിടിപെടാന്‍ അതു കാരണമാകും. രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്താന്‍ ഉറക്കം സഹായിക്കും. അണുബാധകളെ തടയുന്ന ആന്റിബോഡികളെയും കോശങ്ങളെയും സൈറ്റോകൈനുകളെയും രോഗപ്രതിരോധ സംവിധാനം ഉല്‍പ്പാദിപ്പിക്കും. ഉറക്കം ലഭിച്ചില്ലെങ്കില്‍ രോഗം മാറാന്‍ കാലതാമസമെടുക്കും.

ന്മ ഗര്‍ഭധാരണം തടസപ്പെടും

ഉറക്കമില്ലായ്മ പുരുഷന്മാരിലെ പ്രത്യുല്‍പ്പാദനക്ഷമത കുറയ്ക്കും. 2013ല്‍ തെക്കന്‍ ഡെന്‍മാര്‍ക്കില്‍ നടന്ന പഠനമനുസരിച്ച് ആവശ്യത്തിന് ഉറക്കം ലഭിക്കാത്ത പുരുഷന്മാര്‍ക്ക് കൂടുതല്‍ ഉറങ്ങുന്ന പുരുഷന്മാരെ അപേക്ഷിച്ച് ബീജത്തിന്റെ എണ്ണം (Sperm count) നാലിലൊന്നു മാത്രമേ ഉള്ളൂവെന്നു കണ്ടു. സ്ത്രീകളിലും ഉറക്കക്കുറവ് പ്രത്യുല്‍പ്പാദന പ്രശ്‌നങ്ങള്‍ക്ക് കാരണമാകും.

ഉയര്‍ന്ന രക്തസമ്മര്‍ദം

ഉറക്കം ലഭിക്കാത്തവര്‍ക്ക് ഉയര്‍ന്ന രക്തസമ്മര്‍ദത്തിനു സാധ്യത കൂടുതലാണ്. സ്‌ട്രെസ്സ് ഹോര്‍മോണുകളെ നിയന്ത്രിക്കാനും നാഡീവ്യവസ്ഥയെ ആരോഗ്യത്തോടെ നിലനിര്‍ത്താനും ഉറക്കം സഹായിക്കുന്നു.

ശരീരഭാരം കൂടുന്നു

ദിവസം ആറുമണിക്കൂറില്‍ കുറവ് ഉറങ്ങുന്നവര്‍ക്ക് അമിതഭാരം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് പഠനങ്ങള്‍ പറയുന്നു. ഇവയില്‍ വിശപ്പു കുറയ്ക്കുന്ന ഹോര്‍മോണ്‍ ആയ ലെപ്റ്റിന്റെ അളവ് കുറവായിരിക്കും. അതുപോലെ വിശപ്പ് കൂട്ടുന്ന ഹോര്‍മോണ്‍ ആയ ഘ്രെലിന്റെ (ghrelin) അളവ് കൂടുതലാണെന്നും കണ്ടു.

ചര്‍മത്തിന്റെ ആരോഗ്യം

ഉറക്കമില്ലായ്മ ചര്‍മത്തെയും ദോഷകരമായി ബാധിക്കുന്നു. മുഖക്കുരു, ചര്‍മത്തിനു തിളക്കമില്ലായ്മ, പ്രായമാകല്‍ ഇവയുടെ ലക്ഷണങ്ങള്‍ ഉറക്കക്കുറവ് മൂലം ആകാം. ഉറക്കം ആവശ്യത്തിനു ലഭിക്കാഞ്ഞാല്‍ ശരീരം സ്‌ട്രെസ് ഹോര്‍മോണ്‍ ആയ കോര്‍ട്ടിസോള്‍ കൂടുതല്‍ ഉല്‍പ്പാദിപ്പിക്കുകയും ഈ ഹോര്‍മോണിന്റെ അളവ് കൂട്ടുന്നത് സമ്മര്‍ദം കൂട്ടാനും ശരീരത്തിനു വീക്കം ഉണ്ടാകാനും കാരണമാകും.