വീണ്ടും വൻ തിരിച്ചടി ഏറ്റുവാങ്ങി എഎപി; 20 എംഎൽഎമാരുടെ അയോഗ്യരാക്കിയത് രാഷ്ട്രപതി അംഗീകരിച്ചു

single-img
21 January 2018

ന്യൂഡൽഹി∙ ഇരട്ടപ്പദവി വിവാദത്തിൽ 20 എംഎൽഎമാരുടെ യോഗ്യത റദ്ദാക്കിയതിനു പിന്നാലെ ആംആദ്മി പാർട്ടിക്ക് (എഎപി) വീണ്ടും കനത്ത തിരിച്ചടി. എംഎൽഎമാരെ അയോഗ്യരാക്കമണമെന്നു കാണിച്ച് തിരഞ്ഞെടുപ്പു കമ്മിഷൻ രാഷ്ട്രപതിക്കു നൽകിയ ശുപാർശ അദ്ദേഹം അംഗീകരിച്ചു.

രാഷ്ട്രപതി റാം നാഥ് കോവിന്ദ് ഒപ്പിട്ടതോടെ 20 എംഎൽഎമാരും അയോഗ്യരായി. ഇതു സംബന്ധിച്ച വിജ്ഞാപനവും നിയമമന്ത്രാലയം പുറത്തിറക്കി.

ഇതോടെ ആറു മാസത്തിനകം 20 മണ്ഡലങ്ങളിലും തിരഞ്ഞെടുപ്പും നടത്തേണ്ടി വരും. എംഎല്‍എമാരെ അയോഗ്യരാക്കിയ തിരഞ്ഞെടുപ്പ് കമ്മിഷന്‍ നടപടിയില്‍ രാഷ്ട്രപതി റാംനാഥ് കോവിന്ദ് എപ്പോള്‍, എന്തു തീരുമാനമെടുക്കും എന്നതായിരുന്നു എല്ലാവരും ഉറ്റുനോക്കിയിരുന്നത്.

തങ്ങൾക്ക് തിരിച്ചടിയാകുമെന്ന് ഉറപ്പായതിനാലാണ് വാരാന്ത്യ അവധി കഴിഞ്ഞ് സുപ്രീംകോടതി തിങ്കളാഴ്ച കേസ് പരിഗണിക്കും മുന്‍പ് തങ്ങളുടെ ഭാഗം കേൾക്കമെന്ന് രാഷ്ട്രപതിയോട് ആവശ്യപ്പെടാൻ എഎപി തീരുമാനിച്ചത്.

എന്നാൽ വിഷയത്തിൽ നിയമോപദേശം തേടി റാം നാഥ് തീരുമാനമെടുക്കുകയായിരുന്നു. ഇനി സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കാനാണ് എഎപിയുടെ തീരുമാനം.