പാസ്‌പോര്‍ട്ടിലെ പുതിയ മാറ്റം; വിദേശത്ത് മരിച്ച പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനും തിരിച്ചടിയാകും

single-img
21 January 2018

കഴിഞ്ഞ ആഴ്ചയാണ് വിദേശകാര്യമന്ത്രാലയം പാസ്‌പോര്‍ട്ടിന്റെ നിറം മാറ്റാനുള്ള തീരുമാനം പ്രഖ്യാപിച്ചത്. പാസ്‌പോര്‍ട്ട് ഉടമയുടെ മേല്‍വിലാസവും എമിഗ്രേഷന്‍ സ്റ്റാറ്റസും പാസ്‌പോര്‍ട്ടിന്റെ അവസാനപേജില്‍ നിന്ന് ഒഴിവാക്കാനുള്ള പദ്ധതിയും പരിഗണനയിലാണ്.

ഇപ്പോള്‍ പാസ്‌പോര്‍ട്ടില്‍ അവസാന പേജ് പ്രിന്റ് ചെയ്യുന്നില്ല. എമിഗ്രേഷന്‍ ആവശ്യമുള്ള പാസ്‌പോര്‍ട്ടുകള്‍ക്കാണ് ഓറഞ്ച് കളര്‍ നല്‍കാന്‍ ഉദ്ദേശിക്കുന്നത്. എമിഗ്രേഷന്‍ ആവശ്യമില്ലാത്തവര്‍ക്ക് നീല കവര്‍ തുടരുമെന്നും വിദേശകാര്യ മന്ത്രാലയ വാക്താവ് പറഞ്ഞിരുന്നു.

പാസ്‌പോര്‍ട്ട് പരിഷ്‌കരണത്തിനെതിരെ പ്രവാസി സമൂഹം ഒറ്റക്കെട്ടായി രംഗത്തു വന്നിട്ടുണ്ട്. പരിഷ്‌കരണം പൗരന്മാര്‍ക്കിടയില്‍ വേര്‍തിരിവ് സൃഷ്ടിക്കുമെന്നും അവസാന പേജ് ഇല്ലാതാകുന്നത് വിദേശ ഇന്ത്യക്കാരെ, പ്രത്യേകിച്ച് ഗള്‍ഫിലെ പ്രവാസികളെ ഏറെ പ്രതിസന്ധിയിലാക്കുമെന്നും പ്രവാസികള്‍ ചൂണ്ടിക്കാട്ടുന്നു.

അതേസമയം വിദേശത്ത് മരിച്ച പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനെയും ഇത് പ്രതികൂലമായി ബാധിക്കും. സൗദി അടക്കമുള്ള വിദേശരാജ്യങ്ങള്‍ അടുത്ത ബന്ധുക്കള്‍ക്ക് മരിച്ച വ്യക്തിയുമായിട്ടുള്ള ബന്ധം തെളിയിക്കുന്നതിനും മൃതദേഹം നാട്ടിലേക്ക് കൊണ്ടു വരുന്ന പ്രക്രിയയ്ക്കു വേണ്ടിയുള്ള രേഖയായി പാസ്‌പോര്‍ട്ട് നിലവില്‍ ഉപയോഗിക്കുന്നുണ്ട്.

ഇതിനു പുതിയ തീരുമാനത്തോടെ മാറ്റം വരം. ഇതു വഴി മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരുന്നതിനു കാലതാമസമുണ്ടാക്കും. പേജ് നീക്കം ചെയുന്നതോടെ പാസ്‌പോര്‍ട്ടിലെ റസിഡന്‍ഷ്യല്‍ വിലാസവും വ്യക്തിഗത വിശദാംശങ്ങളും പരിശോധിച്ച് മൃതദേഹം നാട്ടിലേക്ക് കൊണ്ടു വരാനായി സാധിക്കാതെ വരും.

അസുഖമുള്ള തൊഴിലാളിയുമായും കുടുംബമായും എളുപ്പത്തില്‍ സാമൂഹിക പ്രവര്‍ത്തകര്‍ക്ക് ബന്ധപ്പെടാന്‍ പാസ്‌പോര്‍ട്ടിലെ അവസാന പേജിലെ വിവരങ്ങള്‍ ആവശ്യമാണ്. രോഗബാധിതരായി മാറുന്ന പ്രവാസികള്‍ക്കും, വിദേശത്ത് മരിച്ച പ്രവാസികളുടെ കുടുംബത്തിനു കമ്പനി സഹായം നല്‍കുന്നതിനു പാസ്‌പോര്‍ട്ടിലെ അവസാന പേജ് നീക്കുന്നത് തടസമാകും.