നാല്‍പ്പത് വയസ്സിനു മുന്‍പേ മുടി നരയ്ക്കുകയോ കഷണ്ടി കയറുകയോ ചെയ്യുന്നുണ്ടോ? എങ്കില്‍ സൂക്ഷിക്കണം

single-img
21 January 2018

നാല്‍പ്പത് വയസ്സിനു മുന്‍പേ മുടി നരയ്ക്കുകയോ കഷണ്ടി കയറുകയോ ചെയ്യുന്നത് സൂക്ഷിക്കണം, അവരില്‍ ഹൃദ്രോഗത്തിനുള്ള സാധ്യത കൂടുതലാണ്. ഗുജറാത്തിലെ അഹമ്മദാബാദിലുള്ള യു എന്‍ മെഹ്ത്ത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കാര്‍ഡിയോളജി ആന്‍ഡ് റിസേര്‍ച്ച് സെന്ററിലെ സച്ചീന്‍ പാട്ടീലിന്റെ നേതൃത്വത്തില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്.

ഇന്ത്യയിലെ ചെറുപ്പക്കാരില്‍ അകാലനരയ്ക്കും കഷണ്ടിക്കുമുള്ള ബന്ധം ഗവേഷകര്‍ പരിശോധിച്ചു. നാല്‍പ്പത് വയസ്സില്‍ താഴെ പ്രായമുള്ളവരുടെ വൈദ്യപരിശോധന നടത്തി. കണ്‍ട്രോള്‍ ഗ്രൂപ്പില്‍പ്പെട്ട 30 ശതമാനം പേരെ അപേക്ഷിച്ച് ഹൃദ്രോഗം ബാധിച്ച 50 ശതമാനം ചെറുപ്പക്കാരില്‍ അകാലനര ബാധിച്ചതായും 49 ശതമാനം പേര്‍ക്ക് ആരോഗ്യമുള്ള 27 ശതമാനം പേരെ അപേക്ഷിച്ച് കഷണ്ടി ബാധിച്ചതായും കണ്ടു.

പ്രായം, ഹൃദയസംബന്ധമായ രോഗങ്ങള്‍ക്കുള്ള സാധ്യതാ ഘടകങ്ങള്‍ ഇവ പരിശോധിച്ചപ്പോള്‍ കഷണ്ടിയുള്ളവര്‍ക്ക് കൊറോണറി ആര്‍ട്ടറി ഡിസീസ് വരാനുള്ള സാധ്യത 5.6 ഇരട്ടിയാണെന്നും കണ്ടെത്തി. അകാലനര ഉണ്ടെങ്കില്‍ ഹൃദയസംബന്ധമായ രോഗങ്ങള്‍ക്കുള്ള സാധ്യത 5.3 ഇരട്ടിയാണെന്നും കണ്ടെത്തി.